മത വിചാരണ കോടതികള്‍, തകര്‍ച്ചയുടെ ചരിത്രം അവര്‍ത്തിക്കപ്പെടുന്നുവോ?

മത വിചാരണ കോടതികള്‍, തകര്‍ച്ചയുടെ ചരിത്രം അവര്‍ത്തിക്കപ്പെടുന്നുവോ?

പീറ്റര്‍ കെ ജോസഫ്

മറ്റ് പല മതങ്ങളില്‍ നിന്നും വ്യത്യസ്തമായി റോം കേന്ദ്രീകൃതമായ ഒരു ഹയരാര്‍ക്കിയല്‍ ഭരണ സംവിധാനമാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാസഭയെ നിയന്ത്രിക്കുന്നത്. യേശുവിന്റെ കുരിശുമരണത്തിനുശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍, തങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് സ്വയം വിളിച്ചിരുന്ന നിരവധി വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമന്‍ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമാക്കി മാറ്റുകയും ഇത്തരം പ്രാദേശിക സഭകളെ റോം കേന്ദ്രീകരിച്ചുള്ള ഒരു ഭരണ സംവിധാനത്തിന്റെ കീഴിലേക്ക് മാറ്റുകയും ചെയ്തു.

ഏ ഡി 325ലെ നിഖ്യ സൂനഹദോസ് മുതല്‍ ആഗോള സഭയിലെ ഭരണപരവും ആശയപരവുമായ തര്‍ക്കങ്ങള്‍ എല്ലാം റോമിന്റെ കീഴിലുള്ള ചര്‍ച്ച് കൗണ്‍സിലുകള്‍ വഴിയാണ് പരിഹരിക്കപ്പെട്ടിരുന്നത്. ഇതിന്റെ ചുവടുപിടിച്ചു പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാഷാണ്ഡതകള്‍ എന്ന് പേരുചൊല്ലി വിളിച്ച ചില ആചാരങ്ങളെയും സഭാനേതൃത്വത്തിനെതിരെയുള്ള ചില നീക്കങ്ങളെയും അടിച്ചമര്‍ത്താനായി മത കോടതികള്‍ സ്ഥാപിതമായി. കത്തോലിക്കാസഭയുടെ ഇരുണ്ട യുഗം എന്ന പേരില്‍ അറിയപ്പെടുന്ന അധ്യായങ്ങളാണ് മതവിചാരണകളുടെ കാലഘട്ടം. 12-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 19-ാം നൂറ്റാണ്ടില്‍ അതിന്റെ പതനം വരെ, സഭയ്ക്കുള്ളിലും പുറത്തും ആശയപരമായി കടുത്ത വിയോജിപ്പും എതിര്‍പ്പും നേരിട്ട സഭാസ്ഥാപനം എന്ന ചീത്തപ്പേര് ഈ കോടതികള്‍ നേടിയിട്ടുണ്ട്.

  • ഉത്ഭവവും ഉദ്ദേശ്യവും

മധ്യകാലഘട്ടത്തില്‍ കത്തോലിക്കാസഭ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികള്‍ക്കുള്ള പ്രതിരോധമായിട്ടാണ് ഇന്‍ക്വിസിഷന്‍ നിലവില്‍ വന്നത്. കുരിശുയുദ്ധകാലത്തും സഭയ്ക്കു വിയോജിപ്പുള്ള പ്രസ്ഥാനങ്ങളുടെ വ്യാപനത്തിന്റെ കാലത്തും അവയെ ഒക്കെ പാഷണ്ഡതകള്‍ എന്ന പേരില്‍ ഉന്മൂലനം പോലുള്ള കടുത്ത ശിക്ഷാ നടപടികള്‍ വഴി അടിച്ചമര്‍ത്തിയും മതവിചാരണ കോടതികള്‍ കുപ്രസിദ്ധി നേടിയിരുന്നു.

