സത്യദീപത്തിന് അഭിനന്ദനങ്ങള്‍

ബ്രദര്‍ സാമിയന്‍ പുത്തൂര്‍ എംഎംബി

സത്യദീപത്തിലെ (ലക്കം 23, ജനു. 12-18) രണ്ടുമൂന്നു ലേഖനങ്ങളാണ് ഈ കത്തെഴുതാന്‍ കാരണം. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എഴുതിയ 'മക്കളേ, നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ?', ജോര്‍ജ് നെല്ലിശ്ശേരിയുടെ കാഴ്ചപ്പാടുകളിലെ 'ആവര്‍ത്തിക്കുന്ന ലൈംഗികാതിക്രമങ്ങള്‍', സിസിലിയാമ്മ പെരുമ്പനാനിയുടെ 'വന്ദ്യനാ യ സന്ദര്‍ശകന്‍', മാതൃ പാഠങ്ങളിലെ ഷൈനി ടോമിയുടെ 'ഭൂമിക്ക് അനുഗ്രഹമാകേണ്ടവര്‍' എന്നീ ലേഖനങ്ങള്‍ ഈ കാലഘട്ടത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ നല്കിക്കൊണ്ടു വളരെ ധന്യമാക്കിയിരിക്കുന്നു. ലേഖനകര്‍ത്താക്കള്‍ക്ക് അഭിനന്ദനങ്ങള്‍.
വീടുവിട്ടിറങ്ങി ചെന്നു മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ സാധിക്കാത്ത നിലയില്‍ നിസ്സഹായരായവരെ നമുക്കു ചുറ്റും കാണാവുന്നതാണ്. അത്തരം ജനഹൃദയങ്ങളിലേക്കു നമ്മുടെ സാന്നിദ്ധ്യങ്ങള്‍കൊണ്ട് ആനന്ദം പകരാനുള്ള ഒരു ആഹ്വാനമാണു സിസിലായമ്മ പെരുമ്പനാനി നമ്മെ ഓര്‍മിപ്പിക്കുന്നത്. നമ്മുടെ കുടുംബസന്ദര്‍ശനങ്ങള്‍ വഴി ഊഷ്മളമായ സ്നേഹബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും രോഗികളിലേക്കും വേദനിക്കുന്നവരിലേക്കും ഇറങ്ങിച്ചെന്ന് ആശ്വാസത്തിന്‍റെ സാന്ത്വനവുമായി കടന്നുചെല്ലാനും നമുക്കു കഴിയേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു ഭൂമിക്ക് അനുഗ്രഹമാകാന്‍ വേണ്ടിയാണ് എന്ന ഓര്‍മപ്പെടുത്തലാണു ഷൈനി ടോമിയുടെ ലേഖനം. വിശ്വാസത്തിലധിഷ്ഠിതമായ യാഥാര്‍ത്ഥ്യബോധത്തിലേക്കു യുവജനങ്ങളെ നയിക്കാന്‍ പോരുന്നതായിരിക്കണം നമ്മുടെ കുടുംബബന്ധങ്ങളും സാമൂഹ്യ കാഴ്ചപ്പാടുകളും എന്നു ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org