
ക്രൈസ്തവ സഭകള്‍ക്ക് സ്വന്തമായി രാഷ്ട്രീയമോ, രാഷ്ട്രീയ കക്ഷിയോ ആവശ്യമാണെന്ന് തോന്നുന്നില്ല. കാരണം സഭാംഗങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗങ്ങളായിട്ടുണ്ട് എന്നത് തന്നെ. ക്രൈസ്തവന് ഗുണം ചെയ്യാത്ത അല്ലെങ്കില്‍ എതിരായി കൊണ്ടിരിക്കുന്ന മതേതരത്വത്തിന് പ്രസക്തി ഇല്ല എന്നാണ് സമീപകാലത്തെ ചില സംഭവങ്ങള്‍ തുറന്നു കാണിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ അരമനകളില്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടു അധികാരത്തിലായാല്‍ ക്രൈസ്തവരെ തീര്‍ത്തും അവഗണിക്കുന്ന പ്രതിഭാസമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവരുടെ വോട്ടുകള്‍ ഏതെങ്കിലും മുന്നണിക്കോ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മാത്രം ആണെന്ന ധാരണ തിരുത്തപ്പെടണം. മതാടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നില്‍ സഭയുടെ വാതില്‍ തുറന്നിടണം. അവരെല്ലാവരുമായി നാം ഉറ്റ സൗഹൃദം സ്ഥാപിക്കണം. അപ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ ആശ്രയിക്കാന്‍ കഴിയും. വളരെക്കാലത്തിനു ശേഷം ആദ്യമായാണ് സഭ മുന്നോക്ക വിഭാഗത്തിലെ, പിന്നോക്കക്കാര്‍ക്കുള്ള സംവരണ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. അതിനു ഫലം ഉണ്ടായി എന്നു മാത്രമല്ല എതിര്‍ക്കാന്‍ കൊമ്പു കോര്‍ത്തു വന്നവര്‍ പിന്നോക്കം മറിയുകയും ചെയ്തു. സഭകള്‍ സ്ഥാപനങ്ങളും, സമ്പത്തും കെട്ടിപ്പൊക്കുന്ന കാര്യത്തേക്കാള്‍ ഉപരി, സഭാ മക്കളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, ജീവിതസുരക്ഷയ്ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. അതിനുള്ള സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന കക്ഷികളുമായി സൗഹാര്‍ദ്ദപരവും, അതേ സമയം ശക്തമായ നിലപാടുകളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിയുന്ന രീതിയിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കണം. ക്രൈസ്തവന് അര്‍ഹമായതും, മറ്റു പലരും അനുഭവിക്കുന്നതുമായ എല്ലാം നാം തിരിച്ചു പിടിക്കണം. അതിനു ശക്തമായ രാഷ്ട്രീയ പിന്‍ബലം രൂപപ്പെടുത്തണം. എത്ര കാലമായി നാം ദളിത് െ്രെകസ്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നു. തീര്‍ച്ചയായും സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കാനുള്ള വിവേകപൂര്‍ണവും, ബുദ്ധിപൂര്‍വവുമായ പ്രവര്‍ത്തനമാണ് സഭാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടത്. അങ്ങനെ വരുമ്പോള്‍ ക്രൈസ്തവര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികളില്‍ ജനസംഖ്യാനുപാതികമായി കിട്ടേണ്ടതെല്ലാം നേടിയെടുക്കണം. ഇത്തരം കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു ഇടപെടാന്‍ കഴിയുന്ന അല്മായരുടെ പങ്കാളിത്തവും ഉറപ്പാക്കണം.
പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