  • സ്പാനിഷ് ഇന്‍ക്വിസിഷന്‍

1478-ല്‍ അരഗോണിലെ ഫെര്‍ഡിനാന്‍ഡ് രണ്ടാമനും കാസ്റ്റിലിലെ ഇസബെല്ല ഒന്നാമനും ചേര്‍ന്ന് സ്ഥാപിച്ച സ്പാനിഷ് ഇന്‍ക്വിസിഷന്‍, ഒരുപക്ഷേ, കത്തോലിക്ക മത വിചാരണയുടെ ഏറ്റവും കുപ്രസിദ്ധവും ക്രൂരവുമായ പ്രതിരൂപ മായി അറിയപ്പെടുന്നു. പാഷണ്ഡതകളെ മാത്രമല്ല, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മറ്റു മതസ്ഥരെയുംവരെ മതകോടതികള്‍ അന്ന് വേട്ടയാടി. ശക്തവും സുസംഘടിതവുമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ 'സ്പാനിഷ് ഇന്‍ക്വിസിഷന്‍' അതിവിപുലമായ അധികാരങ്ങള്‍ കൈവശപ്പെടുത്തി. എന്തിന് അന്നത്തെ രാജാക്കന്മാരുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനും അവരോടുള്ള ജനങ്ങളുടെ വിയോജിപ്പുകളെ അടിച്ചമര്‍ത്താനും വരെ സഭയുടെ ഈ സംവിധാനത്തെ പലപ്പോഴും ഉപയോഗിച്ചിരുന്നു.

  • വിവാദങ്ങള്‍

ഇന്‍ക്വിസിഷന്‍ എന്ന ഈ മതവിചാരണകള്‍ സംശയത്തിന്റെ നിഴലിലുള്ളവര്‍ക്കുപോലും വിധിച്ച ശിക്ഷകള്‍ പലപ്പോഴും അതിക്രൂരമായിരുന്നു. തടവ്, പീഡനം തുടങ്ങി സ്‌പെയ്‌നില്‍ മാത്രം 32000 ത്തോളം വധശിക്ഷകള്‍ വരെ ഈ കത്തോലിക്ക കോടതികള്‍ നടപ്പിലാക്കി. സഭയെയും വിശ്വാസത്തെയുമൊക്കെ സംരക്ഷിക്കുന്നതിനും സഭയെ അതിന്റെ ആന്തരിക ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഈ നടപടികള്‍ അത്യാവശ്യമായിരുന്നു എന്ന് അതിന്റെ വക്താക്കള്‍ വാദിക്കുമ്പോള്‍, മറ്റുള്ളവര്‍ അതിനെ, മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ക്രിസ്തുവിന്റെ ദര്‍ശനങ്ങളുടേയുമൊക്കെ കടുത്ത ലംഘനമായി നോക്കിക്കണ്ടു. പലപ്പോഴും നിര്‍ബന്ധിത കുറ്റസമ്മതങ്ങളെയും രഹസ്യവിവരം നല്‍കുന്നവരെയും മാത്രം ആശ്രയിച്ചാണ് ഇന്‍ക്വിസിഷന്‍ ട്രൈബ്യൂണലുകള്‍ പലപ്പോഴും വിധികള്‍ പുറപ്പെടുവിച്ചിരുന്നത്. ഇത് പൊതുസമൂഹത്തില്‍ ഭയത്തിനും, അവിശ്വാസത്തിനും വ്യാപകമായ പ്രതിഷേധത്തിനുമൊക്കെ ഇടയാക്കി.

  • പാരമ്പര്യവും സ്വാധീനവും

കത്തോലിക്ക മതവിചാരണയുടെ പാരമ്പര്യം സങ്കീര്‍ണ്ണവും ബഹുമുഖവുമാണ്. ഒരു വശത്ത്, യൂറോപ്പിന്റെ പല ഭാഗങ്ങളിലും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിലും മത യാഥാസ്ഥിതികത നിലനിര്‍ത്തുന്നതിലും അത് വിജയിച്ചു എങ്കിലും മറുവശത്ത്, അത് നടപ്പിലാക്കിയ രീതികള്‍ അതിരുകടന്നതു സഭയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്പിലെങ്ങും ശക്തമായ കത്തോലിക്ക വിരുദ്ധ വികാരം ഉയരുന്നതിന് ഇതൊരു കാരണമാവുകയും ചെയ്തു. അധികാരം, മതം, വ്യക്തി, മനഃസാക്ഷി എന്നിവയോടുള്ള പൊതു മനോഭാവത്തെ മാറ്റിയെഴുതിക്കൊണ്ട് യൂറോപ്പിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഘടനയിലും ഇന്‍ക്വിസിഷന്‍ കാര്യമായ മാറ്റങ്ങള്‍ക്കിടയാക്കി എന്നതില്‍ തര്‍ക്കമില്ല.

