
ഈ ഭൂമിയില്‍ ജനിക്കുന്ന ഏവര്‍ക്കും ദൈവം നിയോഗങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ നിയോഗങ്ങള്‍ കൂടി കൂടുതലായി ഉണ്ടായിരിക്കും. അതനുസരിച്ചാണ് നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതും, ജീവിക്കേണ്ടതും. അത്തരം നിയോഗങ്ങള്‍ അറിയാത്തതൊ, അറിയില്ലാന്നു പറഞ്ഞു ജീവിക്കുന്നതുമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ പ്രശ്‌നങ്ങളുടെ കാരണം.
യേശുക്രിസ്തു പറയുന്നു ഞാന്‍ നല്ല ഇടയനാണ്. ആടുകള്‍ എന്റെ സ്വരം കേള്‍ക്കുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കുന്നു. ഒരിക്കലും ഒരു നോട്ടക്കാരന്‍ നല്ല ഇടയന്‍ ആകുന്നില്ല. അവന്‍ ചെന്നായ വരുമ്പോള്‍ ആടുകളെ ഉപേക്ഷിച്ചു കടന്നുകളയും. അപ്പോള്‍ ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവിക്കണം. ആടുകള്‍ ഇടയന്റെ ശബ്ദം കേള്‍ക്കുകയും വേണം. ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങളാണ് അല്ലെങ്കില്‍ വരങ്ങളാണ് ദൈവം അവന്റെ കഴിവിനും, യോഗ്യതയ്ക്കും, അവനിലുള്ള വിശ്വാസത്തിനും അനുസരിച്ച് നല്‍കുന്നത്. മൂന്ന് പ്രാവശ്യം തന്നെ നിഷേധിച്ചു പറഞ്ഞ പത്രോസിനോട് യേശുക്രിസ്തു മൂന്നു പ്രാവശ്യം ചോദിച്ചു പത്രോസെ നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്. എന്നിട്ട് പറഞ്ഞു നീ ആകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും, നീ എന്റെ കുഞ്ഞാടുകളെ മേയ്ക്കുക, ആടുകളെ പരിപാലിക്കുക, എന്റെ ആടുകളെ മേയ്ക്കുക. പത്രോസിന്റെ പിന്‍ഗാമികളായ ഓരോരുത്തരുടെയും ജോലി ഇത് മാത്രമാണ്. അപ്രകാരം ഓരോത്തര്‍ക്കും, നേതൃത്വപരമായ കഴിവ്, പ്രസംഗിക്കാനുള്ള കഴിവ്, ഭാഷാപരമായ കഴിവ് അങ്ങനെ പലവിധമായ കഴിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്. അതെല്ലാം ദൈവഹിതത്തിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിയില്‍ വരുത്താവൂ.
ഇന്ന് കാലത്തിനനുസരിച്ചുള്ള ആചാരപരമായ, അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായി ക്രൈസ്തവ സഭയില്‍ ധാരാളം വിഭാഗങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അവ തമ്മില്‍ അടി പിടിയും, കേസ്സും, സിംഹാസന വാദങ്ങളും, ആചാരാനുഷ്ഠാന തര്‍ക്കങ്ങളും നടക്കുന്നു. രാജ്യങ്ങളിലെ ക്രമസമാധാനം പോലും തകര്‍ക്കുന്നു. രണ്ടു പ്രമുഖ ക്രൈസ്തവ രാജ്യങ്ങളായ റഷ്യയും, ഉക്രൈനും തമ്മില്‍ പരസ്പരം ഇല്ലാതാക്കുന്ന യുദ്ധവും. പൗലോസ് അപ്പസ്‌തോലന്‍ കൊറോന്ത്യോസ് സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നുണ്ട്, നിങ്ങളുടെ ഇടയില്‍ വിവരമുള്ളവര്‍ ആരുമില്ലേ ഇത്തരം തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍. എന്റെ മറുപടി, ഉണ്ട് എന്ന് തന്നെയാണ്. പക്ഷെ ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത് വിവരം ഇല്ലാത്ത അഹങ്കാരികളാണല്ലോ. അവര്‍ വിവരം ഉള്ളവരെ അനുസരിക്കില്ലല്ലോ. അതിനാല്‍ അവരൊന്നും ഇതിലൊന്നും ഇടപെടുകയില്ല.
