

ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡയറക്ടര്‍, അതിരൂപതാ രേഖാലയം.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സ്ഥാപനത്തെ സംബ ന്ധിച്ചു സംശയങ്ങള്‍ ഉളവാകുന്ന വിധത്തില്‍ 2026 ആഗസ്റ്റ് 19-ലെ സത്യദീപ ത്തില്‍ വായനക്കാരുടെ പ്രതികരണത്തില്‍ ശ്രീ. ജോമോന്‍ തച്ചില്‍ ‘തിരശ്ശീല മറച്ച സത്യങ്ങള്‍‘ എന്ന പേരില്‍ എഴുതിയത് വായിച്ചു. അങ്കമാലി ആശുപത്രി സ്ഥാപി ച്ചത് അങ്കമാലി പള്ളിയല്ല. പള്ളിയുടെ സ്ഥലമോ പള്ളിയുടെ പണമോ ആശു പത്രിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ല. ദിവംഗതനായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടതനുസരിച്ച് ധന്യന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ അതിരൂപതയ്ക്കു വേണ്ടി ആരംഭിച്ചതാണ് അങ്കമാലി ആശുപത്രി. ബഹു. പഞ്ഞിക്കാരനച്ചന്‍ കോതമംഗലത്തുള്ള ധര്‍മ്മഗിരി സ്ഥാപനങ്ങളുടെ ഡയറക്ടറും ബഹു. തോമസ് തളിയത്തച്ചന്‍ അങ്കമാലിപ്പള്ളി വികാരിയുമായിരുന്ന കാലത്ത് ഇരുവരും കൂടി അതിരൂപതവകയായി അങ്കമാലിയില്‍ തുടക്കംകുറിച്ച ആതുരാലയമാണ് ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍. 1930-ല്‍ അങ്കമാലിക്കു സമീപമുള്ള കൊരട്ടിയില്‍ (തിരുമുടിക്കുന്ന്) പ്രൊട്ടസ്റ്റന്റ് സഭയായ സാൽവേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചിരുന്നു. ഇവരുടെ നേതൃത്വ ത്തില്‍ 1930-ല്‍ തന്നെ തിരുമുടിക്കുന്നില്‍ ഒരു കുഷ്ഠരോഗാശുപത്രിയും പ്രവര്‍ത്തിച്ചു തുടങ്ങി.
സുറിയാനി കത്തോലിക്കരുടെ പ്രമുഖ കേന്ദ്രമായി ഇക്കാലത്ത് അറിയപ്പെട്ടിരുന്ന അങ്കമാലിയില്‍ സാല്‍വേഷന്‍ ആര്‍മി യുടെ വകയായി ഒരു ഡിസ്പന്‍സറി ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അങ്കമാലിപ്പള്ളി വികാരിയായ ബഹു. തളിയത്തച്ചന്‍, അക്കാലത്തു കേരളത്തി ലുണ്ടായിരുന്ന ദാരിദ്ര്യം ജനങ്ങളെ പ്രൊട്ടസ്റ്റന്റ് മിഷനറിമാരിലേക്കും അവരുടെ സഭയിലേക്കും ആകര്‍ഷിക്കാന്‍ ഡിസ്പൻ സറിയും അവരുടെ പ്രേഷിതവേലയും കാരണമാകുമെന്ന് ഭയപ്പെട്ടു. ആകയാല്‍ സാല്‍വേഷന്‍ ആര്‍മിയുടെ ഡിസ്‌പെൻ സറിക്കു പകരമായി അങ്കമാലിയില്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് അഭ്യര്‍ത്ഥിച്ചു ബഹു. തളിയത്തച്ചന്‍ മെത്രാപ്പോലീത്താക്കു കത്തെഴുതി. പ്രസ്തുതകത്തിന്റെ പശ്ചാത്തലത്തില്‍ അങ്കമാലിയില്‍ ഒരു ഡിസ്പന്‍സറി കോതമംഗലത്തു സ്ഥാപിതമായിരിക്കുന്ന ധര്‍മ്മഗിരി ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്നതിനെക്കുറിച്ചു മെത്രാപ്പോലീ ത്തായും ബഹു. തളിയത്തച്ചനും ധര്‍മ്മഗിരി സ്ഥാപനങ്ങളുടെ ഡയറക്ടറായ ബഹു. പഞ്ഞിക്കാരനച്ചനുമായി ചര്‍ച്ച ചെയ്തു. പ്രസ്തുത ചര്‍ച്ചകളുടെ പശ്ചാത്ത ലത്തിലാണ് അങ്കമാലിയിലും അതിരൂപതാ വകയായി ഒരു ഡിസ്പന്‍സറി ആരംഭിക്കു ന്നതിനുള്ള തീരുമാനമുണ്ടായത്.
