അജപാലകരും അല്മായരും ഐക്യത്തിന്റെ പ്രതീകങ്ങളാകണം

ചെറിയാന്‍കുഞ്ഞ് നെടുംകുളത്ത്, തൃക്കാക്കര
അജപാലകരും അല്മായരും ഐക്യത്തിന്റെ പ്രതീകങ്ങളാകണം

സത്യദീപം ലക്കം 31 (8 മാര്‍ച്ച് 2023) ല്‍ വന്നിട്ടുള്ള എഡിറ്റോറിയല്‍ ''വിരുന്നുകാരല്ല വീട്ടുകാര്‍'' കാലത്തിനനുസരിച്ചുള്ള കഴ്ചപ്പാട് വെളിപ്പെടുത്തുന്നതും തികച്ചും അര്‍ത്ഥവത്തായതുമാണ്. സീറോ മലബാര്‍ സഭയില്‍ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കാഴ്ചപ്പാടിലും തീരുമാനങ്ങളിലും വ്യതിയാനങ്ങള്‍ ആവശ്യമാണ്. ''അല്മായര്‍ സഭയില്‍ വിരുന്നുകാരല്ല, വീട്ടുകാരാണ്'' എന്നു പറഞ്ഞത് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. അല്മായരും അജപാലകരും പരസ്പര സഹകരണത്തോടെ ഒന്നിച്ചു നടക്കുവാന്‍ സമയമായി എന്നാണദ്ദേഹം പറഞ്ഞത്. ഒരു പടികൂടി കടന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയില്‍ അല്മായരുടെ പങ്കാളിത്തം നിര്‍വചിച്ചത്. അതായത് സഭയുടെ അജപാലന ദൗത്യം സമ്പൂര്‍ണ്ണമാകുന്നത് സഭയുടെ അവിഭാജ്യഘടകമായ അല്മായരുടെ സജീവപങ്കാളിത്തവും സഹകരണവും ഉണ്ടാകുമ്പോഴാണ്. ഇത്തരുണത്തില്‍ പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനത്തില്‍ പറഞ്ഞിട്ടുള്ള ''മൂന്നാം സഹസ്രാബ്ദം അല്മായരുടേതാണ്'' എന്നതും പ്രസക്തമാണ്. അതിനാല്‍ പുതിയ അജപാലന സംരംഭങ്ങള്‍ക്കു രൂപം കൊടുക്കുമ്പോള്‍ അത് പ്രാദേശികമായാലും സാര്‍വദേശീയതലത്തിലായാലും അല്മായരുമായി കൂടിയാലോചിച്ചു നടത്തണമെന്നാണ് മാര്‍പാപ്പയുടെ ആഹ്വാനം.

മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനൈക്യത്തിന്റെയും ആരാധനാ രീതിയുടെയും കാര്യത്തില്‍ വിശ്വാസികള്‍ രണ്ടു ചേരികളിലായി നിന്നു കലഹിക്കുന്നതിന്റെയും തന്മൂലം പള്ളി അടച്ചിടുന്നതിന്റെയും കാരണങ്ങള്‍ അന്വേഷിച്ചാല്‍ അത് ചെന്നെത്തുന്നത് അല്മായരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചുകൊണ്ടും അവരെ വിശ്വാസത്തിലെടുക്കാതെയും മെത്രാന്‍ സിനഡില്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളിലാണ്. കാനന്‍ നിയമങ്ങളും മെത്രാന്‍സിനഡുമൊക്കെ മനുഷ്യനിര്‍മ്മിതങ്ങളാണ്. എന്നാല്‍ അജപാലനവും സഭാ വളര്‍ച്ചയും ദൈവികമായ യാഥാര്‍ത്ഥ്യങ്ങളാണ്. ആടുകള്‍ ഇല്ലെങ്കില്‍ ഇടയനില്ല; അതുപോലെ നഷ്ടപ്പെട്ടുപോകുന്ന ഒരാടിനെ തേടിപ്പോകുന്ന ഇടയന്മാരെക്കുറിച്ചാണ് ഈശോ നമ്മെ പഠിപ്പിച്ചത്. അപ്പോള്‍ സീറോ മലബാര്‍ സഭയിലെ ശ്രേഷ്ഠരായ അജപാലകരായ പിതാക്കന്മാര്‍ ഒറ്റയ്ക്കിരുന്നു തീരുമാനങ്ങള്‍ എടുത്തശേഷം അത് വിശ്വസികളായ അജഗണങ്ങളിലേക്ക് അധികാരത്തിന്റെയും അനുസരണയുടെയും പിന്‍ബലത്തില്‍ അടിച്ചേല്പിക്കുന്നതിനു പകരം അജഗണങ്ങളായ അല്മായരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഈശോനാഥന്‍ തന്നെ അനുഗമിച്ച ജനാവലിയോട് സുവിശേഷം അറിയിക്കുകയും കരുണതോന്നി അവര്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തതുപോലെയും മാര്‍പാപ്പ ഇപ്പോള്‍ ആവര്‍ത്തിച്ച് പറയുന്നതുപോലെയും അതിരൂപതയിലെ ഭൂരിപക്ഷം അല്മായരുടേയും പുരോഹിതരുടേയുമൊക്കെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് ദൈവാരൂപിയില്‍ അനുരജ്ഞനത്തിന്റെ പാതയില്‍ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നതല്ലേ ഇപ്പോഴത്തെ പ്രശ്‌ന പരിഹാരത്തിന് ഉചിതമായിട്ടുള്ള പ്രതിവിധി. അതിനുള്ള പ്രചോദനം വന്ദ്യപിതാക്കന്മാര്‍ക്ക് ഉണ്ടാകട്ടെ എന്നും അതുവഴി നോമ്പുകാല പ്രായശ്ചിത്തത്തിന്റ പശ്ചാത്തലത്തില്‍ ഏകീകൃത ബലിയര്‍പ്പണമെന്ന സിനഡ് തീരുമാനം പുനഃപരിശോധിക്കപ്പെടാന്‍ ഇടയാകട്ടെ എന്നും പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org