ചെകുത്താന്‍ വേദം ഓതുന്നു!

ജയിംസ് ഐസക്, കുടമാളൂര്‍
ചെകുത്താന്‍ വേദം ഓതുന്നു!

എല്ലാവര്‍ക്കും സുപരിചിതമായ ഒരു ചൊല്ലാണ് ചെകുത്താന്‍ വേദമോതുന്നു എന്നത്. നിത്യസത്യങ്ങളും വിശുദ്ധ ഗ്രന്ഥവാക്യങ്ങളും അവസരോചിതമായി ഉച്ചരിക്കുന്ന പിശാചുക്കളെ സുവിശേഷങ്ങളില്‍ കാണാം. മര്‍ക്കോസിന്റെ സുവിശേഷം 5-ാം അദ്ധ്യായത്തിലെ 6-ഉം 7-ഉം വാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിശാച് യേശുവിനെ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എന്നു വിളിച്ച് പ്രണമിച്ചതായി മനസ്സിലാക്കാം. മത്തായി 4-ല്‍ മരുഭൂമിയില്‍ ഉപവസിച്ചിരുന്ന യേശുവിനെ സമീപിച്ച പ്രലോഭകന്‍ സങ്കീര്‍ത്തന വാക്യങ്ങളും നിയമാവര്‍ത്തന ഗ്രന്ഥവും ഉദ്ധരിച്ചുകൊണ്ട് കല്ലുകള്‍ അപ്പമാക്കുവാനും, ദേവാലയ ഗോപുരത്തില്‍ നിന്നു ചാടുവാനും ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ നേടുവാന്‍ തന്നെ ആരാധിക്കുവാനും അവന്‍ നിര്‍ബന്ധിച്ചു. യേശു ഓരോ പ്രലോഭനവും വിശുദ്ധ വചനം ഉദ്ധരിച്ചു തന്നെ നിരസിച്ചു.

ഇന്നും സീറോ മലബാര്‍ സഭയില്‍ നാരകീയ ശക്തികളുടെ അതിശക്തമായ പ്രലോഭനവും ഭീഷണിയും വിശ്വാസസമൂഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാഭിമുഖകുര്‍ബാന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അനുസരണക്കേട് എന്ന ഗൗരവമേറിയ തെറ്റാണു ചെയ്യുന്നതെന്ന് ഉന്നതരായ ചിലര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം എന്ന വാക്യമാണ് ഉന്നതര്‍ പ്രയോഗിക്കുന്നത്. ഈ അവസരത്തില്‍ തിരുവചനങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം വിശദമാക്കുവാന്‍ ബൈബിള്‍പണ്ഡിതര്‍ മുന്നോട്ടുവരേണ്ടതാണ്. സാധാരണക്കാരനായ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു. കൂടുതല്‍ അറിവുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

1 സാമുവല്‍ 15-ാം അദ്ധ്യായം 22 മുതല്‍ വാക്യങ്ങള്‍ ഇവയാണ്.