ഉയര്‍പ്പിന് ശേഷം യേശുക്രിസ്തു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം എന്നാണു പറഞ്ഞത്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ഇന്ന് നാം സഭകളിലും കേള്‍ക്കുന്നത് നിങ്ങള്‍ക്ക് സമാധാനം എന്നാണ്. ശരിക്കു പറയേണ്ടത് നമുക്ക് സമാധാനം എന്നാണ്. ദൈവം തന്ന സമാധാനം പരസ്പരം കൊടുക്കാനുള്ളതാണ്. നമ്മള്‍ പരസ്പരം അതാണോ കൊടുക്കുന്നത്. കത്തോലിക്കാ സഭ പൊതുവെ സമാധാനമായിട്ടാണ് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ അതിന്റെ സീറോ മലബാര്‍ വിഭാഗത്തില്‍ മറയിട്ട യുദ്ധം നടക്കുന്നു. എന്താണ് ആവശ്യം? കുര്‍ബാന എങ്ങോട്ട് തിരിഞ്ഞുനിന്ന് ചൊല്ലണം? ഞാന്‍ ആരുടെ കൂട്ടത്തില്‍ നില്‍ക്കാനും ആഗ്രഹിക്കുന്നില്ല. കാര്‍മ്മികന്‍ അള്‍ത്താരയില്‍ വരാതെ ചൊല്ലി യാലും പ്രശ്‌നമില്ല. കാരണം ഞാന്‍ കാര്‍മ്മികനെ ശ്രദ്ധിക്കാറില്ല. ഇവിടെ പ്രശ്‌നം തീര്‍ക്കില്ല കാരണം അത് നിയന്ത്രിക്കുന്നവരുടെ ഉദ്ദേശങ്ങള്‍ വേറെയാണ്.
മാര്‍പാപ്പയെ തെരെഞ്ഞെടുക്കുന്നതും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. പിന്നെ അതിനെ ആരും ചോദ്യം ചെയ്യാറില്ല. അതുപോലെയാണ് ആര്‍ക്കെല്ലാം ഇഷ്ടപ്പെട്ടില്ലെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനത്തിലാണ് സീറോ മലബാര്‍ സഭയുടെ സിനഡും തീരുമാനം എടുത്തത്. അത് ഒരു കൂട്ടര്‍ അംഗീകരിക്കില്ല എന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമാണോ എന്ന് എല്ലാവരും ചിന്തിക്കണം. ഇടയന്‍ ആടുകളുടെ സ്‌നേഹം സമ്പാദിക്കണം. അവരെ സംരക്ഷിക്കണം. അവരുടെ അഭിപ്രായങ്ങളും കേള്‍ക്കണം. ആടുകള്‍ ഇടയനെ കൊന്ന് ഇടയനാകാനും ശ്രമിക്കരുത്. ധൂര്‍ത്തപുത്രന്മാരെയും, ശത്രുക്കളെയും സൃഷ്ടിക്കലല്ല ക്രിസ്തീയം. അവ രണ്ടും ഇല്ലാതാക്കലാണ് നമ്മുടെ ധര്‍മ്മം. കുര്‍ബാന എങ്ങോട്ടു നോക്കി ചൊല്ലുന്നു എന്നതില്‍ ഒരു കാര്യവുമില്ല. വേഷങ്ങളും, വേഷഭൂഷാതികളും, കല്‍ദായ വാദവും, കുരിശിന്റെ ആകൃതിയൊന്നുമല്ല വിശ്വാസം. അത് എല്ലാവരും തിരിച്ചറിഞ്ഞ് ഈ സീറോ മലബാര്‍ സഭയെ നില നിര്‍ത്താന്‍ എല്ലാവരും പരിശ്രമിച്ചാല്‍ നല്ലത്.
