സിനഡ് കുര്‍ബാനയും അര്‍ത്ഥശൂന്യമായ ചര്‍ച്ചകളും

സിനഡ് കുര്‍ബാനയും അര്‍ത്ഥശൂന്യമായ ചര്‍ച്ചകളും

ഫാ. ജോസ് പാലത്തിങ്കല്‍

കേരളം മുഴുവനും കൂടാതെ കേരളീയരായ കത്തോലിക്കര്‍ ഉള്ളിടത്ത് എല്ലായിടത്തും സംസാരവിഷയമാണ് സീറോ-മലബാര്‍ കുര്‍ബാനയുടെ ഇപ്പോഴത്തെ സ്ഥിതി. ആദ്യമായി അവര്‍ പറയുന്നത് 'നമുക്ക് പൊതുവേ നാണക്കേടാണ്; എന്തുകൊണ്ട് മെത്രാന്മാര്‍ ഇത് മനസ്സിലാക്കുന്നില്ല; എന്തിനാണ് ഒരു അര്‍ത്ഥവുമില്ലാത്ത ധാര്‍ഷ്ട്യം' എന്നൊക്കെയാണ്. വേറെ ചിലര്‍ക്കുള്ള സംശയങ്ങള്‍ രണ്ടു വര്‍ഷം മുമ്പു വരെ ഇവിടെ കുര്‍ബാന അര്‍പ്പിച്ച മെത്രാന്മാരും വൈദികരും ജനാഭിമുഖം ആയിട്ടാണല്ലോ കുര്‍ബാന ചൊല്ലിയത്; അന്നൊക്കെ എല്ലാവരുമായി എത്ര നല്ല സ്‌നേഹമായിരുന്നു, ഐക്യമായിരുന്നു, ഭക്തിയായിരുന്നു...' എന്നൊക്കെ. ഇനിയും ചിലര്‍ കുറച്ചു രൂപതകളില്‍ ദൈവജനത്തെ നോക്കാതെയും മറ്റു രൂപതകളില്‍ ജനാഭിമുഖമായും ആയിരുന്നല്ലോ കുര്‍ബാന ചൊല്ലിയിരുന്നത്? എന്നാലും സീറോ മലബാര്‍ എന്ന നിലയില്‍ നല്ല ഐക്യവും പിതാക്കന്മാരോട് നല്ല സ്‌നേഹവും ബഹുമാനവും ഒക്കെ ആയിരുന്നല്ലോ. ഇപ്പോള്‍ ഐക്യവും ഇല്ല. അത് തന്നെയല്ല ശത്രുക്കളെ കാണുന്നതുപോലെയാണ് തമ്മില്‍ തമ്മില്‍ ഇടപെടുന്നതും.

