ശിഥിലമാകുന്ന സീറോ മലബാര്‍ സഭയുടെ ഭാവിയും ആരാധനക്രമവും: ഒരു സാമൂഹികശാസ്ത്രപരിപ്രേക്ഷ്യം

ഫെമി മാത്യു പാംപ്ലാനി, ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്, കണ്ടനാട്
ശിഥിലമാകുന്ന സീറോ മലബാര്‍ സഭയുടെ ഭാവിയും ആരാധനക്രമവും: ഒരു സാമൂഹികശാസ്ത്രപരിപ്രേക്ഷ്യം

സീറോ മലബാര്‍ സഭയുടെ ചരിത്രം മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്ന് ആരംഭിച്ച് മുന്നോട്ടു നീങ്ങുന്ന സമഗ്രമായ ചലനാത്മകമായ പൈതൃകമാണ്. ആ സമഗ്രത പല സ്രോതസ്സുകളില്‍നിന്ന് വര്‍ഷങ്ങളായി നാം ആര്‍ജ്ജിച്ചതാണ്. അത് ഏകാത്മകമല്ല. പിന്നെയോ ബഹുമുഖമാണ്. ആദ്യകാലത്ത് ഭാരതീയവും, പിന്നീട് കല്‍ദായ പൈതൃകങ്ങളും ലത്തീന്‍, പോര്‍ച്ചുഗീസ് മധ്യപൂര്‍വ്വേഷ്യന്‍ സ്വാധീനങ്ങളുമൊക്കെ നമുക്കു കാണാം. അങ്ങനെ വളര്‍ന്നു വന്ന ഒരു സഭയുടെ ചൈതന്യമാണ് ഇന്നത്തെ തലമുറ മനസ്സിലാക്കുന്നതും ഉള്‍ക്കൊള്ളുന്നതും. ഏകമായ ഒരു സാംസ്‌കാരിക ബോധം ഒരു സാംസ്‌കാരിക പരിസരം സീറോ മലബാര്‍ സഭയ്ക്ക് ഇല്ല എന്നതാണ് സത്യം. അപ്രകാരമുള്ള ഒരു സാംസ്‌കാരിക ബോധത്തെ സാംസ്‌കാരിക സമുച്ചയം (cultural complex) എന്ന് സാമൂഹിക ശാസ്ത്രത്തില്‍ പറയും. അത് ഏകമാണ് എന്നു പറയുന്നത് കടുത്ത അനീതിയും ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസവുമാണ്. ഈ വിരോധാഭാസമാണ് ഇന്ന് സീറോ മലബാര്‍ സഭയില്‍ യുവതലമുറ, ദര്‍ശിക്കുന്നത്.

ജോണ്‍ 23-ാം മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ ആരാധനക്രമത്തെ ജനാധിപത്യ വല്‍ക്കരിച്ച ഒന്നാണ്. ദിവ്യബലി ''കാണുന്ന'' ജനത്തില്‍ നിന്ന് ദിവ്യബലി ''പങ്കുചേരുന്ന'' ജനമായി നമ്മളെ മാറ്റിയതില്‍ നിര്‍ണ്ണായക പങ്കുള്ളത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനാണ്. ജനങ്ങള്‍ക്ക് അവരുടെ തദ്ദേശീയ ഭാഷയില്‍ ബലിയര്‍പ്പണം സാധ്യമായി എന്നതാണ് ഭാരതസഭയെ സംബന്ധിച്ച ഏറ്റവും പ്രധാനെപ്പട്ട ഒരു അനന്തരഫലം. ഒരു മ്യൂസിയം പീസ് ആയിരുന്ന സഭയെ പുതിയ കാലഘട്ടത്തിനനുസൃതമായി അതിന്റെ രൂപഭാവത്തില്‍ പരിവര്‍ത്തനം വരുത്തി, പുതിയ കാലത്തിനോട് സംഭാഷണം ചെയ്യുന്ന ഒരു ജൈവിക സ്ഥാപനമായി ഉടച്ചുവാര്‍ത്തു.

സുറിയാനി ബലി എന്നത് കേവലം ഒരു കര്‍ത്തവ്യ നിര്‍വ്വ ഹണം മാത്രമായിരുന്നു ഭൂരിഭാഗം വിശ്വാസികള്‍ക്കും. പ്രാദേശിക ഭാഷയിലുള്ള, ജനാഭിമുഖമായ ബലിയാണ് ഒരു ആധുനികകാലഘട്ടത്തില്‍ ഉചിതമെന്ന നിലപാട് ആഗോള കത്തോലിക്കാ സഭയില്‍ ഉണ്ടായതിന്റെ ആകത്തുകയായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍.

പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായ റോമിന്റെ ബിഷപ്പായ, ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നത് പൗരസ്ത്യ സഭകളെയും ഇത്തരത്തിലുള്ള ചിന്തകളിലേക്കും, സംവാദങ്ങളിലേക്കും തിരിച്ചു. സീറോ മലബര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു തുടങ്ങുന്നത് ഈ സാഹചര്യത്തിലാണ്. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ്ണമായ മലയാളം കുര്‍ബാനയിലേക്ക്, ജനങ്ങള്‍ക്ക് അഭിമുഖമായി നാം ബലിയര്‍പ്പണം ആരംഭിച്ചു. പിന്നീട് കാലാകാലങ്ങളില്‍ ഈ കൗണ്‍സിലിന്റെ ചൈതന്യത്തെ സ്വാംശീകരിച്ചു കൊണ്ട് നാം നമ്മുടെ 'തക്‌സ'' പരിഷഷ്‌ക്കരിക്കുവാനും, 2-3 മണിക്കൂറുകള്‍ നീണ്ടബലി കുറച്ച് 1.15 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുവാനുള്ള നടപടിയും സ്വീകരിച്ചു. സജീവതയുള്ള ജൈവികതയുള്ള ബലിയായി നമ്മുടെ ബലി മാറി.

80-കളും 90-കളും കടന്ന് ലോകം ആഗോള വല്‍ക്കരണത്തിന്റെയും, ഉത്തരാധുനികതയുടെയും സ്വാധീനത്തില്‍ മുന്നോട്ടു വന്നു. ക്രിസ്തുമതം ഒരു പ്രധാന ആശയവും, മതവുമായി നില്ക്കുമ്പോഴും അതിന്റെ ശക്തി ക്ഷയിക്കുന്നതു നമുക്കു കാണാം. 90 കളില്‍ ജനിച്ച, 2000-ങ്ങളില്‍ വളര്‍ന്ന ഒരു തലമുറ യുക്തിക്കും, ക്രിയാത്മകതയ്ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറ ആണെന്നത് ഇതേ കാലഘട്ടത്തില്‍ ജനിച്ച വ്യക്തിയെന്ന നിലയില്‍ എനിക്ക് അടിവരയിട്ടു പറയാവുന്ന ഒന്നാണ്. കാര്യങ്ങളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുവാനും, ചോദ്യങ്ങള്‍ ചോദിക്കുവാനും, പ്രത്യുത്തരിക്കുവാനും ശേഷിയുള്ള ഒരു തലമുറയാണ് ഇന്നത്തെ യുവജനത. കേവലം ആചാരമാണ് എന്നതുകൊണ്ട് ഒന്നിനെയും അംഗീകരിക്കുവാന്‍ അവര്‍ തയ്യാറല്ല. മറിച്ച് യുക്തിയും, ബോധ്യങ്ങളുമാണ് അവരെ നയിക്കുന്നത്. ക്രിസ്തീയ സഭ ഈ തലമുറയെ ഉള്‍ക്കൊള്ളുവാന്‍ പാകത്തിന് നവീകരിക്കപ്പെട്ടില്ല എന്നതിന് ഏറ്റവും നല്ല തെളിവ് വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്യാഗമാണ്. കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ അയര്‍ലന്റില്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒട്ടാകെ ഈ കൊഴിഞ്ഞുപോക്ക് വ്യക്തമാണ്. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുള്ള ഒരു വിശ്വാസ യാത്രയല്ലാതെ മറ്റൊരു ഒറ്റമൂലിയും ഇതിനില്ല എന്ന യാഥാര്‍ത്ഥ്യം യാഥാസ്ഥിതികരായ സഭാദ്ധ്യക്ഷന്മാരും, അവരുടെ സ്തുതിപാടകരും മനസ്സിലാക്കേണ്ടതുണ്ട്.