''സാമുവല്‍ പറഞ്ഞു. തന്റെ കല്പന അനുസരിക്കുന്നതോ ദര്‍ശനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനേക്കാള്‍ ഉത്കൃഷ്ഠം. മാത്സര്യം മന്ത്രവാദം പോലെ പാപമാണ്. മര്‍ക്കടമുഷ്ടി വിഗ്രഹാരാധന പോലെയും'' (1 സാമു. 15:22-23) ഇവിടെ ശൗല്‍ രാജാവ് ചെയ്ത അനുസരണേക്കട് എന്താണെന്നു മനസ്സിലാക്കണം. അമലേക്യരെ ഒന്നടങ്കം നശിപ്പിക്കുക. അവര്‍ എല്ലാവരും നശിക്കുന്നതുവരെ അവരോടു പോരാടുക എന്നായിരുന്നു ദൈവത്തിന്റെ കല്പന. അമലേക്യരുടെ രാജാവിനെ കൊന്നു എന്നു ശൗല്‍ സമ്മതിച്ചു. എന്നാല്‍ കവര്‍ച്ച വസ്തുക്കളുടെമേല്‍ ചാടിവീണ് കര്‍ത്താവിന് അനിഷ്ടമായതു ചെയ്തതെന്തിന് എന്നാണു പ്രവാചകന്റെ ചോദ്യം. ശൗല്‍ കൊള്ളമുതലില്‍ നിന്നു ലഭിച്ച ആടുമാടുകളെ കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ കൊണ്ടുവരികയും ചെയ്തു. യോഗ്യമായ രീതിയില്‍ ശൗല്‍ ദൈവകല്പന അനുസരിച്ചില്ല. കല്പനകളില്‍ ചിലത് അനുസരിച്ചുകൊണ്ട് മറ്റു ചിലതു ലംഘിക്കുന്നത് എല്ലാം ലംഘിക്കുന്നതിനു തുല്യമാണ്. യഹൂദചരിത്രത്തില്‍ ഉടനീളം കാണുന്ന നിയമലംഘനം ഇതാണ്. ശത്രുവിനെ കൊല്ലാന്‍ ദൈവം പറഞ്ഞു, കൊന്നു. ബലി അര്‍പ്പണം യോഗ്യമായ രീതിയില്‍ ആയിരിക്കണം എന്ന കല്പന ലംഘിച്ചു. അങ്ങനെ ദൈവത്തിന്റെ മുമ്പാകെ പാപം ചെയ്തു. ശൗല്‍ ഈ പാപം ഏറ്റു പറയുന്നതായി 24-ാം വാക്യം സൂചിപ്പിക്കുന്നു.

സാവൂള്‍ പ്രവാചകന്റെ വാക്കുകള്‍ ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ ഉന്നതരായ ഇടയന്മാര്‍ ലംഘിക്കുന്നതായി ദൈവജനം സംശയിക്കുന്നു. മാത്സര്യം, മര്‍ക്കടമുഷ്ടി എന്നീ തിന്മകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് ആരാണ്?

ലക്ഷക്കണക്കിനു ദൈവജനം ആഗ്രഹിക്കുന്ന ബലി അര്‍പ്പണരീതിയാണ് ജനാഭിമുഖകുര്‍ബാന. ലത്തീന്‍ റീത്തിലെ എല്ലാ ജനവും സീറോ മലബാര്‍ സഭയില്‍ 50 ശതമാനത്തിലേറെയും ആഗ്രഹിക്കുന്ന ഈ അര്‍പ്പണ രീതി 50 വര്‍ഷത്തിലേറെയായി തുടരുന്നു. പകുതി മുന്നോട്ടു തിരിഞ്ഞും പകുതി പുറകോട്ടു തിരിഞ്ഞുമായുള്ള ബലി അര്‍പ്പണത്തിനു പിടിവാശി കാണിക്കുന്നത് ആരാണ്? സിനഡു തീരുമാനം എന്ന പേരില്‍ അടിച്ചേല്പിക്കുന്ന ഈ കല്പന വിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്യങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ''ഞാന്‍ ദേശത്തേക്ക് ഒരു ഇടയനെ അയക്കും. അവന്‍ നശിക്കുന്നവയെ രക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു. കുളമ്പുപോലും പറിച്ചെടുക്കുന്നു. ആട്ടിന്‍പറ്റത്തെ ഉപേക്ഷിച്ചുകളയുന്ന എന്റെ നീചനായ ഇടയനും ദുരിതം! (സഖ. 11:16-17).

സീറോ മലബാര്‍ സഭയിലെ എറണാകു ളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പേര്‍ ഏതു ഇടയനെയാണ് ഇപ്പോള്‍ ബഹി ഷ്‌കരിച്ചിരിക്കുന്നത്? ശേഷം ചിന്ത്യം!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org