സൗഹൃദരീതിയില്‍ പരിഹരിക്കുക

കെ.എം. ദേവ്, കരുമാലൂര്‍
സൗഹൃദരീതിയില്‍ പരിഹരിക്കുക

''നിന്റെ വലതു കൈ നിനക്കു ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അത് നിന്നില്‍നിന്ന് വെട്ടി എറിഞ്ഞു കളയുക'' എന്ന അതിശക്തമായ കല്പന നല്കിയ യേശുവിന്റെ അനുയായികളായ നമ്മള്‍; ''ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ'' എന്ന് യാചിക്കാന്‍ പഠിപ്പിക്കുന്ന വിശിഷ്ടമായ പ്രാര്‍ത്ഥന ദിവസേന ഏറ്റുചൊല്ലുന്ന നമ്മള്‍; ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ അവ എത്രത്തോളം അന്വര്‍ത്ഥമാകുന്നുണ്ട് എന്ന് ചിന്തിച്ചാല്‍ നന്ന്.

ഇതുപോലുള്ള ക്രിസ്തുദര്‍ശനങ്ങളെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട മതമേലദ്ധ്യക്ഷന്മാര്‍ തെരുവിലിറങ്ങി തമ്മിലടിക്കുന്ന കാഴ്ചയാണ് നാം ഇന്നു കാണുന്നത്. എളിമയും സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കേണ്ടവര്‍ അധികാര പ്രമത്തതയും അഹന്തയും കൊണ്ടു തെരുവുയുദ്ധം നടത്തുകയാണിവിടെ. യഥാര്‍ത്ഥത്തില്‍ അതിരൂപതയ്ക്കുണ്ടായ അപചയമെന്താണ്? ബലിയര്‍പ്പണ അഭിമുഖ വിവാദം ഇത്തരത്തിലുള്ള ഒരു വിഘടന ചിന്തയ്ക്കും കാരണമാകുന്നില്ല. ആദ്ധ്യാത്മിക തലത്തില്‍ തന്നെ സഭാധികാരികള്‍ക്ക് ഒരു മിത സൗഹൃദരീതിയില്‍ അത് പരിഹരിക്കാവുന്നതായിരുന്നു. എന്തുകൊണ്ട് അത് പരിഹൃതമായില്ല? അടിസ്ഥാനപരമായി അതിരൂപതാ തലത്തില്‍ അധികാര മേല്‍ക്കോയ്മയില്‍ നടന്ന ഒരു അധമ പ്രവര്‍ത്തനമായിരുന്നു അതിനു നിദാനം. രാജ്യത്തെ നിയമ വ്യവസ്ഥയെപ്പോലും മറികടന്ന് കോടതിയുടെ ശകാരം വരെ കേള്‍ക്കാനിട വരുത്തിയ ഭൂമി കുംഭകോണം വരുത്തിവച്ച വിനയാണ് അതിന്റെ ഹേതു.

പ്രഗത്ഭരും ദേവതുല്യരുമായ വൈദികശ്രേഷ്ഠന്മാര്‍ ഭരണം നടത്തിപ്പോന്ന ഒരു അതിരൂപതയുടെ ആകസ്മിക പതനം! ഒരു അതിരൂപതാദ്ധ്യക്ഷന്റെ തികച്ചും ക്രൈസ്തവ വിരുദ്ധമായ അധികാര ദുര്‍വിനിയോഗത്തിന്റെ പരിണത ഫലം! വിയോജിപ്പുള്ള അനുചരരായ സഹപ്രവര്‍ത്തകരെ തന്റെ സ്വാധീനമുപയോഗിച്ച് നിഷ്‌കാതിരാക്കിയ കുത്സിത പ്രവൃത്തി!

അത്തരത്തിലുള്ള ഒരു മേലാളന്‍; സാമൂഹ്യ നീതിക്കു നിരക്കാത്ത പ്രവൃത്തിയാല്‍ ജനമനസ്സുകളില്‍ ഇടം നഷ്ടപ്പെട്ടയാള്‍; കല്പിക്കുന്നതൊന്നും തന്നെ ജനം സ്വീകരിക്കില്ല. തന്റെ സ്ഥാപിത താല്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടാന്‍ സ്തുതിപാഠകരെ നിയമിച്ചു വെല്ലുവിളിക്കുന്ന ഒരധികാരിയെ; വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ച കൃത്യവിലോപത്തിന് രാഷ്ട്രീയ കവചം ചാര്‍ത്തി 'ക്ലീന്‍ ചിറ്റ്' സമ്പാദിച്ച കുശലതയെ നിരസിക്കുന്നതാണ് സാമൂഹ്യനീതിയെന്നറിയുക. പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുദര്‍ശനം കാംക്ഷിക്കുന്ന ജനങ്ങള്‍ ചിന്തിക്കുന്നത് മറ്റൊന്നല്ല. 'പശ്ചാത്തപിക്കുന്ന പാപിക്കാണ് സ്വര്‍ഗ്ഗരാജ്യം.' ഒന്നുകില്‍ പശ്ചാത്തപിക്കുക; ദൈവം പൊറുക്കും. അല്ലെങ്കില്‍ 'ഇടര്‍ച്ച വരുത്തിയ കൈ വെട്ടി എറിയുക'; ദൈവം പൊറുക്കും. ഇവയ്ക്കാവുന്നില്ലെങ്കില്‍ ജനത്തിനു വിടുക. നീതിന്യായ വ്യവസ്ഥ രാജ്യത്തുണ്ട്. ക്രിസ്തുദര്‍ശനങ്ങള്‍ അവഗണിച്ചുള്ള അധമ പ്രവര്‍ത്തനങ്ങള്‍ക്കു 'കഷായ ചികിത്സ' വത്തിക്കാനിലുണ്ട്. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

അനുബന്ധമായി ഒരു പ്രധാന കാര്യം കൂടി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ബലിയര്‍പ്പണ രീതിയുടെ പേരില്‍ എന്തിന് ബലം പിടിക്കുന്നു? എന്താണതിന്റെ മാനദണ്ഡം? ആറു പതിറ്റാണ്ടിനു മുമ്പും അള്‍ത്താരാഭിമുഖ ബലിയായിരുന്നില്ലേ? ബലിയര്‍പ്പിക്കുന്നത് പുരോഹിതന്‍ ജനങ്ങളോടൊപ്പമാണ്. ദിവ്യകാരുണ്യ അഭിമുഖമാണ് ബലിയര്‍പ്പണത്തിന് അഭികാമ്യം. ജനാഭിമുഖ്യം ശീലിച്ചുപോയി എന്നത് ഒരു ന്യായീകരണമല്ല. മറ്റൊന്നും തന്നെ അതിനെ ന്യായീകരിക്കാന്‍ പര്യാപ്തമാകുമില്ല. പൂജാര്‍പ്പണം എപ്പോഴും മൂര്‍ത്തിക്ക് അഭിമുഖമാകണമെന്നാണ് എന്റെ പക്ഷം. പ്രകോപനമാകാതെ ഏതായാലും രണ്ടിലൊന്ന് സ്വീകരിക്കുകയാണ് യഥാര്‍ത്ഥ ക്രൈസ്തവ നീതി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org