സീറോ മലബാര്‍ സഭയുടെ അധികാരാതിര്‍ത്തി വികസനം

സീറോ മലബാര്‍ സഭയുടെ അധികാരാതിര്‍ത്തി വികസനം
  • ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

2024 ഏപ്രില്‍ 24 ലെ ദീപിക പത്രത്തില്‍ ബഹു. പ്ലാസിഡച്ചന്റെ സീറോ മലബാര്‍ സഭയ്ക്കു നല്കിയ സേവനത്തെക്കുറിച്ചുള്ള വിവരണം അല്പം അതിശയോക്തിപരവും ഭാഗികമാത്ര ചരിത്രസത്യവുമാണ്. ബഹു. പ്ലാസിഡച്ചന്‍ 1954 മുതല്‍ പൗരസ്ത്യ തിരുസംഘാംഗമായിരുന്നു. അക്കാരണത്താല്‍ സീറോ മലബാര്‍ സഭയുടേതായ എല്ലാക്കാര്യങ്ങളും അറിയുകയും ഇടപെടുകയും ചെയ്തിരിക്കാം. അതുകൊണ്ടു സീറോ മലബാര്‍ സഭയിലെ വളര്‍ച്ചയുടെ സുപ്രധാന സംഭവങ്ങളായ അതിര്‍ത്തി വികസനം, വികസിത പ്രദേശങ്ങളിലെ രൂപതാസ്ഥാപനം മുതലായവ ബഹു. പ്ലാസിഡച്ചന്‍ മൂലമാണ് എന്ന പ്രസ്താവന സത്യവിരുദ്ധമാണ്. അതിര്‍ത്തി വികസനത്തിനു 1952 മുതല്‍ കണ്ടത്തില്‍പ്പിതാവു ശ്രമിച്ചുകൊണ്ടിരുന്നു. 1953-ല്‍ തലശ്ശേരി രൂപത സ്ഥാപിക്കപ്പെട്ടു. 1955-ല്‍ സീറോ മലബാര്‍ സഭയുടെ അതിര്‍ത്തി വികസിപ്പിക്കപ്പെട്ടു, കണ്ടത്തില്‍ പിതാവിന്റെ അതിശക്തമായ ഇടപെടലാണ് അതിനു പ്രേരകമായത്. കര്‍ദിനാള്‍ ടിസ്സറന്റിന്റെ സന്ദര്‍ശനവും സഹായകരമായിട്ടുണ്ട്.

1952 ഡിസംബര്‍ അവസാന ആഴ്ചയില്‍ എറണാകുളത്തു വച്ചു ആഘോഷിക്കപ്പെട്ട മാര്‍ തോമാ ശ്ലീഹായുടേയും സെന്റ് സേവ്യറിന്റേയും പ്രേഷിതപ്രവര്‍ത്തന ശതാബ്ദി ആഘോഷത്തിലേക്കു നിയമിക്കപ്പെട്ട അപ്പസ്‌തോലിക്ക് ഡെലഗേറ്റ് കര്‍ദിനാള്‍ തോമസ് ഗില്‍റോയിക്കു നല്കപ്പെട്ട പേപ്പല്‍ കല്പനയില്‍ സംഭവിച്ച തെറ്റിനെതിരായി കണ്ടത്തില്‍ പിതാവിന്റെ പ്രതിഷേധം മാര്‍പാപ്പയുടെ കല്പന തിരുത്തുവാന്‍ പോലും ശക്തവും ധീരവുമായിരുന്നു. അതേത്തുടര്‍ന്ന് സീറോ മലബാര്‍ സഭയോടുള്ള റോമിന്റെ സമീപനം സഭയുടെ തുടര്‍ന്നുണ്ടായ ചരിത്ര പ്രധാന സംഭവങ്ങളില്‍ കാണാവുന്നതാണ്. കണ്ടത്തില്‍ പിതാവിന്റെ പിന്‍ഗാമി പാറേക്കാട്ടില്‍ പിതാവ് 1962 മുതല്‍ തുടര്‍ച്ചയായി റോമിലായിരുന്ന കാലത്തെ നിരന്തര പരിശ്രമം കോണ്ടാണ് വികസിതപ്രദേശങ്ങളില്‍ ആദ്യം ഛാന്ദാ രൂപതയും തുടര്‍ന്നു 1968 ല്‍ മറ്റു രൂപതകളും സ്ഥാപിക്കപ്പെട്ടതും സന്യാസ സഭകളെ പ്രസ്തുത രൂപതകള്‍ ഏല്പിച്ചതും. പൗരസ്ത്യസഭ തിരുസംഘം സീറോ മലബാര്‍ സഭ കല്‍ദായ സഭയുടെ പുത്രിസഭയാണ് അഥവാ ആകണം എന്ന നിര്‍ബന്ധാശയത്തിലായിരുന്നു. അതനുസരിച്ചു കല്‍ദായ സഭാഭിമുഖ്യമുള്ള വിധം ആരാധനാക്രമ നവീകരണ പ്രക്രിയയില്‍ സഹകരിക്കുവാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ സീറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ സ്ഥിതിയോടു നീതിപുലര്‍ത്തിയിരുന്നെങ്കില്‍ ഇന്നത്തെ നിര്‍ഭാഗ്യാവസ്ഥ ഉണ്ടാകുമായിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org