പള്ളി പ്രസംഗങ്ങള്‍

ഫാ. ലൂക്ക് പൂതൃക്കയില്‍
പള്ളി പ്രസംഗങ്ങള്‍

ഞാനുള്‍പ്പെടെയുള്ള വൈദികര്‍ ഞായറാഴ്ച പ്രസംഗത്തില്‍ തികച്ചും ബൈബിള്‍ വിശദീകരണവും, വിവരണവുമായി പരമ്പരാഗത രീതിയിലുള്ള പ്രസംഗങ്ങള്‍ മാറ്റി പുതിയ തുറവിയിലേയ്ക്കു വരണം. പഴയ നിയമത്തിലെ ഇസ്രായേല്‍ ചരിത്രവും പുതിയ നിയമത്തിലെ ചില വാക്കുകളുടെ ഹീബ്രു, ഗ്രീക്ക്, ലത്തിന്‍ പദങ്ങളൊക്കെ വിശദീകരിച്ചും ഉള്ള പ്രസംഗങ്ങളിലും മാറ്റം വരണം, മനുഷ്യജീവിതത്തോടും കാലഘട്ടത്തോടും ചേര്‍ന്ന വിഷയങ്ങള്‍ പ്രസംഗങ്ങളില്‍ ഉണ്ടാകണം.

 • ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കുറയുകയും ക്രൈസ്തവ സംസ്‌കാരം ഈ നാട്ടിലും വിദേശത്തും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയെ വ്യാഖ്യാനിച്ചു പുതിയ ദിശാബോധം കൊടുക്കണം.

 • പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി തുടങ്ങിയ സംവരണ നിയമങ്ങളിലൂടെ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ നഷ്ടപ്പെടുന്നതിനെപ്പറ്റി പ്രസംഗിക്കണം.

 • കേരളത്തിലും ഇംസ്ലാമിക രാജ്യങ്ങളിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതിനെപ്പറ്റി അവബോധം കൊടുക്കണം.

 • ക്രൈസ്തവരുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിപ്പിക്കണം. ഭക്തിയേക്കാള്‍ മനചൈതന്യത്തിന്റെ തീക്ഷ്ണത മനസ്സില്‍ ഇട്ടുകൊടുക്കണം.

 • ബൈബിളിലെ പ്രവാചകത്വത്തേയും, ക്രിസ്തു പ്രകാശിപ്പിക്കേണ്ട പ്രവാചകഭാഷയില്‍ പ്രസംഗിക്കാന്‍ തയ്യാറാകണം.

 • രാഷ്ട്രീയത്തില്‍ നേരിട്ടു ഇടപെടണ്ടെങ്കിലും ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ മൂലം ക്രൈസ്തവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളേയും ക്ഷതങ്ങളേയും പറ്റി പ്രസംഗിക്കണം.

 • സര്‍ക്കാര്‍ മേഖലയില്‍ ജോലി സമ്പാദിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഇടയ്ക്കിടയ്ക്കു പറഞ്ഞുകൊണ്ടിരിക്കണം.

 • ഇടവകയില്‍ ആര്‍ക്കെങ്കിലും സ്വന്തമായി വീടോ ഭൂമിയോ ഇല്ലെങ്കില്‍ ഉള്ളവരുടെ കയ്യില്‍ നിന്നു വാങ്ങി ഇല്ലാത്തവര്‍ക്കു പങ്കുവയ്ക്കാന്‍ പ്രസംഗിക്കണം.

 • അവനവന്റെ ഭവനത്തിലേയ്ക്ക് ഒരു കാര്‍ എങ്കിലും കയറിപ്പോകാന്‍ വഴിയില്ലാത്തവര്‍ക്ക് വഴികൊടുക്കാന്‍ നിരന്തരം പ്രസംഗിക്കണം.

 • വീടും പരിസരവും പ്രത്യേകിച്ച് ടോയ്‌ലറ്റും കിച്ചനും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന ആവശ്യത്തെപ്പറ്റി പ്രസംഗിക്കണം.

 • ഇടവകയില്‍ പണം മിച്ചമുണ്ടെങ്കില്‍ അലങ്കാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും മുടക്കാതെ മിഷന്‍ പ്രദേശങ്ങളില്‍ പള്ളിവെയ്ക്കാനും ബൈബിള്‍ വിതരണം ചെയ്യാനും അതു കൊടുക്കണമെന്ന് ഉപദേശിക്കണം.

 • സാമൂഹ്യനീതിയെപ്പറ്റിയും സാമ്പത്തിക സമത്വത്തെപ്പറ്റിയും ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം.

