പ്രതികാരമല്ലാ പ്രതികരണം

ജോസഫ് നടയ്ക്കല്‍, ചേര്‍ത്തല
പ്രതികാരമല്ലാ പ്രതികരണം

കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യന്‍ സം ഘടനയുടെ ഭാരവാഹി, മുസ്തഫ എന്ന മുസ്‌ലീം തീവ്രവാദി യുവാവ് വിശുദ്ധ ബൈബിള്‍ കത്തിച്ചതിനെ തുടര്‍ന്നുള്ള ടി വി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതു കേട്ടതുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്.

കടുത്ത ഭാഷയില്‍ ക്രിസ്ത്യന്‍സഭയെയും, പുരോഹിതന്മാരെയും, വൈദിക മേലധ്യക്ഷന്മാരെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ ഭാഗമായ കഠിനമായ രോഷം മനസ്സിലാക്കാന്‍ പറ്റും. പക്ഷേ, അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും പ്രായത്തിന്റെ പക്വത കുറവിനെ വെളിപ്പെടുത്തുന്നവയാണ്.

ആദ്യമായി അദ്ദേഹം പറയുന്നത്, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ വേണ്ടതുപോലെ പ്രതികരിക്കുന്നില്ല എന്നാണ്.

നമ്മുടെ ദൈവം കര്‍ത്താവായ യേശുക്രിസ്തുവാണ് എന്ന് താങ്കള്‍ മനസ്സിലാക്കുക. നിങ്ങള്‍ക്ക് സമാധാനം എന്ന വാക്ക് വിശുദ്ധ ബൈബിളില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് ഒരു രസത്തിനല്ല. ദൈവം മനുഷ്യനായി ഭൂമിയിലവതരിച്ചതും ക്രൂശിതനായി മരിച്ചതും ലോകനന്മയ്ക്കു വേണ്ടിയാണ്. വാളെടുത്തു യുദ്ധം ചെയ്തു രാജ്യങ്ങള്‍ കീഴടക്കി രാജാവാകാനല്ല.

ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് രണ്ടു വര്‍ഗീയശക്തികളാണ് നമുക്കു മുന്നിലുള്ളത്. കലാപമുണ്ടാക്കി രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി ഹിന്ദുത്വശക്തികളും, ജിഹാദ് നടത്തി ലോകം കീഴടക്കാന്‍ ചില വര്‍ഗീയസംഘടനകളും ശ്രമിക്കുമ്പോള്‍ ഈ രണ്ടു സമുദായങ്ങളിലുള്ള സമാധാനകാംക്ഷികളായ അനേകം ആളുകളും നമ്മുടെ മുന്നിലുണ്ട്. പക്ഷേ, ഈ രണ്ടു വര്‍ഗീയ കക്ഷികളും കൂടി ലോകത്തിനും, മനുഷ്യസമൂഹത്തിനും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

ഗുജറാത്ത് തുറമുഖത്തു കൂടി കടന്നുപോയ കോടികളുടെ മയക്കുമരുന്നും, അനേകം കോടികളുടെ സ്വര്‍ണ്ണക്കടത്തും ഇതുവരെ തെളിവുകള്‍ കിട്ടാത്തതിനുള്ള കാരണം ഈ രണ്ടു വര്‍ഗീയ കക്ഷികളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. അധികാരം, രാജ്യം പിടിച്ചടക്കുക - അതു മനസ്സിലാക്കിക്കൊണ്ടാണ് ക്രിസ്ത്യന്‍ മത മേലധ്യക്ഷന്മാര്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്യാത്തത്.

അധികാരം പിടിക്കാനുള്ള ഈ ഗൂഢസംഘര്‍ഷങ്ങളില്‍ ഇരകളാവുന്നതും അവരുടെ തന്നെ സമുദായങ്ങളിലെ സ്ത്രീകളും കുട്ടികളുമാണെന്നറിയുക.

ഇന്നലെവരെ അധികാരത്തിനുവേണ്ടി വര്‍ഗീയത ചവച്ചുതുപ്പിയ ചില ഛോട്ടാ നേതാക്കള്‍ കേന്ദ്രമന്ത്രിയും ഗവര്‍ണ്ണറുമായപ്പോള്‍ നടന്ന മുജാഹിദ് സമ്മേളനത്തില്‍ അവരെ പുകഴ്ത്തി സംസാരിച്ചതും നമ്മള്‍ കണ്ടതാണ്. അധികാരത്തിനുവേണ്ടി ഇവെരപ്പോലുള്ളവര്‍ എന്തും പറയും.

ജാതിയും മതവുമല്ല ഒരു തൊഴുത്തും ഒരു ഇടയനും എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സുരക്ഷിതമായി ഒന്നിച്ചു വസിക്കാനൊരിടം എന്നാണ് അതിന്റെ അര്‍ത്ഥം. എന്നാല്‍ ആടുകളെ ഭയപ്പെടുത്തി ഭിന്നിപ്പിച്ചാല്‍ മാത്രമേ വേട്ടയാടാന്‍ പറ്റുകയുള്ളൂ. രാജ്യം ഭിന്നിപ്പിച്ചാല്‍ പോലും വേണ്ടില്ല ഞങ്ങള്‍ക്ക് അധികാരം വേണമെന്ന ഇവരുടെ കൗശലം തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org