വരുന്നുണ്ട് പെരുന്നാള്‍ സീസണ്‍...

അഡ്വ. ഫിലിപ്പ് പഴേമ്പിള്ളി, പെരുവ
വരുന്നുണ്ട് പെരുന്നാള്‍ സീസണ്‍...

വര്‍ഷങ്ങളായി കൊറോണ നിലയ്ക്കാത്ത ഒരു നാട്ടിലേക്കു ക്രിസ്തീയ പെരുന്നാള്‍ സീസണ്‍ വന്നുകഴിഞ്ഞു. ചില പ്രമുഖ പള്ളികളുടെ പെരുന്നാള്‍ കാര്യപരിപാടികളുടെ നോട്ടീസുകള്‍ കാണാനിടയായി. മിക്കവയും നിരാശപ്പെടുത്തുകയാണ്. അന്ധവിശ്വാസ ജടിലവും കാലഹരണപ്പെട്ടതുമായ പഴയകാല ചടങ്ങുകള്‍ ഈ കൊറോണദിനങ്ങളിലും കടന്നുകൂടിയിരിക്കുന്നു. നീണ്ടു നില്‍ക്കുന്ന ഈ കൊറോണ ദുരന്തം ദൈവം ഭൂമിയിലേക്ക് അയച്ചതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ പുരോഹിതര്‍ക്കോ പെരുന്നാള്‍ നടത്തിപ്പുകാര്‍ക്കോ അശേഷം മനസ്സിലായിട്ടില്ലാത്ത പോലെ!

'ആകാശവിസ്മയം' എന്ന പോലുള്ള പഴഞ്ചന്‍, മണ്ടന്‍ പരിപാടികള്‍ നോട്ടീസുകളില്‍ കാണുന്നു.

ക്രൈസ്തവര്‍ വിവേകത്താല്‍ ഭരിക്കപ്പെടേണ്ട സമയമാണിത്. മാറിയ കാലത്തിനും സാഹചര്യങ്ങള്‍ക്കും നിരക്കുന്ന പുത്തനാശയങ്ങളും ചടങ്ങുകളും ക്രൈസ്തവ ദേവാലയങ്ങളിലേക്ക് കൊണ്ടുവരണം. കലഹരണപ്പെടേണ്ട മലയുന്തും കപ്പലോട്ടവും പിണ്ടി കൂത്തും ശയനപ്രദിക്ഷണവുമൊക്കെ പകരങ്ങള്‍ക്ക് വഴിമാറണം. അര്‍ത്ഥവത്തായി പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും യുവസമൂഹങ്ങളെ പ്രാപ്തരാക്കണം. വൈദികപരിശീലനവും ധ്യാനങ്ങളും പാടേ പൊളിച്ചെഴുതപ്പെടണം. വൃദ്ധവൈദികര്‍ ഭരണം നിറുത്തി, വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉശിരോടേ ജീവിക്കണം.

മെത്രാന്മാര്‍ ചുവരെഴുത്തുകള്‍ സ്വയം വായിച്ചു വഴിമാറണം. അറിവും അനുഭവവും ഉള്ള അല്മായരാല്‍ കൂടി സഭ ഇനി നയിക്കപ്പെടേണം. സഭ ഭരിക്കപ്പെടേണ്ട... ശുശ്രൂഷ മുഖമുദ്രയാക്കണം.

ഗുണപരമായ ഈവിധ മാറ്റങ്ങള്‍ക്ക് പെരുന്നാള്‍ശൈലി മാറ്റം ആരംഭമാകണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org