വിഭാഗീയത വിനാശം വിതയ്ക്കുന്നു

വിഭാഗീയത വിനാശം വിതയ്ക്കുന്നു
Published on
  • റവ. പ്രൊഫ. മാത്യു വാണിശ്ശേരി

വിഭാഗീയ മനോഭാവം പോരാടാത്ത വേരോടാത്ത മനുഷ്യവ്യാപാരങ്ങള്‍ വിരളമാണ്. മനസ്സിന്റെ സുകൃതഭാവം ഒതുക്കി മറ്റുള്ളവരോട് അരോചകത്വവും അമര്‍ഷവും ആന്തരികമായി വച്ചുപുലര്‍ത്തുന്നതു വിഭാഗീയ ചിന്തയുടെ പൊതുഭാവം. ചിലര്‍ ഇതിനെ വിവേചനം, വര്‍ഗീയത എന്നൊക്കെ വിശേഷിപ്പിക്കുന്നു.

രാഷ്ട്രത്തിലായാലും മതത്തിലായാലും വിഭജിച്ചു നേതൃത്വം പിടിക്കാനുള്ള നെട്ടോട്ടം വിലപനീയമാണ്. വിഭജിച്ചു നശിപ്പിക്കുന്ന പ്രവണത എങ്ങും കാണാം. പാര്‍ട്ടിയുടെ പേരിലും പാരമ്പര്യത്തിന്റെ പേരിലും മതത്തിന്റെ പേരിലും റീത്തിന്റെ പേരിലും ആരാധന സമ്പ്രദായത്തിന്റെ പേരിലും ഭാഷയുടെ പേരിലും വേഷത്തിന്റെ പേരിലുമെല്ലാം ഇതു തുടരുന്നു.

ജാതി-മത-വര്‍ഗ-ഭാഷാ- വിവേചനം ക്രിസ്തീയമല്ല, ഉപനിഷത്തിന്റെ ഉള്‍പ്പൊരുളില്‍ ഇല്ല, ഖുറാന്റെ അന്തഃസത്തയില്‍ കാണുകയില്ല. ഈശ്വരനെ തേടിപ്പോകുന്നവര്‍ക്ക്, ശാശ്വത സത്യം തേടിപ്പോകുന്നവര്‍ക്കു വിഭാഗീയചിന്തയില്‍ സ്ഥാനവുമില്ല. ഭാരതീയാചാര്യ വീക്ഷണം പ്രസക്തമാണ്.

ആകാശാത് പതിതം തോയം

സാഗരം പ്രതിഗഛതി

സര്‍വ്വദേവ നമസ്‌കാരം

കേശവം പ്രതിഗഛതി

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുസ്വാമികളുടെ ഉദ്‌ബോധനം ഈ പശ്ചാത്തലത്തിലാണ്.

ഒരേ മതത്തില്‍ തന്നെ വിഭാഗീയതയും ഒട്ടൊക്കെ അസഹിഷ്ണുതയും അനുഭവപ്പെടുന്നതുപോലെ തോന്നുന്നു. ഈശ്വരനെ തേടുന്നവര്‍ക്ക്, ശാശ്വതസത്യം തേടുന്നവര്‍ക്ക് വിഭാഗീയ ചിന്തയ്ക്കു സ്ഥാനമില്ല. ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ വിശ്വസാഹോദര്യത്തിന്റെ വിശിഷ്ട സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തുമതത്തില്‍ സ്‌നേഹത്തിന്റെ ഉദാത്തശക്തി വികിരണം ചെയ്യുന്ന ക്രിസ്തുമതത്തില്‍ ചിലയിടങ്ങളില്‍ എങ്കിലും വിഭാഗീയതയുടെ വേലിയേറ്റമില്ലേ എന്ന് സംശയിക്കണം. ആരാധനാസമ്പ്രദായം, പൗരാണികത്വം തുടങ്ങിയ സങ്കേതങ്ങളില്‍ തളച്ചിട്ടാല്‍ പുണ്യം പൂത്തുലയുമോ? മതം, ജീവിതശൈലി അല്ലേ? ആരാധനാ സമ്പ്രദായത്തേക്കാള്‍ ആത്മീയ സമ്പ്രദായത്തിനല്ലേ മുന്‍തൂക്കം.

ക്രിസ്ത്യന്‍ സഭയില്‍ വിഭാഗീയതയും വിഭജനവും വളരുന്നതായി തോന്നുന്നു. ആരാധനാരീതിയില്‍ മാത്ര മല്ല, സ്ഥാപനങ്ങളിലേക്കും രൂപതകളിലേക്കും വേര്‍ തിരിവിന്റെ മനോഭാവം കൂന്നുകൂടുന്നില്ലേ? പതിറ്റാണ്ടുകളായി രൂപതകളെയും സന്യസ്തരേയും ഒന്നിപ്പിച്ചിരുന്ന മംഗലപ്പുഴ സെമിനാരി റീത്തിന്റെ പേരില്‍ പകുത്തപ്പോള്‍ സഭയുടെ പൗരോഹിത്യ കൂട്ടായ്മയ്ക്കു കോടാലിവച്ച പ്രതീതി. ആരാധനാബന്ധമായ റീത്തുചിന്തയാല്‍ ബന്ധുരമായ

കത്തോലിക്കാസഭയുടെ ഐക്യത്തെ ക്ഷതപ്പെടുത്തി ക്ഷയിപ്പിച്ചതു കാലം മാപ്പു കൊടുക്കുമോ? ഇന്ത്യയില്‍ ഏതാണ്ട് 2 ശതമാനം വരുന്ന കത്തോലിക്കരുടെ കെട്ടുറപ്പിനെ സഹായിക്കുന്ന വൈദിക കൂട്ടായ്മ തകര്‍ത്തത് നേട്ടമോ കോട്ടമോ? ഭിന്നിപ്പമല്ല; നമുക്കാവശ്യം, ഒന്നിപ്പാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org