ഇതിനെക്കുറിച്ച് മെത്രാപ്പോലീത്ത തന്റെ ഡയറിയില്‍ ഇപ്രകാരം എഴുതി യിരിക്കുന്നു: ‘’1936 ജനുവരി 24: അങ്കമാലി യില്‍ ആശുപത്രി തുടങ്ങുന്നതിനു ചര്‍ച്ച കള്‍ നടത്തി. ഡോ. പഞ്ഞിക്കാരനച്ചന്‍ മരുന്നു കൂടാതെ മാസംതോറും അമ്പതു രൂപ വേണ്ടിവരുമെന്ന് പറഞ്ഞു (ഡോക്ടറിനു 25/- രൂപയും, കമ്പൊണ്ടറിനു 25/- രൂപയും). മരുന്നു ആദ്യം ധര്‍മ്മഗിരി യില്‍നിന്നു അവിടെ extra ഉള്ളതു കൊണ്ടുപോന്നാല്‍ മതിയെന്നും (for about 300 worth) പിന്നീടു മരുന്നു വിലയില്‍നിന്നും നടക്കുമെന്നും പറഞ്ഞു. Rs. 50/-ല്‍ ഒരു ഭാഗംകൂടി കിട്ടിയേക്കു മെന്നും അദ്ദേഹം ധര്‍മ്മഗിരിയില്‍ ഡോക്ടറുമായി ആലോചിച്ചതില്‍ പറഞ്ഞുവെന്നു പറഞ്ഞു. സാല്‍വേഷന്‍ ആര്‍മിക്കാര്‍ കൊരട്ടിയില്‍ കുഷ്ഠരോഗാശു പത്രിയില്‍ നിന്നുവന്നു (ആഴ്ചയില്‍ മൂന്നുപ്രാവശ്യം) ചികിത്സ അങ്കമാലിയില്‍ തുടങ്ങാന്‍ പോകുന്നുവെന്നു അറിയുന്നതുകൊണ്ടും ഇങ്ങനെ അവര്‍ മറ്റു ഇടത്തൂട്ടുകാരെകൂട്ടി കത്തോലിക്കരുടെ ആത്മനാശം വരുത്തുമെന്നു കാണുക കൊണ്ടും ഇങ്ങനെയുള്ള ഭയം ഉണ്ടെന്നു വികാരി എഴുതുക കൊണ്ടും അവിടെ ഒരു ആശുപത്രി തുടങ്ങാമെന്നു ആലോചിച്ചു തീരുമാനിച്ചു. അവിടങ്ങളിലെ പള്ളികളില്‍നിന്നു കിട്ടുന്ന contribution വാങ്ങിക്കണ മെന്നും പറഞ്ഞുവച്ചു. മലയാറ്റൂരാണു പ്രധാനമായും കരുതിവച്ചിരിക്കുന്നത്. ധര്‍മ്മഗിരിയിലെ ഒരു ബ്രാഞ്ച് ആയിട്ടാണു പഞ്ഞിക്കാരനച്ചന്‍ ഇവിടെ തുടങ്ങാന്‍ പോകുന്നത്. അവിടെ മൂന്നു ഡോക്ടര്‍മാരുള്ള തില്‍ ഒരാള്‍ ഇങ്ങോട്ടുവരും.’’
അതിരൂപതാവകയായിരുന്ന കോതമംഗലത്തെ ധര്‍മ്മഗിരി ആശുപത്രിയുടെ ശാഖയായിട്ടാണ് അങ്കമാലിയിലെ ആശുപത്രിക്കു തുടക്കംകുറിച്ചത്. ആശുപത്രി ആരംഭിക്കാന്‍ അങ്കമാലി ഫൊറോനപ്പള്ളി വക കെട്ടിടങ്ങളോ സ്ഥലമോ എടുക്കേണ്ടതില്ല എന്ന തീരുമാനവും മെത്രാപ്പോലീത്തായു ടേതായിരുന്നു. മാത്രമല്ല, ആശുപത്രി ക്കെട്ടിടം പണിയുന്നതിനു പള്ളിവക സ്ഥലമൊന്നും ഉപയോഗിക്കേണ്ട തില്ലെന്നും മെത്രാപ്പോലീത്ത കല്പിച്ചിരുന്നു. എന്തെന്നാല്‍ അതിരൂപതവകയായി ആരംഭിച്ച ആശുപത്രിയുടെ ഉടമസ്ഥതയെ ക്കുറിച്ചു പില്ക്കാലത്തു സംശയങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണു ഇപ്രകാരമൊരു തീരുമാനം മെത്രാപ്പോലീത്ത കൈക്കൊണ്ടത്. അതുകൊണ്ട് ചന്തയിലെ ഒരു വാടകക്കെട്ടിടത്തില്‍ ആശുപത്രി ആരംഭിക്കാന്‍ തീരുമാനിച്ചു.
മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വാടകക്കെട്ടിടത്തില്‍ 1936 ഫെബ്രുവരി 9-നു അങ്കമാലിയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. ഇതിനെക്കുറിച്ചു മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത ഡയറിയില്‍ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “ഫെബ്രുവരി 10, 1936 തിങ്കള്‍: ഇന്നലെ അങ്കമാലിയില്‍ ‘ധര്‍മ്മഗിരി’ ആശുപത്രിയുടെ ശാഖയായി ഡോ. പഞ്ഞിക്കാരനച്ചന്‍, തളിയത്ത് വി. തോമ്മാച്ചന്റെ (ഫൊറോന വികാരി) പ്രത്യേക താല്പര്യത്താല്‍ ഒരു കത്തോലിക്കാ ഡോക്ടറിന്റെ (ഡോ. ഉണ്യാടന്‍) മേല്‍നൊട്ടത്തില്‍ ഒരു ആശുപത്രി തുറന്നതായി എഴുത്തുകിട്ടി. ആദ്യം നമ്മുടെ ഇംഗ്ലീഷ് സ്‌ക്കൂളിന്റെ അരികെയാണു നിശ്ചയിച്ചതെ ങ്കിലും പിന്നീടു 7/- രൂപ കൂലിക്ക് (വാടക) ചന്തയില്‍ ഒരു പുത്തൻ കൂറ്റുകാരന്റെ സ്ഥലം എടുത്താണു തുടങ്ങിയിരിക്കുന്നത്.’’ ആശുപത്രിയുടെ തുടക്കത്തെ ക്കുറിച്ച് എറണാകുളം മിസ്സത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: “1936 ഫെബ്രുവരി 10-നു ധര്‍മ്മഗിരി ആശുപത്രി നടത്തുന്ന പഞ്ഞിക്കാരന്‍ ബഹു. ഔസേപ്പച്ചന്റെ സഹായ ത്തോടുകൂടി അങ്കമാലിയില്‍ ഒരു ചെറിയ ആശുപത്രി തുടങ്ങി’’ (എറണാകുളം മിസ്സം, 1936 മെയ്, p. 114).
1936 മാര്‍ച്ച് 23-നു കണ്ടത്തില്‍ മെത്രാപ്പോലീത്ത, അങ്കമാലിയില്‍ തുടങ്ങിയ ആശുപത്രി സന്ദര്‍ശിക്കുകയുണ്ടായി. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഡയറിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: “മാര്‍ച്ച് 23, 1936 തിങ്കള്‍: ചെങ്ങലില്‍നിന്നും വരുന്ന വഴിക്കു അങ്കമാലി ചന്തയില്‍ ധര്‍മ്മഗിരിയുടെ ശാഖയായി തുടങ്ങിയിട്ടുള്ള ആശുപത്രി കയറി കണ്ടു. വികാരി തൊമ്മാച്ചനും (തളിയത്ത് വി. അവിടെയുണ്ടായി രുന്നു. ഡോക്ടര്‍, നഴ്‌സ്, കമ്പോണ്ടര്‍, പീയുണ്‍ ഇത്രയും പേരുണ്ട്. ഞാന്‍ 11 മണി കഴിഞ്ഞാണു ചെന്നത്. ഇന്നു 14 പേര്‍ പുതുതായി മരുന്നിനു വന്നിരുന്നു എന്നു പറഞ്ഞു. സാല്‍വേഷന്‍ ആര്‍മിയുടെ വക കൊരട്ടി കുഷ്ഠ രോഗാശുപത്രിയിലെ ഡോക്ടര്‍ അങ്ങാടിയിലെക്കു വരുന്നതു വഴിക്കു കണ്ടു. ആഴ്ചയില്‍ മൂന്നു തവണ വരുന്നുണ്ട്. നമ്മുടെ കത്തോലിക്കരില്‍ ചിലരുടെ താല്പര്യപ്രകാരമാണു വരുന്നത്!! അതു കണ്ടുംവച്ച് പള്ളിയിലേക്കുപോയി. അവിടെ ഊണും കാപ്പിയും കഴിഞ്ഞ് 4 മണിക്കു മഠത്തിലേക്കു പോയി.’’