 • പാര്‍ട്ടി ഭേദമെന്യേ രാഷ്ട്രീയക്കാര്‍ കേരളത്തിലെ സാധാരണക്കാരോടു ചെയ്യുന്ന നീതിരാഹിത്യം പ്രസംഗവിഷയമാക്കണം.

 • ലോകപുരോഗതിക്കും വികസനത്തിനും സമാധാനത്തിനും ക്രൈസ്തവ സാന്നിദ്ധ്യവും സംസ്‌ക്കാരവും ആവശ്യമെന്ന് പ്രസംഗിക്കണം.

 • പ്രാര്‍ത്ഥന, ഉപവാസം തുടങ്ങിയ ഭക്താനുഷ്ഠാനങ്ങളുടെ നന്മകള്‍ വ്യക്തിയില്‍ തന്നെ ഒതുങ്ങാതെ നമുക്ക് ഒപ്പമുള്ളവരിലേയ്ക്ക് എത്തണമെന്നു പറയണം.

 • സഭകള്‍ പരസ്പരം ഐക്യപ്പെട്ടു ക്രൈസ്തവര്‍ ഒരു രാഷ്ട്രീയശക്തിയായി വരുന്നതിനെപ്പറ്റി പറയണം. വോട്ടു ബാങ്കു ആകണം. അതുവഴി ബാര്‍ഗെയ്‌നിംഗ് പവ്വര്‍ ഉണ്ടാക്കണം.

 • പള്ളികളില്‍ പഴയകാല സംഘടനാ പ്രവര്‍ത്തനങ്ങളെ മാത്രം ചുറ്റിപ്പറ്റി ക്രൈസ്തവജീവിതത്തെ തളച്ചിടരുതെന്നു പറയണം.

 • ധ്യാനമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചല്ല ഇടവക കേന്ദ്രീകരിച്ചുള്ള ആത്മീയതയ്ക്ക് പ്രാധാന്യം നല്കണമെന്നു പ്രസംഗിക്കണം.

 • എല്ലാ ഞായറാഴ്ചകളിലും ക്രിസ്തുപ്രേഷിതത്വം ആവശ്യപ്പെടുന്നു എന്നും, സഭ മിഷണറിയാണെന്നും ബോദ്ധ്യപ്പെടുത്തണം.

 • പുരോഹിത-സന്യസ്ത മാനവശേഷി ആവശ്യമുള്ളിടത്തേയ്‌ക്കെല്ലാം വീതിക്കപ്പെടണമെന്ന ചിന്ത നല്കണം.

 • ലോകത്തിന്റെ വികസനത്തിനും പുരോഗതിക്കും വളര്‍ച്ചയ്ക്കും ക്രൈസ്തവസംസ്‌കാരം നല്കിയ സംഭാവനകളെപ്പറ്റി ഇടയ്ക്കിടയ്ക്കു പറഞ്ഞുകൊണ്ടിരിക്കണം.

 • ജയ്ജവാന്‍ ജയ് കിസാന്‍ എന്ന ലാല്‍ ബഹാദൂര്‍ശാസ്ത്രിയുടെ സേന്ദശം ഊന്നി കൃഷിക്കാരെയും ജവാന്മാരോടൊപ്പം നിര്‍ത്തി വളര്‍ത്തമെന്ന സന്ദേശം കൊടുത്തുകൊണ്ടിരിക്കണം.

 • പരിസര ശുദ്ധിയെപ്പറ്റിയും പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും അറിവു കൊടുക്കണം.

 • കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളും സമൂഹങ്ങളും ഒരു പ്‌ളാറ്റ്‌ഫോമിലേക്കു എത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രസംഗിക്കണം; ഒപ്പം അമിതമായ പ്രാദേശികവാദവും റീത്തു വാദവും ഒഴിവാക്കണം.

 • ക്രിസ്തുഭക്തിയേക്കാള്‍ ക്രിസ്തീയഭക്തിക്കു പ്രാധാന്യം നല്കി പ്രസംഗിക്കണം.

 • നല്ല വാരികകളും, മാസികകളും ഗ്രന്ഥങ്ങളും വായിക്കണമെന്നു പറയുകയും നിര്‍ദ്ദേശിക്കുകയും വേണം.

 • ഭക്തസംഘടനക്കാര്‍ അമിതമായ കായിക കലാമത്സരങ്ങള്‍ നടത്തി അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നു പോകാതിരിക്കണം

 • കഞ്ഞിനേര്‍ച്ച, ഊട്ടുനേര്‍ച്ച തുടങ്ങിയ കര്‍മ്മാനുഷ്ഠാന ഭക്താനുഷ്ഠാന കാര്യങ്ങള്‍ എപ്പോഴും ആവര്‍ത്തിച്ചു പറയാതിരിക്കാനും ശ്രദ്ധിക്കണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org