ഒരു കാര്യം ഞാന്‍ കേട്ടതും എനിക്ക് മനസ്സിലായതും വിവരിക്കാം. ആദ്യമായി എറണാകുളം-അങ്കമാലി രൂപതയിലെ ഒരു ഡസനോളം വൈദികരും ഓരോ ഇടവകയിലും ഏകദേശം ഒരു ഡസനോളം അല്മായരും ആണ് ഏകീകൃത കുര്‍ബാന വേണമെന്ന് ശഠിക്കുന്നത്. അല്ലാതെ മുകളില്‍ ഇരിക്കുന്നവര്‍ പ്രഘോഷിക്കുന്നതുപോലെ ചെറിയ ശതമാനം മാത്രമാണ് ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെടുന്നത് എന്നുള്ളത് തെറ്റായ ധാരണയാണ്. ഈ രൂപതയിലെ 400 ലധികം രൂപത വൈദികരും അനേകം സന്യാസ വൈദികരും 95% വിശ്വാസികളും ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെടുന്നവരാണ്. രസകരമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്താം. സിനഡ് കുര്‍ബാനയ്ക്കായി മുറവിളി കൂട്ടുന്നതില്‍ കൂടുതല്‍ പേരും ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കാത്തവരും, ഇടവകയില്‍ അധികാരം ലഭിക്കാത്തവരും, എത്താന്‍ കൊതിച്ചിട്ട് അത് ലഭിക്കാത്തവരും, കുടുംബ / വിവാഹ പ്രശ്‌നം ഉള്ളവരും, വികാരിയച്ചന്മാരുമായി പല കാരണങ്ങളാല്‍ തെറ്റിപ്പിരിഞ്ഞവരും ആണ്. ഇവര്‍ക്ക് ദേവാലയത്തില്‍ വഴക്കുണ്ടാക്കാനും വസ്തുക്കള്‍ നശിപ്പിക്കുന്നവരും ആണ്. ഇവര്‍ക്ക് ഉന്നതന്മാരില്‍ നിന്ന് ധനസഹായം കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുപോലെ ഏതെങ്കിലും അധികാര സ്ഥാനത്ത് എത്താമല്ലോ എന്ന് വിചാരിക്കുന്ന ചില വൈദികരാണ് 90% ഇടവകക്കാരുടെ ആഗ്രഹപ്രകാരം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാതെ മറ്റു രീതിയില്‍ ചെയ്യുന്നത്. ഇവരില്‍ ചിലരുടെ വൈദിക ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ സരളമായി പരിഹരിക്കാന്‍ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് വാഗ്ദാനവും കിട്ടിയിട്ടുണ്ടാകാം. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ ഏതു പൊലീസ് കേസും കോടതി കേസുകളും തള്ളിപ്പോകും. ഈ ചുരുക്കം വൈദികര്‍ ആത്മപരിശോധന ചെയ്യുന്നത് നല്ലതാണ്. ഏതു ദൈവശാസ്ത്രത്തിന്റെയോ ഈശോയുടെ പഠിപ്പീരിന്റെയോ ധാര്‍മ്മികതയുടെ ബലത്തിലാണ് അതിരൂപതയോട് ചേര്‍ന്ന് നില്‍ക്കാത്തത് എന്ന്.

സിനഡ് കുര്‍ബാന അടിച്ചേല്‍പ്പിക്കുവാനായി പുതിയ ദൈവശാസ്ത്ര പഠനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് പലരും. സിനഡ് കുര്‍ബാന പക്ഷക്കാരായ പലരോടും ഞാന്‍ ചോദിച്ചു, ദൈവജനത്തില്‍ നിന്ന് മുഖം തിരിച്ചു കുര്‍ബാന ചൊല്ലുന്നതിന്റെ അര്‍ത്ഥം എന്താണ്. ഇതുവരെ ഒരുത്തനും ശരിയായ ഉത്തരം നല്‍കിയിട്ടില്ല. എന്നാല്‍ ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെടുന്നവര്‍ പറയും: 'ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണ സമയത്ത് ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തുസാന്നിധ്യം ദൈവജനം' ആണെന്ന്. ഈശോ വളരെ വ്യക്തമായി പറഞ്ഞതല്ലേ 'എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ അവരുടെ മധ്യേ ഉണ്ടാകുമെന്ന്'' ഇത്രയും വലിയ സത്യം വേറെ എവിടെയെങ്കിലും യേശു പറഞ്ഞിട്ടുണ്ടോ? അതുപോലെ സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയിലാണ്, നിങ്ങള്‍ ദൈവത്തിന്റെ, പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് എന്നൊക്കെയല്ലേ പഠിപ്പിച്ചിരിക്കുന്നത്. കൂടാതെ ശിഷ്യന്മാരുടെ മധ്യേ ഇരുന്നു കൊണ്ടല്ലേ ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്? അതുപോലെ ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്യാനല്ലേ'' ഈശോ പറഞ്ഞതും വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതി വെച്ചിട്ടുള്ളതും? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞകാര്യം എല്ലാവരും മറന്നോ? ''ആരാധനാക്രമത്തില്‍ പോലും, വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ ഐക്യരൂപം അടിച്ചേല്‍പ്പിക്കാന്‍ സഭയ്ക്ക് ആഗ്രഹമില്ല'' (SC37).

