കത്തോലിക്കാ സഭ അനിതര സാധാരണമായ വെല്ലുവളികളെ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ 'കൈ വിട്ടുപോകാവുന്ന' ചില നവമാധ്യമ പ്രസ്താവനകളും പ്രതിഷേധച്ചുവയുള്ള പ്രസംഗങ്ങളും സൃഷ്ടിക്കുന്ന അപകടത്തിലേക്കു വിരല്‍ചൂണ്ടുന്നു സത്യദീപം കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും എഡിറ്റോറിയലും.
ജാതിമതഭേദമെന്യേ ഈ നാടിന്റെ വിദ്യാഭ്യാസപരവും ആരോഗ്യപരവും സാംസ്‌കാരികവുമായ പുരോഗതിക്കുവേണ്ടി നിസ്വാര്‍ത്ഥം യത്‌നിച്ച ഒരു ചരിത്രത്തിന്റെ പിന്‍ ബലമാണു കത്തോലിക്കാ സഭയ്ക്കു കേരളമണ്ണില്‍ സ്വീകാര്യതയും അംഗീകാരവും ഇന്നും ലഭിക്കാന്‍ കാരണം. എന്നാല്‍ അതിനു കോട്ടം തട്ടുന്ന വാക്കും പ്രവൃത്തിയും സമുദായത്തിനുള്ളില്‍നിന്നു തന്നെ ഉയരുന്നത് ആശങ്കാജനകമാണ്.
സമകാലിക പൊതുസമൂഹത്തില്‍ നാം പാര്‍ശ്വവല്ക്കരിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതില്‍ ബിഷപ് ജോസഫ് കരിയിലും പ്രശസ്ത ധ്യാനഗുരു ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും പങ്കുവച്ച ആശങ്കകളെ പൂര്‍ണമായി തള്ളിക്കളയാനാവില്ലെങ്കിലും അതില്‍ അതിശയോക്തിയുടെയും അപര സമുദായ വിദ്വേഷത്തിന്റെയും കനലുകള്‍ എരിഞ്ഞു നില്‍ക്കുന്നതിലാണ് അപകടം പതിയിരിക്കുന്നത്.
ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള എല്ലാ അവകാശവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ വാക്കുകളും വസ്തുതകളും അപരനെ മുറിവേല്പിക്കാത്തതും ക്രൈസ്തവികവുമായിരിക്കണം. അവയ്ക്കു സ്ഥിതിവിവരകണക്കുകളുടെ പിന്തുണയുണ്ടാകണം, അവ വിശ്വാസയോഗ്യമായ ഉറവിടത്തില്‍ നിന്നു മാത്രം വരുകയും വേണം. അല്ലെങ്കില്‍ അവ "ഇല്ലാത്ത വിവാദങ്ങളെ സൃഷ്ടിക്കും ജനസമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും."
ഉത്തരവാദിത്തപ്പെട്ട സഭാനേതൃത്വത്തിന്റെ കൃത്യമായ ഇടപെടലുകളുടെ അഭാവം വിടവു സൃഷ്ടിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനവും സര്‍ക്കാര്‍ തലത്തില്‍ നേരിടുന്ന സാമുദായിക വിവേചനവും യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ. ദുരന്തമുഖങ്ങളിലും പുറത്തും കത്തോലിക്കാ സഭ മുന്‍കൈയെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല.
എന്നാല്‍ ഈ സംഗതികളെ കൃത്യമായും സത്യസന്ധവുമായി രേഖപ്പെടുത്താനും അവ ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉചിതമായ സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായി അവതരിപ്പിക്കാനുമുള്ള സംവിധാനം നമ്മുടെ സഭയിലുണ്ടോ?
ഇല്ലെങ്കില്‍ ആ ജോലി സ്വയം ഏറ്റെടുത്ത് വികലമാ യി ചിത്രീകരിക്കാന്‍ സഭാ സ്‌നേഹിയുടെ കുപ്പായമണിഞ്ഞ് വട്ടായിലച്ചന്മാര്‍ ഇനിയും രംഗത്തിറങ്ങും.
അഭിമാനാര്‍ഹമായ പാരമ്പര്യവും തനതായ വ്യക്തിത്വവുമുള്ള സഭയ്ക്ക് ഏതെങ്കിലുമൊരു ഭരണകൂടത്തോടോ പ്രത്യേക ചായ്‌വോ അകല്‍ച്ചയോ പുലര്‍ത്തേണ്ട കാര്യമില്ല എന്നിരിക്കേ അത്തരം പ്രവണതകള്‍ സഭാദ്ധ്യക്ഷന്മാരുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ സ്വയം കൈകള്‍ കെട്ടപ്പെടുകയാണെന്നോര്‍ക്കുക.
'ക്രിസ്തു തടഞ്ഞ യോഹന്നാനെ സഭയും തടയണം.' അതിന് ആദ്യംവേണ്ടത് അര്‍ഹതയുള്ള ആത്മീയനേതാക്കള്‍ സഭയുടെ തലപ്പത്തുണ്ടാവുക എന്നതാണ്. കത്തോലിക്കര്‍ നേരിടുന്ന അനീതിയോടും അവഗണനയോടും ആക്രമണങ്ങളോടും ശക്തമായി പ്രതികരിക്കാന്‍ ശേഷിയുള്ള ആര്‍ജവത്വവുമുള്ള ഉന്നത വ്യക്തിത്വങ്ങള്‍ തെരഞ്ഞെടുക്കപ്പെടട്ടെ. പക്വതയും തന്റേടവും പരിശുദ്ധാത്മാവിന്റെ ശക്തിയും നിറഞ്ഞ വാക്കുകള്‍ക്ക് ഏതു ഭരണകൂടവും ജനതയും ചെവികൊടുക്കും.
ജോജി സേവ്യര്‍