അങ്കമാലി പള്ളിവക സ്ഥലത്ത് ആശുപത്രി സ്ഥാപിക്കുന്നതിന് ആലോചനയുണ്ടായെങ്കിലും അതിരൂപതാവകയായി ആശുപത്രി സ്ഥാപിക്കണമെന്നു മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ പള്ളിവക സ്ഥലം വേണ്ടെന്നുവച്ചു അങ്കമാലി ചന്തയില്‍ വാടകക്കെട്ടിടത്തിലാണ് ആശുപത്രിക്കു തുടക്കംകുറിച്ചത്.
ആശുപത്രിയുടെ നാമധേയം
ആദ്യത്തെ വാടകക്കെട്ടിടത്തില്‍ നിന്നും ഒമ്പതു മാസങ്ങള്‍ക്കുശേഷം 1936 ഒക്‌ടോബര്‍ 1-നു കിഴക്കേപ്പള്ളി ക്കു സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റി. (ഈ കെട്ടിടവും വാടകക്കെട്ടിടമായി രുന്നെങ്കിലും വാടക കൊടുക്കേണ്ടിയിരുന്നില്ല). വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിവസത്തില്‍ അങ്കമാലിയില്‍ പുതിയ സ്ഥലത്ത് ആശുപത്രിയുടെ (ഡിസ്പന്‍സറി) പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചപ്പോള്‍ ആശുപത്രിക്കു വിശുദ്ധ കൊച്ചു ത്രേസ്യയുടെ നാമധേയം നല്കപ്പെട്ടു. വിശുദ്ധ കൊച്ചു ത്രേസ്യായുടെ അപരനാമ മാണല്ലോ ‘ചെറുപുഷ്പം’ എന്നത്. അതിനെ ആംഗലേയഭാഷയില്‍ ‘ലിറ്റില്‍ ഫ്‌ളവര്‍’ എന്നും വിളിക്കുന്നു. അങ്കമാലിയില്‍ ആരംഭിച്ച ആശുപത്രിക്കു വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമധേയം നല്കി ‘ചെറുപുഷ്പാശുപത്രി’ (Little Flower Hospital) എന്നു പേരു നിര്‍ദ്ദേശിച്ചത് വിശുദ്ധയുടെ ഭക്തനായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്താ തന്നെയാണ്.
LF ആശുപത്രിയുടെ ശൈശവം
ബഹു. പഞ്ഞിക്കാരനച്ചന്‍ ഡയറക്ടറായും ബഹു. തളിയത്തച്ചന്‍ ലോക്കല്‍ മാനേജറായും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയി. 1937 ഫെബ്രുവരി 2-നു (കൊ.വ. 1113 മകരം 19) ആശുപത്രി സ്ഥാപിക്കുന്നതിനു വേണ്ടി ഒരു പുരയിടം (28.32 ആര്‍) അങ്കമാലി ചന്തയ്ക്കു സമീപം തീറുവാങ്ങി. അതിരൂപതാകേന്ദ്ര ത്തില്‍ നിന്നാണു വസ്തുവിനു വേണ്ട തുക നല്കിയത്. പ്രസ്തുത പുരയിടത്തില്‍ ഉണ്ടായിരുന്ന കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ 1937 മാര്‍ച്ച് 19-നു അങ്ങോട്ടേയ്ക്കു മാറ്റി. ആരംഭത്തില്‍ രണ്ടു കിടക്കകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലം വാങ്ങാന്‍ മാത്രമല്ല, അവിടെ കെട്ടിടം പണിയാനും ആവശ്യമായ സംഖ്യയില്‍ ഗണ്യമായ വിഹിതം മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാ പ്പോലീത്ത അതിരൂപതാ കേന്ദ്രത്തില്‍നിന്നും ബഹു. മോണ്‍. പഞ്ഞിക്കാരനു നല്കി. ആശുപത്രി സ്ഥാപനത്തിനും നടത്തിപ്പിനും വേണ്ട ബാക്കി തുക മുഴുവന്‍ മോണ്‍. പഞ്ഞി ക്കാരന്‍ തന്നെയാണു കണ്ടെ ത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ബഹു. പഞ്ഞിക്കാരന ച്ചന്റെയും ബഹു. തളിയത്ത ച്ചന്റെയും പരിശ്രമഫലമായി ആശുപത്രിയുടെ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്നും പ്രതിമാസം 50/- രൂപ ഗ്രാന്റ് ലഭിക്കാന്‍ തുടങ്ങി. ട്രാവന്‍കൂര്‍ സ്റ്റേറ്റിന്റെ സര്‍ജന്‍ ജനറല്‍ (Surgeon General Travancore) 1939-ല്‍ (?) ആശുപത്രിയുടെ ശൈശവദശയില്‍ ആശുപത്രി സന്ദര്‍ശിക്കുകയും പ്രതിമാസം 50/- രൂപ സര്‍ക്കാരില്‍നിന്നും ഗ്രാന്റ് (grant-in-aid) അനുവദിക്കുകയും ചെയ്തു. ഈ സഹായഹസ്തം ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്നു. 1954-ല്‍ അങ്കമാലിയില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍-പ്രാഥമിക ആരോഗ്യകേന്ദ്രം-സ്ഥാപിതമായതോടെ മേല്‍പറഞ്ഞ സര്‍ക്കാര്‍ ഗ്രാന്റ് നിറുത്തല്‍ ചെയ്യപ്പെട്ടു.