സീറോ മലബാര്‍ സഭയെ നയിക്കേണ്ടവര്‍ പറയുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമുക്കുവേണ്ടിയല്ല, ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല, ഈശോ അല്ല കുര്‍ബാന സ്ഥാപിച്ചത്, നമുക്ക് നമ്മുടേതായിട്ട് ഉള്ള പാരമ്പര്യവും രീതികളും ഉണ്ട് എന്നൊക്കെ അഭിപ്രായങ്ങള്‍ പറയുന്നവരെയും നല്ല നിര്‍ദേശങ്ങള്‍ കൊടുക്കുന്നവരെയും ഒക്കെ പേടിപ്പിച്ചും വിറപ്പിച്ചും ഒക്കെ എത്രനാള്‍ മുന്നോട്ടു പോകും?

അധികാരത്തിലിരിക്കുന്നവര്‍ക്ക് നിയമം മാത്രം അനുസരിച്ചാല്‍ മതിയെന്നാണോ? സ്‌നേഹവും കരുതലും കാരുണ്യവും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനസ്സും വേണ്ടേ? നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാനില്‍ നിന്നോ, അന്ത്യോക്യായില്‍ നിന്നോ, ഡല്‍ഹിയില്‍ നിന്നോ എന്തിനു പറയുന്നു മറ്റ് 30 ലധികം രൂപതകളുടെ മെത്രാന്‍മാരുടെ പ്രതിനിധികളോ സിനഡോ വേണ്ട. മേജര്‍ ആര്‍ച്ചുബിഷപ്പും അഡ്മിനിസ്‌ട്രേറ്ററും ഈ അതിരൂപതയിലെ വൈദികരുടെ പ്രതിനിധികളും ഒരുമിച്ചിരുന്ന് 30 മിനിറ്റ് സംസാരിച്ചാല്‍ മാത്രം മതി നാളെ മുതല്‍ സമാധാനമായിട്ട് കാര്യങ്ങള്‍ മുന്നോട്ടു പോകാനും ഒരു സ്ഥായിയായ തീരുമാനം ഉണ്ടാകാനും. അങ്ങനെ ഉണ്ടായാല്‍ പ്രിയപ്പെട്ട പിതാക്കന്മാര്‍ക്ക് ഈ ഏറ്റവും വലിയ അതിരൂപതയില്‍ ബഹുമാനവും സ്‌നേഹവും ലഭിക്കും. കൂടാതെ എല്ലാ ഇടവകകളിലും സ്‌നേഹത്തോടെയുള്ള സ്വാഗതവും, പൊലീസ് അകമ്പടി കൂടാതെ യാത്ര ചെയ്യാനും സാധിക്കും. ആരും തോല്‍ക്കില്ല. നമ്മുടെ ദൈവജനത്തിനു വേണ്ടി എല്ലാവര്‍ക്കും ജയിക്കാം.

താഴെത്തട്ടിലേക്ക് ഇറങ്ങി ശരിയായിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്തുകൂടെ? അതോ ചില കുബുദ്ധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാത്രം കേട്ടുകൊണ്ട് മതമര്‍ദനക്കാലത്തേതുപോലെ പെരുമാറിയാല്‍ മതിയോ?

പിതാക്കന്മാരെ, ഞങ്ങളെ മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന നല്ലയിടന്മാര്‍ ആകാന്‍ ശ്രമിച്ചു കൂടെ? ആരും ജയിക്കാനും തോല്‍ക്കാനും വേണ്ടിയല്ല ഇതൊക്കെ എഴുതിയത് നമ്മുടെ പ്രിയപ്പെട്ട ദൈവജനത്തെ ബഹുമാനിച്ച് സ്‌നേഹിച്ച് വളര്‍ത്തിക്കൊണ്ടുപോയാല്‍ മാത്രമേ സഭയ്ക്ക് നിലനില്‍പ്പുള്ളൂ. ദൈവം നിങ്ങള്‍ക്ക് നല്ല വഴി കാണിച്ചു തരട്ടെ. ആ വഴി യേശുവിന്റെ വഴി ആകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org