സഭയില്‍ ആദ്ധ്യാത്മികതയാണാവശ്യം

സഭയില്‍ ആദ്ധ്യാത്മികതയാണാവശ്യം
Published on
  • എം ജെ തോമസ് എസ് ജെ

മനുഷ്യന് ഒട്ടേറെ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതൊക്കെ ബുദ്ധിയുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിലായിരിക്കണം. ഇതിന് മാതൃക യേശുതന്നെ. യേശു ഒരു പൂര്‍ണ്ണ യഹൂദനായിരുന്നു. യഹൂദര്‍ ഏക ദൈവവിശ്വാസികളാണ്. അവര്‍ക്ക് ദൈവം യഹോവയാണ്. യഹോവ പ്രധാനമായും പടനായകനാണ്, 'സൈന്യങ്ങളുടെ കര്‍ത്താവ്. തികച്ചും വ്യത്യസ്തമായി യേശു ദൈവത്തെ കാണുന്നത് അബ്ബാ ആയിട്ടാണ്. തന്നെയും മറ്റുള്ളവരെയും ആഴത്തില്‍ സ്‌നേഹിക്കുന്ന പിതാവും മാതാവുമായി. എല്ലാവരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. അതുകൊണ്ട് എല്ലാവരും സഹോദരീ സഹോദരന്മാര്‍, കുടുംബാംഗങ്ങള്‍. യഹൂദര്‍ക്കുണ്ടായിരുന്ന നൂറുകണക്കിനു കല്പനകള്‍ യേശു നിരുപാധികസ്‌നേഹമെന്ന ഒരേ ഒരു കല്പനയിലേക്കൊതുക്കി.

യേശുവിനെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും ആദരിക്കുകയും അനുകരിക്കുകയും ചെയ്യുന്നവരായിരിക്കണം ക്രിസ്ത്യാനികള്‍. തന്റെ മാമ്മോദീസാസമയത്ത് താന്‍ ദൈവപുത്രനാണെന്ന് യേശു അനുഭവിച്ചറിഞ്ഞു. തന്നില്‍ നിന്നു പിതാവായ ദൈവം എന്ത് പ്രതീക്ഷിക്കുന്നു, എന്താണ് താന്‍ ചെയ്യേണ്ടത് എന്നൊക്കെ മനസ്സിലാക്കാനാണ് യേശു മരുഭൂമിയിലേക്കു പോകുന്നത്. ഗദ്‌സമെനിയിലും ഇതുതന്നെ. പിതാവിന്റെ ഇഷ്ടം മനസ്സിലാക്കാനും സ്വീകരിക്കാനും രക്തം വിയര്‍ക്കേണ്ടി വന്നിട്ടും.

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ക്രിസ്തുവിന്റെ പാതയാണ് ക്രിസ്ത്യാനികള്‍ സ്വീകരിക്കേണ്ടത്. തന്നില്‍ നിന്ന് എന്താണ് ദൈവം പ്രതീക്ഷിക്കുന്നത്, ഏതാണ് ഏറ്റവും ഉചിതമെന്ന് ഓരോരുത്തരും കണ്ടുപിടിക്കണം. വ്യക്തിയുടെ കാര്യത്തിലും സമൂഹത്തിന്റെ കാര്യത്തിലും ഇതുതന്നെ. ഇതിന് ഏറ്റവും ആവശ്യം ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്യാനുള്ള സമര്‍പ്പണമാണ് (ഒന്നാം കല്പനയുടെ സാരവും ഇതുതന്നെ). സ്വാര്‍ത്ഥതയില്‍ നിന്നും എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും മോചിതരായി, ആന്തരിക സ്വാതന്ത്ര്യം ഉള്ളവര്‍ക്കേ ഇത് സാധിക്കൂ. 'അങ്ങയുടെ (എന്റെയല്ല) രാജ്യം വരണമേ, 'അങ്ങയുടെ (എന്റെയല്ല) ഇഷ്ടം നടക്കട്ടേ' എന്ന് പറയാനാകൂ.