വസ്തു വാങ്ങല്‍
1937-ല്‍ വാങ്ങിയ പുരയിടത്തിനോടു ചേര്‍ന്നു തെക്കു വശത്തു സ്ഥിതിചെയ്തിരുന്ന പുരയിടവും അതിലുള്ള കെട്ടിടവും ആശുപത്രിയുടെ ആവശ്യത്തിലേക്കു തീറുവാങ്ങുന്നതിന് അനുവാദത്തിനായി ബഹു. മേക്കുന്നേലച്ചന്‍ കച്ചേരിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇപ്രകാരമായിരുന്നു: “എറണാ കുളം അതിരൂപതയുടെ മഹാ വന്ദ്യ ദിവ്യശ്രീ കണ്ടത്തില്‍ മാര്‍ ആഗസ്തീനോസ് മെത്രാപ്പോലീ ത്താ മുമ്പാകെ അങ്കമാലിപള്ളി വികാരി ബോധിപ്പിക്കുന്നത്. ഇവിടത്തെ അതിരൂപതാവക ചെറുപുഷ്പ ആശുപത്രിയുടെ തൊട്ടു റോഡിന്റെ തെക്കുവശ ത്തു സ്ഥിതിചെയ്യുന്ന ഒരു കെട്ടിടവും 36 - സെന്റ് സ്ഥല വും 325/- രൂപയ്ക്ക് ആര്‍ക്കെ ങ്കിലും കൊടുക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു. പള്ളിയില്‍നിന്നും വിദഗ്ധരെ വിട്ടു നോക്കിയതില്‍ വില ഒട്ടും കൂടുതലല്ലെന്നു പറ യുന്നു. ഈ സ്ഥലം ആശുപത്രി യുടെ ആവശ്യത്തിലേക്കു വാങ്ങിക്കണമെന്നു തളിയത്ത് ബഹു. തോമ്മാച്ചന്‍ അവിടെ ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. അതിനെതുടര്‍ന്ന് അതു വാങ്ങി ക്കേണ്ടതാണെന്നു ഞാനും ബോധിപ്പിച്ചുകൊള്ളുന്നു. തല്ക്കാലം ഇവിടെ പണമില്ല. അതിനാല്‍ പണം അവിടെനിന്നു തരികയോ അല്ലാത്തപക്ഷം ആശുപത്രിയില്‍ ബാക്കിയുള്ളത് എടുക്കുന്നതിനും ബാക്കി കടമോ വായ്പയോ വാങ്ങി ഈ കാര്യം നടത്തുന്നതിനും അനു മതിയും കല്പനയും ആശീര്‍വ്വാദ വും നല്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന്, 1940 ആഗസ്റ്റ് 2-ന് ടി പള്ളി വികാരി(ഒപ്പ്)’’. അപേക്ഷ പ്രകാരം വസ്തു വാങ്ങുന്നതിന് അനുവദിച്ച് 03-08-1940-ല്‍ EP. No. 4511 നമ്പറായി കല്പന ലഭിച്ചു. കല്പനപ്രകാരം വസ്തു തീറുവാങ്ങി.