  • ഏറ്റുപറച്ചിലും തെറ്റു തിരുത്തലും.

കഴിഞ്ഞ ദശകങ്ങളില്‍, മതവിചാരണയുടെ തെറ്റുകളും അനീതികളും കത്തോലിക്കാസഭ സ്വയം അംഗീകരിക്കുകയും സമൂഹത്തോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2000-ല്‍ തന്റെ ക്ഷമാപണത്തില്‍, കത്തോലിക്കര്‍ മുന്‍കാലങ്ങളില്‍ ചെയ്ത 'പിശകുകള്‍ക്ക്' കണ്ണീരോടെ പശ്ചാത്താപം പ്രകടിപ്പിച്ചു.

ഏതാണ്ട് 700 വര്‍ഷത്തോളം വത്തിക്കാന്റെ രഹസ്യശേഖരത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന സഭയുടെ ഈ കൊടുംക്രൂരതയുടെ കഥകള്‍ വത്തിക്കാന്‍ തന്നെയാണ് പുറത്തുവിട്ടത്. തുറവിയുടെ ഈ പുതുസമീപനം തികച്ചും അഭിനന്ദനാര്‍ഹമാണെങ്കിലും, സഭാനേതൃത്വം നേരിട്ട് നടപ്പിലാക്കിയ ഈ കൊടുംക്രൂരത സഭയുടെ ക്രൈസ്തവ പ്രതിച്ഛായയ്‌ക്കേല്‍പ്പിച്ച ആഘാതത്തെ അതൊട്ടും കുറയ്ക്കുന്നില്ല എന്നതാണ് സത്യം. ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ അവ്യക്തതകളും വിവാദങ്ങളും കൊണ്ട് കുപ്രസിദ്ധമായ കത്തോലിക്ക മത വിചാരണ, ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും കളങ്കിതവുമായ അധ്യായമായി ഇന്നും അറിയപ്പെടുന്നു.

ഇന്ന് ആഗോള കത്തോലിക്കാസഭ അനുരഞ്ജനത്തിനും സംഭാഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുകയും, ചരിത്രപരമായ ഇത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം എല്ലാവരെയും ഉള്‍ക്കൊളളുന്നതും കൂടുതല്‍ അനുകമ്പ നിറഞ്ഞതുമായ ഒരു സമീപനം പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കുന്നു.

  • പുനര്‍വിന്യാസവും ന്യായീകരണവും

മധ്യകാലഘട്ട സമയത്ത് ന്യായീകരിക്കപ്പെട്ടതുപോലെ, സഭയുടെ ഐക്യത്തിനും സുസ്ഥിരതയ്ക്കും എതിരായ ഭീഷണികളെ ചെറുക്കുന്നതിനും, ക്രിസ്തീയ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടി എന്നൊക്കെയുള്ള ന്യായീകരണത്തോടെയാണ് ഇത്തവണയും വിചാരണ കോടതികളെ സീറോ മലബാര്‍ സഭയില്‍ പുനരവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, എടുത്തു ചാടി നടപ്പാക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം തീരുമാനങ്ങളിലൂടെ യൂറോപ്പിനു സമാനമായ ഒരു വിശ്വാസത്തകര്‍ച്ച ഇവിടെ നേരിടേണ്ടി വന്നാല്‍ പിന്നീട് ക്ഷമാപണങ്ങളിലൂടെ അതു പുനഃസ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് ചരിത്രസത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org