സഭയുടെ ആത്മപരിശോധനയ്ക്ക്...

സഭയുടെ ആത്മപരിശോധനയ്ക്ക്...
Published on
  • ഏലിയാമ്മ അബ്രാഹം, അങ്കമാലി

സത്യദീപം ലക്കം 9-ല്‍ 'ജീവിക്കാ നൊരു ജോലിയോ ജോലിക്കായൊരു ജീവിതമോ' എന്ന എഡിറ്റോറിയല്‍ വായിക്കാനിടയായി. അത്യാഗ്രഹി കളുടെ ക്രൂരതയില്‍ നിര്‍ഭാഗ്യരായ തൊഴിലാളികളെ രക്ഷിക്കുക പ്രഥമ പ്രധാനമായ കടമയാണെന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ 'റേരും നൊവാരും' എന്ന ചാക്രിക ലേഖനത്തില്‍ എഴുതി എന്നു കണ്ടു.

നമ്മുടെ സഭാധികാരികള്‍ ഈ ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് നമ്മുടെ നെഴ്‌സിംഗ് കോളേജുകളുടെ കാര്യം തന്നെ എടുക്കാം. ഞായറാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവൃത്തിദിവസങ്ങളാണ്. ക്രിസ്ത്യാനി കളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചയിലെ പള്ളിയില്‍ പോക്കുംകൂടി കണക്കിലെടുത്താല്‍ ആഴ്ചയില്‍ ഒരു ദിവസം പോലും അവധിയില്ല.

കുട്ടികളും കുടുംബാഗങ്ങളുമൊത്ത് സമനിലയോടെ സന്തോഷത്തോടെ ചിലവഴിക്കാന്‍ ഏതാനും മണിക്കൂറുകള്‍ പോലും ലഭിക്കുന്നില്ല. കുട്ടികളുടെ പഠനം, വൃദ്ധരായ മാതാപിതാക്കളുടെ ശുശ്രൂഷ, ഭക്ഷണം പാകപ്പെടുത്തല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സന്ദര്‍ശനം ഇങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത എത്രയെത്ര കാര്യങ്ങളാണ് ഒരു കുടംബത്തിലുള്ളത്.

ഭാര്യയും ഭര്‍ത്താവും നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് ജോലി ചെയ്തു കൊണ്ടുവരുന്ന കാശുകൊണ്ട് ഒരു കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ തികയുകയില്ല. മിക്കവാറും ജോലി സ്ഥലം വീട്ടില്‍ നിന്നും വളരെ അകലയായിരിക്കും. ഇത്തരം കഠിന വിഷമതകളിലൂടെ കടന്നുപോകുന്ന നിസ്സഹായരെ സഹായിക്കാന്‍ സഭാ സ്ഥാപനങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.

അതുകൊണ്ട് എഴുത്തും പറച്ചിലും പ്രസംഗവുമല്ല നമുക്കു വേണ്ടത്. സഭ ഒരു കമ്മീഷനെ നിയമിച്ച് സഭയുടെ കീഴിലുള്ളസ്ഥാപനങ്ങളില്‍ പരിശോധന നടത്തി നമ്മുടെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയില്‍ കാലാനുസൃതമായ മാറ്റം വരുത്തുകയാണ് വേണ്ടത്. കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ നിന്ന് സഭ പുറത്തു കടക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org