1942 ഫെബ്രുവരി 11-നു ബഹു. ജോസഫ് പഞ്ഞിക്കാ രനച്ചന്‍ (Sr) അങ്കമാലിപ്പള്ളി വികാരിയും ആശുപത്രി മാനേജറുമായി ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്ത് പല പ്രാവശ്യമായി ആശുപത്രിപുര യിടത്തോടു ചേര്‍ന്നുള്ള വസ്തുക്കള്‍ തീറുവാങ്ങുകയു ണ്ടായി. മേല്പറഞ്ഞ വസ്തുക്കള്‍ വാങ്ങുന്നതിന് ആവശ്യമായ തുക ആശുപത്രിയുടെ നീക്കി യിരിപ്പില്‍നിന്നും എടുക്കുകയും തികയാത്തത് അതിരൂപതാ കേന്ദ്രത്തില്‍നിന്നും വായ്പ യായി വാങ്ങുകയും ചെയ്തു. 1946 കാലഘട്ടത്തില്‍ ഡോ. മാത്യു മാണിക്കത്ത് ഡോക്ടറായിട്ടുള്ള ഈ സ്ഥാപനം എട്ടു കിടക്കകളുള്ള ഒരു ചെറു ആശുപത്രി (ഡിസ്പന്‍സറി) മാത്രമായിരുന്നു.
ആദ്യത്തെ വാടകക്കെട്ടിടത്തില്‍ നിന്നും ഒമ്പതു മാസങ്ങള്‍ക്കു ശേഷം 1936 ഒക്‌ടോബര്‍ 1-നു കിഴക്കേപ്പള്ളിക്കു സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റി. (ഈ കെട്ടിടവും വാടകക്കെട്ടിടമായിരുന്നെങ്കിലും വാടക കൊടുക്കേണ്ടിയിരുന്നില്ല). വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിവസത്തില്‍ അങ്കമാലിയില്‍ പുതിയ സ്ഥലത്ത് ആശുപത്രിയുടെ (ഡിസ്പന്‍സറി) പ്രവര്‍ത്തനങ്ങൾക്കു തുടക്കം കുറിച്ചപ്പോള്‍ ആശുപത്രിക്കു വിശുദ്ധ കൊച്ചു ത്രേസ്യയുടെ നാമധേയം നല്കപ്പെട്ടു.
ഭരണ നിര്‍വ്വഹണത്തിലെ മാറ്റങ്ങള്‍
ബഹു. മോണ്‍. പഞ്ഞിക്കാരനച്ചന്റെ കാലത്തു 1947-ല്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത അങ്കമാലി ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുന്നതിനു തീരുമാനിച്ചു. ചെറുപുഷ്പം ആശുപത്രിക്കു ഡയറക്ടര്‍ & മാനേജര്‍ എന്നിങ്ങനെ രണ്ടു ഭരണനേതൃത്വങ്ങള്‍ ഉണ്ടായിരുന്നാല്‍ അത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിവികസനങ്ങള്‍ക്കും ഉപകാരപ്രദമാവില്ല എന്ന ചിന്തകൊണ്ടും ധര്‍മ്മഗിരിയുടെ ശാഖാസ്ഥാപന മായി ചെറുപുഷ്പാശുപത്രിയെ മുന്നോട്ടു കൊണ്ടുപോകു ന്നതില്‍ പ്രസക്തിയില്ലായെന്നു തോന്നുകയാലും അങ്കമാലി ആശുപത്രിയെ 1947-ല്‍ ധര്‍മ്മ ഗിരിയില്‍നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി. ഡയറക്ടര്‍ & മാനേജര്‍ എന്നീ രണ്ടു നേതൃസ്ഥാനങ്ങള്‍ക്കു പകരം ഡയറക്ടര്‍ സ്ഥാനം മാത്രമായി നേതൃത്വത്തെ ക്രമപ്പെടുത്തി. അതിനെത്തു ടര്‍ന്നു മോണ്‍. പഞ്ഞിക്കാരനച്ചന്‍ അങ്കമാലി ആശുപത്രിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുകയും അങ്കമാലിപ്പള്ളി വികാരിയായി രുന്ന ബഹു. ജോസഫ് പഞ്ഞിക്കാരനച്ചനെ (Sr) ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
