
എല്‍സി ചിറമേല്‍, തൊടുപുഴ
'കുടിയേറ്റവും ക്രിസ്മസും' ശ്രീ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് (സത്യദീപം, ലക്കം 22, ജനുവരി 4) എഴുതിയ ആര്‍ട്ടിക്കിള്‍ വായിക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ കേരളത്തില്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കേരളത്തിലെ ജനസംഖ്യയുടെ 21% ക്രൈസ്തവരായിരുന്നു. ഇപ്പോള്‍ 17% ആയി ചുരുങ്ങി. റോമാനഗരം കത്തിയപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് സഭാ മേലധികാരികള്‍, സഭ സമ്പത്തിന്റെ കാര്യത്തില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ല. പക്ഷേ, സഭയുടെ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് നേഴ്‌സിംങ് കോളജുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ജീവിതനിലവാരത്തിന് അനുസരിച്ചുള്ള ശമ്പളമോ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിടുള്ള പൊതു അവധികളോ ചുരുക്കിപ്പറഞ്ഞാല്‍ പി എഫ് പോലും നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ നമ്മുടെ സഭയുടെ കീഴിലുണ്ട്. ഇത് ഇവിടുത്തെ മെത്രാന്മാര്‍ക്കോ കര്‍ദിനാളന്മാര്‍ക്കോ അറിയാമോ? ഇതിനെന്തെങ്കിലും പൊതുവായ നയം നടപ്പിലാക്കിയിട്ടുണ്ടോ?
ഗാര്‍ഹിക സഭയാണ് തിരുസഭയുടെ അടിത്തറ. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമൊത്ത് സമയം ചെലവഴിക്കണമെന്ന് മാര്‍പാപ്പ പറയുന്നു. വൃദ്ധരായ മാതാപിതാക്കളെ ദൈവത്തെപ്പോലെ കരുതി ശുശ്രൂഷിക്കണം. ആഴ്ചയില്‍ ആറു ദിവസം ജോലിക്കു പോവുക. ഞായറാഴ്ച പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കുകൊള്ളുക. സാബത്താചരിക്കുക. ഇതെങ്ങനെ നമ്മുടെ മക്കള്‍ക്ക് സാധിക്കും? അവര്‍ പള്ളിയില്‍ പോയില്ലെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? കുഞ്ഞുങ്ങള്‍ വഴിപിഴച്ച് പോയാല്‍ ആ കുഞ്ഞുങ്ങളെ തെറ്റ് പറയാന്‍ പറ്റുമോ? കുഞ്ഞുങ്ങളുടെ കൂടെ സമയം ചെലവഴിക്കേണ്ട മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും സമയമില്ല. ഇതേക്കുറിച്ച് എന്തെങ്കിലും നമ്മുടെ മേലധികാരികള്‍ക്ക് പറയാനുണ്ടോ? അള്‍ത്താരയില്‍ നിന്ന് പങ്കുവയ്ക്കണം, പങ്കുവയ്ക്കണം എന്ന് പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. സത്യത്തില്‍ സഭയില്‍ പങ്കുവയ്ക്കല്‍ നടക്കുന്നുണ്ടോ? ഗതികെട്ടാണ് നമ്മുടെ കുട്ടികള്‍ അന്യരാജ്യത്തേക്ക് ചേക്കേറുന്നത്.
സഭാമക്കളുടെ ഇങ്ങനെയുള്ള നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്യാന്‍ സഭാ മേലധികാരികള്‍ സിനഡില്‍ സമയം ചെലവഴിക്കുന്നുണ്ടോ? അവര്‍ കുര്‍ബാന എങ്ങോട്ടു തിരിഞ്ഞു നിന്നു ചൊല്ലണം എന്നതിനെച്ചൊല്ലി കടിപിടി കൂടുകയാണ്. ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് ഉണ്ടവന് ഇടം കിട്ടാഞ്ഞിട്ട്. നമ്മുടെ പാരമ്പര്യത്തിലുള്ള ദുരഭിമാനമാണ് ക്രിസ്ത്യാനികള്‍ റിസര്‍വേഷന്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇനി അടുത്ത പാരമ്പര്യമാണ് കല്‍ദായക്രമം. ഒരന്തിച്ചര്‍ച്ചയില്‍ കേട്ടതുപോലെ കല്പന, തിരുമേനി, അരമന എന്ന് പറഞ്ഞ് കുഞ്ഞാടുകളെ വഞ്ചിക്കാതെ ഈ കുര്‍ബാനക്കോലാഹലം ഒന്നവസാനിപ്പിച്ച് മുന്നേറിക്കൂടേ ബഹു. പിതക്കന്മാരേ!
അടിസ്ഥാനപരമായി സഭാമക്കളുടെ നിലവാരം ഉയര്‍ത്താന്‍ സഭയ്ക്ക് എന്തു ചെയ്യാന്‍ പറ്റും എന്നു ചിന്തിക്കാതെ ഒരു മുന്‍മന്ത്രി പറഞ്ഞതുപോലെ 'അതിരൂപത'യായി മാറിയാല്‍ സഭയ്ക്ക് ദീര്‍ഘകാലത്തെ നിലനില്പ് ഉണ്ടാവുകയില്ല. സമ്പത്ത് സ്വരുകൂട്ടി സുഖലോലുപതയില്‍ താമസിക്കുന്ന മേലധികാരികള്‍ ഇതേക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സഭാസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കലല്ല മറിച്ച് സുവിശേഷ പ്രഘോഷണമാണെന്ന് മറക്കാതിരിക്കുക.