പൊതുക്കാര്യത്തെപ്പറ്റിയാണ് തീരുമാനമെടുക്കേണ്ടതെങ്കില്‍ (synod) മേല്‍പറഞ്ഞ വ്യവസ്ഥകള്‍ക്കപ്പുറം മറ്റു പല ഗുണങ്ങളും അതായത്, കൂട്ടായ്മയിലെ ഓരോരുത്തരോടും സ്‌നേഹവും ആദരവും വേണം. എല്ലാവരും തുല്യരാണെന്നും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്നും ഓര്‍ക്കണം. ഓരോരുത്തരുമായി ദൈവം നേരിട്ടു സംവദിക്കുന്നുവെന്നും അതിനാല്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കുവാനുള്ള അവസരം നല്കണം. ആദരവോടെ കേള്‍ക്കപ്പെടണം. മുന്‍കൂട്ടിയെടുത്ത തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. സഭയെപ്പറ്റിയുള്ള കാഴ്ചപ്പാടും പ്രധാനമാണ്. ദൈവജനമാണ് സഭ. സഭ എന്റേതാണെന്ന് ഓരോരുത്തര്‍ക്കും തോന്നണം. സഭ ഹയരാര്‍ക്കിയുടെതാണ്, വൈദികരുടെയും മെത്രാന്മാരുടെതുമാണെന്നുള്ള ചിന്ത കാലഹരണപ്പെട്ടു. സഭാംഗങ്ങള്‍ തുല്യരാണ്, വ്യത്യസ്ത ഉത്തരവാദിത്വത്തോടെ എല്ലാവരും സഹോദരീ സഹോദരന്മാരും, അപരനുവേണ്ടി ദാസ്യവേല ചെയ്യാന്‍ മാത്രം സ്‌നേഹമുള്ളവരും ആകേണ്ടതാണ്.

പരസ്പര സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും അന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം (unanimous) ഉരുത്തിരിയും. അന്തിമതീരുമാനം കൂട്ടായ്മയുടേതാണ്. ഭൂരിപക്ഷത്തിന്റേതല്ല. ഇവിടെ തോല്‍വിയുടെയും വിജയത്തിന്റെയും പ്രശ്‌നമില്ല. എല്ലാവര്‍ക്കുമുണ്ടാകുന്ന സന്തോഷവും ഉത്സാഹവും നല്ല തീരുമാനത്തിന്റെ ലക്ഷണമാണ്.

കുറേമുമ്പ് മെത്രാന്മാരുടെ ഒരു സിനഡ് മെത്രാന്മാര്‍ക്ക് അത്യാവശ്യമായ രണ്ടു ഗുണങ്ങള്‍ ചൂണ്ടിക്കാട്ടി. ആദ്ധ്യാത്മികതയും ദരിദ്രരുടെ കൂടെയുള്ള സഹവാസവുമാണത്. ഇത് എല്ലാവര്‍ക്കും ആവശ്യമാണ്, പ്രത്യേകിച്ചും അധികാരസ്ഥാനത്തുള്ളവര്‍ക്ക്.

എന്താണ് ആദ്ധ്യാത്മികത? ചുരുക്കിപ്പറഞ്ഞാല്‍, ദൈവഹിതം മാത്രമേ ചെയ്യൂ എന്നുള്ള പൂര്‍ണ്ണ സമര്‍പ്പണമാണത്. നിരുപാധിക സഹോദര സ്‌നേഹവും ആദരവും പങ്കുവയ്ക്കലുമാണ് ആദ്ധ്യാത്മികത. 'എനിക്കുള്ളതെല്ലാം നിന്റേത്' എന്ന മനോഭാവമാണ് ആദ്ധ്യാത്മികത. ആദ്ധ്യാത്മികത ജീവിതത്തില്‍ ഓരോ വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കപ്പെടും.

പ്രശ്‌നങ്ങള്‍ക്കുത്തരവും ആദ്ധ്യാത്മികതയിലുള്ള വളര്‍ച്ചയാണ്. ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും ഭക്തകൃത്യങ്ങളും പോരാ. യേശുവിനെ ഇനിയും കൂടുതല്‍ അടുത്തറിയണം, യേശുവിനെ ആദരിക്കണം, ആത്മാര്‍ത്ഥമായി അനുകരിക്കണം. 'എന്റെ ആടുകളെ മേയ്ക്കുക' എന്ന കല്പന അധികാരികള്‍ പ്രത്യേകിച്ചും കാര്യമായെടുക്കണം. ധാര്‍ഷ്ഠ്യവും, അഹങ്കാരവും, അടിച്ചേല്പിക്കലും വിജയിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org