അതിരൂപതാവകയായ അങ്കമാലി ആശുപത്രിയുടെ ചുമതല പൂര്‍ണ്ണമായും അങ്കമാലി വികാരി ബഹു. പഞ്ഞിക്കാരനച്ചനെ ഏല്പിച്ച് 01-09-1947-ല്‍ Mis. No. 5372 നമ്പറായി കല്പന നല്കി. ധന്യന്‍ മോണ്‍. പഞ്ഞിക്കാരനച്ചന്‍ 1944-ല്‍ കോതമംഗലത്തെ ധര്‍മ്മഗിരിയില്‍ സ്ഥാപിച്ച സന്യാസിനീസമൂഹമായിരുന്നു മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (MSJ). 1944 ഒക്‌ടോബര്‍ 31-നാണു മെത്രാ പ്പോലീത്ത ഈ സന്യാസിനീ സമൂഹം തുടങ്ങുന്നതിന് ബഹു. പഞ്ഞിക്കാരനച്ചന് അനുവാദം നല്കിയത്. 1947-ല്‍, അദ്ദേഹം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ ഡയറക്ടറായിരുന്ന കാലഘട്ട ത്തില്‍തന്നെ, ഈ സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ ആതുരശുശ്രൂഷയ്ക്കായി അങ്കമാലി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. MSJ സന്യാസിനീ സമൂഹത്തില്‍ ഒന്നും രണ്ടും അംഗങ്ങളായി പ്രവേശിച്ച സിസ്റ്റര്‍ ഹൈസിന്ത (Mother Hyacintha)-യും സിസ്റ്റര്‍ ഇന്‍ഫന്റയും (Mother Infanta) അങ്കമാലിയില്‍ ആരംഭകാലത്ത് ശുശ്രൂഷയ്‌ക്കെ ത്തിയ പ്രഥമ അംഗങ്ങളായി രുന്നു. ആതുരശുശ്രൂഷ (മെഡി ക്കല്‍ സര്‍വ്വീസസ്) തങ്ങളുടെ പ്രത്യേക കാരിസമായി എടുത്തു സന്യാസജീവിതം നയിക്കുന്ന വരാണു MSJ സന്യാസിനീ സമൂഹത്തിലെ കന്യാസ്ത്രീകള്‍. LF ആശുപത്രിയുടെ പ്രവര്‍ത്തന ങ്ങള്‍ക്കും വളര്‍ച്ചയ്ക്കും MSJ സന്യാസിനികളുടെ സേവനം അത്യാവശ്യമാണെന്ന ചിന്തയുടെ ഫലമായി മോണ്‍. പഞ്ഞിക്കാരനച്ചന്‍ അവരുടെ സേവനം ആശുപത്രിക്കു ലഭ്യമാക്കി. (ഇവരുടെ അവിശ്രാന്ത പരിശ്രമവും അദ്ധ്വാനവും സേവനശുശ്രൂഷകളും LF ആശുപത്രിയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായിട്ടു ണ്ടെന്ന വസ്തുത അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്).
ഫുള്‍ടൈം ഡയറക്ടറുടെ നിയമനം
1936 മുതല്‍ 1947 വരെ അങ്കമാലിപ്പള്ളി വികാരി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ മാനേജറായും 1947 മുതല്‍ ആശുപത്രിയുടെ മുഴുവന്‍ ചുമതലക്കാരനായ ഡയറക്ട റായും സേവനമനുഷ്ഠിച്ചിരുന്നു. ആശുപത്രി വളര്‍ന്നു വികസിച്ച പശ്ചാത്തലത്തില്‍ അങ്കമാലി പ്പള്ളി വികാരി പള്ളിയുടെയും ആശുപത്രിയുടെയും ചുമതല കള്‍ ഒരുമിച്ചു വഹിക്കുന്നതു മൂലം രണ്ട് ഉത്തരവാദിത്വങ്ങ ളോടും ഒരുപോലെ നീതിപുലർ ത്തുക എളുപ്പമായിരുന്നില്ല. മാത്രമല്ല, ആശുപത്രിക്കു മുഴുവന്‍ സമയ ഡയറക്ടറുടെ സേവനം അത്യാവശ്യമായിരുന്നു താനും. ഈ പശ്ചാത്തലത്തില്‍ പള്ളിവികാരിയുടെ ചുമതലകള്‍ ഒഴിവാക്കി കൊടുക്കുന്നതിനു മെത്രാപ്പോലീത്താ തീരുമാനിക്കുകയും ബഹു. പാറ യ്ക്കലച്ചനെ ES. No. 4031 നമ്പര്‍ കല്പനവഴി അങ്കമാലി പള്ളിയുടെ വികാരിത്വത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. കല്പന പ്രകാരം ബഹു. പാറയ്ക്കലച്ചന്‍ അങ്കമാലിപ്പള്ളിയുടെ ചുമതല കള്‍ ഒഴിയുകയും ആശുപത്രി യുടെ മുഴുവന്‍ സമയ ഡയറക്ട റായി മാറുകയും ചെയ്തു.