മതാത്മകതയും ആത്മീയതയും രണ്ടാണ്

മതാത്മകതയും ആത്മീയതയും രണ്ടാണ്
Published on
  • ബാബു ഡൊമിനിക്, വൈറ്റില

മതാത്മകത അന്ധമാണ്, പലപ്പോഴും സങ്കുചിതമാണ്. ആത്മീയതയില്‍ ഒരിക്കലും അന്ധതയില്ല. അനന്തമായ ദൈവിക അന്വേഷണത്തിന്റെ നിറവാണ് ആത്മീയത.

മതാത്മകത സാമൂഹ്യമാണ്, ആത്മീയത വ്യക്തിനിഷ്ഠവും സാമൂഹ്യവും ആണ്. മതാത്മകതയും ആത്മീയതയും പലപ്പോഴും വിരുദ്ധമാകാറുണ്ട്. ഓരോ വ്യക്തിയുടേയും ആത്മീയ അന്വേഷണവും ദൈവാനുഭവവും തനതായ സവിശേഷതകളോട് കൂടിയതായിരിക്കും.

മതാത്മകത ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നു. ആത്മീയത ആചാരാനുഷ്ഠാനങ്ങള്‍ക്ക് പുറത്താണ്. മതാത്മകത ആത്മീയതയിലേക്ക് വളരുവാന്‍ മനുഷ്യനെ സഹായിക്കുന്നുണ്ട്. എന്നാല്‍ മതാത്മകത പലപ്പോഴും അപരന്റെ വിശ്വാസ ത്തോട് അസഹിഷ്ണത പുലര്‍ത്തുന്നു. തന്റെ വിശ്വാസം മാത്രമാണ് ശരിയെന്ന് പ്രഖ്യാപിക്കുന്നു. മതാത്മകത ഇല്ലാതെയും വ്യക്തികള്‍ക്ക് ആത്മീയതയിലേക്ക് ഉയരുവാന്‍ കഴിയും.

മതാത്മകത വ്യത്യസ്ത മതങ്ങളെ വേര്‍തിരിക്കുന്നു, വിഭാഗീയത സൃഷ്ടിക്കുന്നു. എന്നാല്‍ ആത്മീയതയുടെ തലത്തില്‍ മതങ്ങള്‍ ഒന്നിക്കുന്നു, ഐക്യം രൂപപ്പെടുന്നു. ആത്മീയത വ്യത്യസ്തമായ ദൈവാന്വേഷണങ്ങളെ അംഗീകരിക്കുന്നു. മതാത്മകതയ്ക്ക് പലപ്പോഴും അതിന് കഴിയാറില്ല. മതാത്മകത മനുഷ്യ നിര്‍മ്മിതമാണ്. ആത്മീയത ദൈവീകമാണ്. മതങ്ങള്‍ തമ്മില്‍ അടുക്കുവാന്‍ വിഷമമാണ്. ആത്മീയതയില്‍ മനുഷ്യര്‍ ദൈവപുത്രരാകുന്നു.

മതങ്ങള്‍ക്ക് തെറ്റുപറ്റാം. ആത്മീയതയില്‍ ദൈവസാന്നിധ്യം ഉണ്ട്. അത് തെറ്റുകയില്ല. മതാത്മകത ഉറങ്ങുന്നവര്‍ക്ക് വേണ്ടിയാണ്. ആത്മീയത ഉണര്‍ന്നിരിക്കുന്നവര്‍ക്ക് വേണ്ടിയാണ്. മതാത്മകത കടുത്ത നിയമങ്ങള്‍ അനുശാസിക്കുന്നു. തെറ്റും ശരിയും അനുശാസിക്കുന്നു, പേടിപ്പെടുത്തുന്നു. തെറ്റുകളെ സപ്രസ് ചെയ്യുന്നു. ആത്മീയതയില്‍ ഉള്ളിലുള്ള ശബ്ദത്തെയാണ് കേള്‍ക്കുന്നത്. എല്ലാത്തിനേയും ചോദ്യം ചെയ്യുന്നു. യുക്തിഭദ്രമായി ചിന്തിക്കുന്നു, തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് ശരികളിലേക്ക് നീങ്ങുന്നു, ആന്തരികസൗഖ്യം നേടുന്നു.

മാതാത്മകത ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു, ആത്മീയത ദൈവത്തെ അറിയുന്നു, ദൈവവുമായി സമരസപ്പെടുന്നു. മതാത്മകത ചോദ്യങ്ങളെ സഹിഷ്ണുതയോടെ കാണുകയില്ല. ആത്മീയത എല്ലാത്തിനെയും ചോദ്യം ചെയ്യുന്നു. മതാത്മകത ചിന്തകളില്‍ ജീവിക്കുമ്പോള്‍, ആത്മീയത അവബോധത്തില്‍ ജീവിക്കുന്നു. മതാത്മകതയില്‍ അഹം വളരുന്നു. ആത്മീയതയില്‍ ഞാന്‍ എന്ന ഭാവം ഇല്ലാതാകുന്നു.

മതാത്മകത കഴിഞ്ഞു പോയതിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഓര്‍മ്മകളില്‍ തളച്ചിടന്നു. ആത്മീയത ഇന്നിന്റെ ദൈവാനുഭവത്തില്‍ ഓരോ നിമിഷവും ജീവിക്കുന്നു. മതാത്മകത സ്വര്‍ഗത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നു. ആത്മീയത ഈ ജീവിതത്തിലും മരണത്തിലും ദൈവത്തെ അനുഭവിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ആന്തരിക സ്വാതന്ത്ര്യം ഉണ്ട്. നല്ലത് എന്തെന്ന് തിരിച്ച റിഞ്ഞു ജീവിക്കുവാനുള്ള അവകാശം ഉണ്ട്. ദൈവത്തിന്റെ ആഗ്രഹം ഏത് എന്ന് വിവേചന ബുദ്ധിയോടെ തിരിച്ചറിയുവാനുള്ള കഴിവുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org