ക്രൈസ്തവരുടെ പാപങ്ങള്‍…

ക്രൈസ്തവരുടെ പാപങ്ങള്‍…

2021 ജനുവരി 13 ലെ സത്യദീപത്തില്‍ ഫാ. ലൂക്ക് പൂതൃക്കയില്‍ എഴുതിയ കത്തുവായിച്ചു. ദൈവത്തിന്റെ രണ്ടു നിയമങ്ങളും, യേശുവിന്റെ രണ്ടു കല്‍പനകളും ലംഘിക്കുന്നതാണ് പാപമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മാത്രവുമല്ല ലോകത്തിലെ എല്ലാ പാപങ്ങളും ഇവയില്‍ സംഗ്രഹിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.അതില്‍ ഒരു പാപത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. "പെറ്റു പെരുകി ഭൂമുഖം നിറയണം" എന്നതിനെപ്പറ്റി. ലോകജന സംഖ്യാ വര്‍ദ്ധനവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ കത്തോലിക്കരുടെ ജനസംഖ്യാ വര്‍ദ്ധനയുടെ നിരക്ക് വളരെ പരി മിതമായ തോതിലേ വര്‍ദ്ധിക്കുന്നുള്ളൂ. ലോകത്താകമാനം മുസ്ലിം തീവ്രവാദികളുയര്‍ത്തുന്ന ഭീഷണികള്‍ നേരിടുന്നതിനു മുസ്ലിം ജന സംഖ്യാ വര്‍ദ്ധനവിനനുസരിച്ചു ക്രിസ്ത്യന്‍ ജനസംഖ്യയിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് ഫാ. പൂതൃക്കയിലിന്റെ നിരീക്ഷണങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. എന്നാല്‍ കത്തോലിക്കാ വൈദികരെ സംബന്ധിച്ചിടത്തോളം ഈ പാപത്തിന്റെ പ്രസക്തി എന്താണ്? അതിനുള്ള ഉത്തരം തേടുന്നതിനു മുമ്പ് കത്തോലിക്കാ പുരോഹിതരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ബ്രഹ്മചര്യത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതുണ്ട്.
ആദിമസഭാ പൈതൃകത്തില്‍ വേരൂന്നിയ പൗരസ്ത്യ പാരമ്പര്യമാണ് ഭാരതത്തില്‍ പതിനാറാം നൂറ്റാണ്ടുവരെ നിലവിലിരുന്നത്. കേരളത്തില്‍ വിവാഹിതരായ പുരോഹിതര്‍ ഉണ്ടായിരുന്നു. 1583 ല്‍ അങ്കമാലിയില്‍ കൂടിയ സൂനഹദോസില്‍ പശ്ചാത്യ മിഷനറിമാരുടെ പ്രേരണയാല്‍ മാര്‍ അബ്രാഹം ബ്രഹ്മചര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ബന്ധിതനായി എങ്കിലും അതു നടപ്പായില്ല. 1599 ല്‍ ഗോവ മെത്രാപ്പോലീത്ത വിളിച്ചു കൂട്ടിയ ഉദയംപേരൂര്‍ സൂനഹദോസ് കേരളസഭയില്‍ വൈദിക ബ്രഹ്മചര്യം കര്‍ശനമാക്കി. 1606-ല്‍ റോസ് മെത്രാന്‍ ബ്രഹ്മചര്യനിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിച്ചു. 17-ാം നൂറ്റാണ്ടോടുകൂടി കേരളസഭയില്‍ പാശ്ചാത്യ മേല്‍ക്കോയ്മയുടെ ഫലമായി അതു പ്രാബല്യത്തിലായി (തിരുസഭാ ചരിത്രം പേജ് 383-384. റവ. ഡോ. സേവ്യര്‍ കൂടപ്പുഴ). അതായത് വൈദിക ബ്രഹ്മചര്യം ഭാരതസഭയില്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നു വ്യക്തം. എന്നാല്‍ 1990 ല്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടി റോമില്‍ നിന്നു പ്രസിദ്ധീകരിച്ച പൗരസ്ത്യ കാനോന്‍ നിയമസംഹിതയിലെ കാനോന 373-ല്‍ ഇപ്രകാരം പറയുന്നു, "സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടതും വൈദിക അന്തസ്സിനു യോജിച്ചതുമായ പുരോഹിത ബ്രഹ്മചര്യം സാര്‍വ്വത്രീക സഭാ പാരമ്പര്യത്തിനനുസരിച്ചു എല്ലായിടത്തും വിലമതിക്കപ്പെടണം. അതു പോലെ തന്നെ വിവാഹിതരും പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന ആദിമസഭയിലും പൗരസ്ത്യസഭകളില്‍ എക്കാലത്തും നിലനിന്നു പോരുന്നതുമായ മഹത്തായ പാരമ്പര്യം ആദരവോടെ വിലമതിക്കപ്പെടേണ്ടതാണ്." മേല്‍കാണിച്ച കാനോനയുടെ വെളിച്ചത്തില്‍ ഭാരതസഭയിലെ വൈദിക ബ്രഹ്മചര്യത്തെക്കുറിച്ച് ഒരു പുനര്‍ വിചിന്തനം ആകാവുന്നതല്ലേ?

കെ.എന്‍ ജോര്‍ജ്, തപോവനം, മലപ്പുറം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org