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ ഉത്ഭവത്തെയും പില്ക്കാലങ്ങളിലെ ഭരണസംവിധാനങ്ങളെയും ആസ്പദമാക്കി ആശുപത്രിയുടെ ഉടമസ്ഥത സംബന്ധിച്ചു പല അഭ്യൂഹങ്ങളും ഉണ്ടാകുന്നതിനു കാരണമായിട്ടുണ്ട്. കോതമംഗലത്തു സ്ഥാപിതമായ ധര്‍മ്മഗിരി ആശുപത്രിയുടെ ശാഖയായിട്ടാണു 1936-ല്‍ അങ്കമാലിയില്‍ ചെറുപുഷ്പാശുപത്രിക്കു തുടക്കംകുറിച്ചതെന്നു അന്യത്ര സൂചിപ്പിച്ചുവല്ലോ. എറണാകുളം അതിരൂപതാവകയായിരുന്ന ധര്‍മ്മഗിരി ആശുപത്രി പില്ക്കാലത്ത് MSJ സന്യാസിനീസമൂഹത്തിന്റെ ഉടമസ്ഥതയില്‍ എത്തിച്ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അങ്കമാലി ആശുപത്രിയും MSJ സന്യാസിനീ സമൂഹത്തിന്റേതായിരുന്നു എന്ന തെറ്റിദ്ധാരണ ചുരുക്കം ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ധര്‍മ്മഗിരിയും ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും ഈ സന്യാസിനീസമൂഹത്തിന്റെ ഉത്ഭവത്തിനു വളരെ മുമ്പുതന്നെ എറണാകുളം അതിരൂപതാവകയായി സ്ഥാപിക്കപ്പെട്ടവയാണെന്ന് ആരംഭത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ.
അങ്കമാലി ഫൊറോനപ്പള്ളി വികാരി LF ആശുപത്രിയുടെ ആരംഭകാലഘട്ടം മുതല്‍ മാനേജറായും പിന്നീടു ഡയറക്ടറായും സേവനം ചെയ്തിരുന്നു. ബഹു. തോമസ് തളിയത്തച്ചന്‍ മുതല്‍ ബഹു. ചെറിയാന്‍ പാറയ്ക്കലച്ചന്‍വരെ ഏഴു വികാരിമാര്‍ LF ആശുപത്രിയുടെ ഡയറക്ടര്‍മാരായിരുന്നു. അങ്കമാലിപ്പള്ളി വികാരിമാര്‍ LF ആശുപത്രിയുടെ ഡയറക്ടര്‍മാരായിരുന്ന പശ്ചാത്തലത്തില്‍ ഈ ആശുപത്രി പള്ളിവക ആശുപത്രിയായിരുന്നുവെന്നും പില്ക്കാലത്ത് അതിരൂപത ഇത് ഏറ്റെടുത്തതാണെന്നും ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ ആതുരാലയത്തിന്റെ നടത്തിപ്പു ചുമതല അങ്കമാലി പള്ളി വികാരിയെ ഏല്പിച്ചിരുന്നു എന്നതാണു സത്യം.
അങ്കമാലി പള്ളിവക സ്ഥലത്ത് ആശുപത്രി സ്ഥാപിക്കുന്നതിന് ആലോചനയുണ്ടായെങ്കിലും അതിരൂപതാവകയായി ആശുപത്രി സ്ഥാപിക്കണമെന്നു മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ പള്ളിവക സ്ഥലം വേണ്ടെന്നുവച്ചു അങ്കമാലി ചന്തയില്‍ വാടകക്കെട്ടിടത്തിലാണ് ആശുപത്രിക്കു തുടക്കംകുറിച്ചത്. ആശുപത്രി സ്ഥാപിക്കാന്‍ മെത്രാപ്പോലീത്തായുടെ പേരില്‍ അതിരൂപതാവകയായി സ്ഥലം വാങ്ങുകയാണ് ചെയ്തത്. തുടര്‍ന്നങ്ങോട്ടു വാങ്ങിയ സ്ഥലങ്ങളും ആശുപത്രിക്കുവേണ്ടി മെത്രാപ്പോലീത്തായുടെ പേരില്‍ അതിരൂപതാ വകയായിട്ടാണു വാങ്ങിയത്. അതുകൊണ്ടു ആശുപത്രിവക സ്ഥലങ്ങള്‍ക്കു മുഴുവനും തണ്ടപ്പേര്‍ മെത്രാപ്പോലീത്തായുടേതാണ്. എന്നാല്‍ ആശുപത്രിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പള്ളയില്‍നിന്നും സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാന്‍ പാടില്ല. പല പ്രാവശ്യം പള്ളിയില്‍നിന്നും പണം വായ്പയായി ആശുപത്രിയിലേക്കു വാങ്ങിയിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ അതിരൂപതാ രേഖാലയത്തില്‍ കാണാം.