പുതിയ തലമുറയെ ക്രിയാത്മകമായി ഉള്‍പ്പെടുത്താതെ, അവരെ കേള്‍ക്കാതെ, വൈവിദ്ധ്യത്തെ ഉള്‍ക്കൊള്ളാെത, എതിരഭിപ്രായങ്ങളെ വാദിച്ചു പരാജയപ്പെടുത്തി സര്‍വ്വജ്ഞപീഠം കയറുന്ന സിനഡല്‍ താര്‍ക്കീകത ഹിംസാത്മകമാണ്.

ലോകത്തെ മുഴുവന്‍ തര്‍ക്കിച്ചു തോല്പിക്കുന്ന സംയുക്ത വിജയങ്ങള്‍ നല്കുന്ന ലഹരിയില്‍ സ്വയം മറന്നുപോകുന്ന ഒരു നേതൃനിരയല്ല ഇന്നു സഭയ്ക്ക് ആവശ്യം. സംവാദം ആണ് ആഘോഷിക്കപ്പെടേണ്ട വിനിമയ രീതി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ''ഡയലോഗ്'' എന്ന ആശയത്തെ ആധാരമാക്കിക്കൊണ്ട് അതിന്റെ പ്രമേയങ്ങള്‍ അവതരിപ്പിച്ചച്ചതിന്റെ കാരണവും മറ്റൊന്നുമല്ല. ഏകാധിപതിയായ ദൈവം വിധിക്കുന്നു. കരുതലുള്ള ദൈവം സംവദിക്കുന്നു.

ബുദ്ധമതവും, ജൈനമതവും, ലോകത്തിലെ മറ്റു പൗരാണിക മതങ്ങളും നാഗരികതകളും തകര്‍ന്നുപോയതു പോലെ ക്രൈസ്തവ പാരമ്പര്യം നാമാവശേഷമാകാതിരിക്കണമെങ്കില്‍ കാലത്തിനനുസരിച്ചുള്ള പരിവര്‍ത്തനം ആവശ്യമാണ്. നാം ജീവിക്കുന്ന ഉത്തരാധുനിക കാലം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍ ഉതകുന്ന രീതിയിലാകണം ആരാധനക്രമം. വ്യക്തിയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതെ അകലങ്ങളില്‍ നടക്കുന്ന ഒരു നാടകമായി മാത്രം ബലി അവശേഷിക്കുന്ന സാഹചര്യമുണ്ടായാല്‍ സഭ തന്നെ കാലക്രമത്തില്‍ കുറ്റിയറ്റു പോകുകയും യുവതലമുറ ദേവാലയങ്ങളില്‍ നിന്ന് അകലുകയും ചെയ്യും.

ഇരുപതാം നൂറ്റാണ്ടിലെ വലിയ ചിന്തകനായ 'ബഖ്തിന്‍' അടഞ്ഞ ഒരു മുറിയില്‍, ഒരു മേശയ്ക്കിരുപ്പുറത്തുമായി മുഖാമുഖം ഇരിക്കുന്ന രണ്ടുപേരുടെ കാഴ്ചയിലെ സംവാദാത്മകത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ ഒരാള്‍ മറ്റൊരാളെ കാണുക മാത്രമല്ല ചെയ്യുന്നത്, മറിച്ച്, അയാളിലൂടെ സ്വയം കാണുന്നുമുണ്ട്. ഏറ്റവും പ്രാഥമികമായ കാഴ്ചപോലും ഇത്തരത്തില്‍ സംവാദാത്മകമാണ്. ദിവ്യബലിയില്‍ കാര്‍മ്മികനെ കാണുന്ന ജനവും, ജനത്തെ കാണുന്ന കാര്‍മ്മികനും ഒരര്‍ത്ഥത്തില്‍ ദൈവത്തെയാണു കാണുന്നത്. ''അഹം ബ്രഹ്മാസ്മി'' എന്ന ഭാരതീയ ദര്‍ശനവും, ഒരു മേഖലയ്ക്കു ചുറ്റും ശിഷ്യര്‍ക്ക് ഒപ്പമിരുന്ന് അന്ത്യത്താഴം ഭക്ഷിച്ച യേശുവും ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒന്നാണ്. ഈ ആശയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാനും, അതിലേക്കു വളരുവാനും പുതിയ കാലഘട്ടത്തില്‍ സീറോ മലബാര്‍ സഭയ്ക്കു സാധിച്ചില്ലെങ്കില്‍ അതൊരു സാമൂഹ്യദുരന്തത്തില്‍ കുറഞ്ഞൊന്നുമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org