പുറത്തു നില്‍ക്കുന്നവര്‍ ഇതില്‍ എണ്ണ ഒഴിച്ച് കത്തിക്കാതിരുന്നാല്‍ നല്ലത്. നമ്മളൊക്കെ ശ്രമിക്കേണ്ടത് സമാധാനം സഭയില്‍ നിലനിര്‍ത്താന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നത് വേണ്ടിയാകണം.
ഞാനും എറണാകുളം അതിരൂപതാംഗം തന്നെയാണ്. പക്ഷെ ഞാന്‍ സീറോ മലബാര്‍ സഭയെ ഒരു ആഗോളസഭയായി തന്നെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ആത്മീയ പിതാക്കന്മാരും, ജീവന്‍ നല്‍കുന്ന പിതാവുമുണ്ട്. രണ്ടുപേര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. അതുകൊണ്ട് അവര്‍ പിതാക്കന്മാര്‍ ആകാതിരിക്കുന്നില്ല. സ്വന്തം പിതാക്കന്മാരെ സാധാരണ ആരും തള്ളിപ്പറയാറില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കണം. അതാണ് ദൈവിക നീതി. വിശ്വാസപരമായ കാര്യങ്ങളും, കച്ചവട സംബന്ധമായതും, കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നതുമായ കാര്യങ്ങളും ഒരുപോലെ കാണാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ കുഴപ്പം. ചില അധികാരങ്ങള്‍ നഷ്ടപ്പെട്ടവരുടെ വിലാപമായിട്ടാണ് പലരും ഇതിനെ കാണുന്നത്. കാലം തികയാറായിരിക്കുന്നു എല്ലാവരും ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍, പ്രവര്‍ത്തിക്കുവിന്‍ എന്ന് മാത്രമേ പറയാനുള്ളൂ. പല വിദേശ രാജ്യങ്ങളിലും ഈ സീറോ മലബാറുകാര്‍ വിശ്വാസികളില്‍ ഉതപ്പും, വെറുപ്പും സൃഷ്ടിച്ചു കൊണ്ടാണ് ഭരണം നടത്തുന്നത്. ഇപ്പോഴുള്ള 60 വയസ്സുകാര്‍ ഇല്ലാതായാല്‍ സീറോ മലബാറിനെ ഇവര്‍ സീറോ ആക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇപ്രകാരം മുന്നോട്ടു പോകുന്നത് ചിലരുടെ ജീവിതത്തിന്റെയും, നിലനില്പിന്റെയും ആവശ്യമായി തീര്‍ന്നിരിക്കുന്നു. അത്തരത്തിലുള്ള അപക്വമായ നേതൃത്വങ്ങളെ വാഴാന്‍ വിവേകമുള്ള വിശ്വാസികള്‍ അനുവദിച്ചു കൂടാ. ധാരാളം പണം ഇന്ത്യയിലെ പല മിഷന്‍ കേന്ദ്രങ്ങളിലും ആവശ്യമാണ്. കേരളത്തില്‍ ധാരാളം വൈദികര്‍ക്ക് ആവശ്യത്തിന് ജോലിയില്ല എന്ന അവസ്ഥയുമുണ്ട്. അതിനാല്‍ കുറെ പണവും, കുറെ വൈദികരെയും അത്തരം സ്ഥലങ്ങളിലേക്ക് ശുശ്രൂഷയ്ക്ക് വിടണം.
പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ് ഇടവക വൈദികരുടെയും, രൂപതാ മെത്രാന്മാരുടെയും ഏകാധിപത്യ രീതിയിലുള്ള പണമിടപാടുകള്‍ ഇനി തുടരാന്‍ അനുവദിച്ചുകൂടാ. അതാണ് എല്ലാത്തിന്റെയും കാരണം. അതിന് എല്ലാവരും കൂടി ചേര്‍ന്ന് യുക്തമായ തീരുമാനം എടുക്കണം.