വഴങ്ങില്ല എന്ന ധാര്‍ഷ്ട്യം

വഴങ്ങില്ല എന്ന ധാര്‍ഷ്ട്യം
  • സി ഒ പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട

സത്യദീപം (ലക്കം 6, പുസ്തകം 97) ഫെബ്രുവരി 7-ലെ പോള്‍ തേലക്കാട്ടിന്റെ 'വഴങ്ങില്ല എന്ന ധാര്‍ഷ്ട്യം' എന്ന ലേഖനം വായിച്ചു. ലേഖനത്തിലെ 3-ാം ഖണ്ഡികയെ കുറിച്ചാണ് എന്റെ എളിയ അഭിപ്രായം രേഖപ്പെടുത്തുന്നത്. 2023-ന്റെ അവസാനത്തില്‍ സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാം എന്ന് പരിശുദ്ധ പാപ്പ ആവശ്യപ്പെട്ടത് വലിയ എതിര്‍പ്പിന് കാരണമായി. പാപ്പ സ്വവര്‍ഗാനുരാഗവിവാഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നിരിക്കെയും അവരുടെ മനുഷ്യത്വത്തെ അംഗീകരിക്കുന്നു എന്ന ആഹ്വാനത്തെ എന്തിനാണ് ആഫ്രിക്ക, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെത്രാന്മാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പാപ്പയുടെ എഴുത്തും പ്രസ്താവങ്ങളും മനുഷ്യസ്‌നേഹത്തിന്റെ അടിത്തറ കെട്ടുറപ്പുളവാക്കുന്നതാണ്. ആരെതിര്‍ത്താലും അദ്ദേഹം ആരോടും ശാഠ്യം പുലര്‍ത്തുന്നില്ല. മനുഷ്യസ്‌നേഹത്തിന്റെ - ക്രിസ്തീയ സ്‌നേഹത്തിന്റെ - മൂര്‍ത്തീഭാവമാണ് സനേഹമയിയായ പാപ്പ. മേല്‍ക്കാണിച്ച ശാഠ്യങ്ങളിലും മറ്റു പ്രതിസന്ധികളിലും അദ്ദേഹം ആരോടും എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അമ്പതു കൊല്ലമായി നാം തുടര്‍ന്നു കൊണ്ടിരിക്കുന്ന കുര്‍ബാന അര്‍പ്പണ കാര്യങ്ങളില്‍ കാര്‍ക്കശ്യം ആവശ്യമുണ്ടോ എന്ന് ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ലേഖന കര്‍ത്താവ് ചോദിക്കുന്നത് തികച്ചും ശരിയാണ്. നമ്മുടെ സഭയില്‍ ഒരു പ്രതിസന്ധിയുമില്ല. കാര്‍ക്കശ്യം രേഖപ്പെടുത്തേണ്ടത് നമ്മുടെ സഭയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ക്ഷതം ഏല്ക്കുന്നുണ്ടോ എന്ന് പരിശോധനാവിധേയമാക്കണം. അള്‍ത്താരയിലേക്ക് തിരിഞ്ഞുനിന്ന് ബലി അര്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് ജനാഭിമുഖ ദിവ്യബലി അര്‍പ്പണം എന്നതില്‍ ഒരു തര്‍ക്കവുമില്ല. അത് എത്രയോ മഹത്തരം. എത്രയോ ദിവ്യം. കുറേഭാഗം ജനാഭിമുഖം കുറേ ഭാഗം അള്‍ത്താര അഭിമുഖം തിരിഞ്ഞുനിന്ന് ബലി അര്‍പ്പിക്കണം എന്ന പിതാക്കന്മാരുടെ ശാഠ്യത്തിന്റെ ആവശ്യകത ദൈവജനത്തെ ധരിപ്പിക്കേണ്ടത് ആവശ്യമാണ്. അള്‍ത്താരയ്ക്ക് തിരിഞ്ഞുനിന്ന് ബലി അര്‍പ്പിക്കുന്നതിന്റെ ദൈവശാസ്ത്ര വീക്ഷണം, പ്രസക്തി, ജനാഭിമുഖമായി ബലിയര്‍പ്പിക്കുന്നതിന്റെ ദൈവശാസ്ത്രം ഇത്യാദി കാര്യങ്ങളെ സംബന്ധിച്ച് ദൈവജനം അറിയട്ടെ എന്ന് ആശിക്കുന്നു. ദൈവജനം മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ പ്രസക്തി എന്ത് എന്ന് അവര്‍ അറിയട്ടെ. അവര്‍ക്ക് അതിനുള്ള അവകാശം ഉണ്ട് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അര്‍ത്ഥമറിയാതെ മഹാകൂദാശയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളേണ്ട ആവശ്യമുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. മാര്‍പാപ്പയെ കുറ്റംപറഞ്ഞ് പിതാക്കന്മാരും മറ്റും പ്രസക്തമല്ലാത്ത അനുഷ്ഠാനങ്ങളിലേക്ക് ദൈവജനത്തെ നയിക്കല്ലെ എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വളരെ മനോഹരമായ ഒരു ലേഖനം വായനക്കാര്‍ക്ക് നല്കിയ ലേഖനകര്‍ത്താവിന് അഭിനന്ദനങ്ങള്‍. സത്യദീപത്തിനും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org