

കെ എസ് ജോസ്, കാഞ്ഞൂര്‍
2025 നവംബര്‍ 12-ലെ സത്യദീപത്തില്‍ വന്ന ഡോ. ആന്റണി ജോസ് കല്ലൂക്കാരന്‍ എഴുതിയ, 'കേരള സഭയില്‍ ദരിദ്രര്‍ക്ക് ഇടമുണ്ടോ?' എന്ന ലേഖനത്തിനുള്ള മറുപടിയാണ് ഈ കത്ത്. തീര്‍ച്ചയായും ഇടമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍; പക്ഷെ, ആ ഇടങ്ങള്‍ക്കു തടസ്സം ആരെന്നറിയാന്‍ ഒരു പുരോഹിതന്‍ തന്നെ ഇത്തരത്തില്‍ ചിന്തിക്കുന്നു എന്നത് ചോദ്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
എന്താണ് ഇന്നത്തെ കേരള സഭ? കോടാനുകോടി വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തിന്റെ അധിപന്മാരും നടത്തിപ്പുകാരും മാത്രമായോ അവര്‍? വിപരീതദിശയില്‍ സഞ്ചരിക്കുന്ന നേതൃനിരയുടെ കീഴില്‍പ്പെട്ടുപോയ ഒരു പറ്റം വിശ്വാസികളോ അവര്‍?
കാടടച്ച് വെടിവയ്ക്കുകയല്ല. ഇതു തിരിച്ചറിയണമെങ്കില്‍, അതിരൂപത തിരിച്ച്, ക്രിസ്തീയ കുടുംബങ്ങളെപ്പറ്റി ഒരു സര്‍വെ നടത്തിയാല്‍ മതിയാകും. അഭിവന്ദ്യ ആന്റണി പടിയറ എറണാകുളം അതിരൂപത ശ്രേഷ്ഠ പുരോഹിതന്‍ ആയിരിക്കുന്ന സമയത്ത്, അതിനൊരു ശ്രമം നടത്തി പരാജയപ്പെട്ടു പോയ വ്യക്തികൂടിയാണ്.
കുടുംബങ്ങളുടെ സാമൂഹികവും ആത്മീയവുമായ യഥാര്‍ഥ അവസ്ഥ അറിയുന്നതിന് സര്‍വേ ഉപകാരപ്പെടും. അധികാരികള്‍ക്ക് തങ്ങളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നതിനും അതുപകാരപ്പെടുത്താവുന്നതാണ്.