
ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
കുറച്ചുകാലം ഫണംചുരുട്ടി ഒളിച്ചിരുന്ന 'റാഗിങ്' എന്ന കാര്‍ക്കോടകന്‍ വര്‍ഷാരംഭം മുതല്‍ തന്നെ, പ്രൊഫഷണല്‍ കോളേജുകളിലേക്ക് വലതുകാല്‍ വച്ചിരിക്കുന്നു. ഒരു പുഞ്ചിരിയോ 'സ്വാഗതം' എന്ന ഒരു വാക്കോ ഉപയോഗിക്കേണ്ട സ്ഥാനത്ത് ക്രൂരമായ റാഗിങിന് വിധേയമാക്കുന്നത് വിദ്യാസമ്പന്നമായ നമ്മുടെ നാടിന് ചേര്‍ന്നതാണോ? കൊളോണിയാല്‍ അധികാരത്തോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് ഇത് ക്രമേണ ബ്രിട്ടീഷുകാര്‍ വെട്ടിപ്പിടിച്ച രാജ്യങ്ങളിലേക്ക് പകരുകയായിരുന്നു. ഇതിന്റെ ഉത്ഭവ കാലത്തെ ലക്ഷ്യം വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ ശാക്തീകരിക്കുക എന്നായിരുന്നു.
ഗൗരവ പ്രകൃതക്കാര്‍, ''തൊട്ടാല്‍ വാടികള്‍'', ഭീരുക്കള്‍ എന്നിവരെ തമാശ പ്രയോഗങ്ങള്‍, ലളിതമായ പാട്ട് എന്നിവയുടെ അകമ്പടികളോടെ തങ്ങളുടെ കഠിനമായ സിലബസ്സിനെ നേരിടാനൊരു കൈത്താങ്ങായിട്ടായിരുന്നു ഇതിന്റെ ആരംഭം. ഇപ്പോള്‍ കൈത്താങ്ങിനു പകരം കൈകാലുകള്‍ തല്ലിയൊടിക്കുക, ലൈംഗിക അതിക്രമങ്ങള്‍ നടത്തുക, നിര്‍ബന്ധിച്ച് ലഹരി വസ്തുക്കള്‍ വാതക, ദ്രാവക, ഖരരൂപത്തില്‍ ശരീരത്തിലേക്ക് കയറ്റുക തുടങ്ങി എഴുതാനും പറയാനും കൊള്ളാത്ത മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുക, നവാഗതരുടെ ബാഗ് പരിശോധിച്ച് പണവും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുക തുടങ്ങിയ അവസ്ഥയില്‍ എത്തിയിരിക്കുന്നു.
1970-ല്‍ സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച റാഗിങ് പീഡനങ്ങളും, അത് എതിര്‍ത്തതിന്റെ പേരില്‍ അക്കാലത്തെ റാഗിങ് ഡോക്ടര്‍ സാറന്മാരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന അവഗണനയും പുച്ഛവും ചിലപ്പോള്‍ അസഹനീയമായി തോന്നും. പാവം കുട്ടികള്‍ ഏറ്റെടുക്കേണ്ടി വരുന്ന പീഡനങ്ങളും ഇന്നും ഞാന്‍ വൈദ്യശാസ്ത്ര ലോകത്തില്‍ സഹിച്ചുകൊണ്ടിരിക്കുന്ന (എല്ലാവരുമല്ല) പുച്ഛവും എനിക്ക് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള ശക്തിപകര്‍ന്നു. ഇന്ന് ഇന്ത്യയില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന വൈദ്യ വിദ്യാഭ്യാസ കോളേജായി ജൂബിലിയെ മാറ്റുന്നതിനും റാഗിങ് ഇല്ലാതെത്തന്നെ മികച്ച സ്ഥാനം നേടാന്‍ കഴിയുമെന്നും ഒരു ''മധുര പ്രതികാരം'' എന്ന പോലെ കാണിച്ചു കൊടുക്കാനും കഴിഞ്ഞു. ദൈവത്തിനും സഹഅധ്യാപകര്‍ക്കും നന്ദി, നൂറ് നന്ദി.
സ്വതന്ത്ര പരമാധികാരമുള്ള റിപ്പബ്ലിക്കാണ് ഭാരതം. തുല്യനീതി, തുല്യമായ അവകാശം, പങ്കുവയ്ക്കുന്ന ചുമതല എന്നിവ ഇതിന്റെ വൈശിഷ്ട്യ മാണ്. ഈ കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കാനും സമൂഹത്തെ പല കാരണങ്ങളാല്‍ വിഭജിക്കാനും റാഗിങ് കാരണമാകുന്നതിനാല്‍ ശിക്ഷ, ക്രിമിനല്‍ കുറ്റമാണ്.
എന്നിട്ടെന്തെ ഇനിയും റാഗിങ് നിയന്ത്രണ വിധേയമാകാത്തത്. 1970-കളിലെ ഭീകരമായ റാഗിങ് ക്രൂരതയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതികര്‍ശനമായ ചില നിയമങ്ങള്‍ പാസ്സാക്കി. റാഗിങ് മോഴയാനകള്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പിനുശേഷവും ക്രൂരത തുടര്‍ന്നവരുടെ കാലുകളില്‍ ചങ്ങലക്കുരുക്കു വീണു. നിയമമനുസരിക്കാത്തവര്‍ക്ക്, തോതനുസരിച്ച് നല്ല ശിക്ഷകള്‍ നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍ മദയാനകള്‍ക്ക് അനങ്ങാനാകാതെ നിന്നിടത്ത് നില്‍ക്കേണ്ടി വന്നു. കോളേജില്‍ പഠിക്കാനും, പരീക്ഷയെഴുതാനും ചിലര്‍ക്ക് കഴിഞ്ഞില്ല. പഠന വര്‍ഷം നഷ്ടപ്പെട്ടു, ഹോസ്റ്റലുകളില്‍ നിന്ന് അവരെ പുറത്താക്കി, ശേഷം സമാധാനം.
നിയമം നടപ്പാക്കേണ്ട അധികാരികളുടെ നിസ്സഹകരണ വേളയിലാണ് മാനേജ്‌മെന്റുകളുടെ ആത്മാര്‍ഥത കാണിക്കേണ്ടത്. ചില പ്രൊഫസര്‍ മാരുടെ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ പിടിക്കപ്പെടുമ്പോള്‍ ''രാജി'' എന്ന മൂര്‍ച്ഛയുള്ള വാളുമായി തുള്ളിവരും. രാജി സ്വീകരിക്കണോ, റാഗിങ് വീരനായ ബന്ധുവിനെ പിരിച്ചുവിടണോ, പൊലീസില്‍ ഏല്പിക്കണമൊ എന്ന ചോദ്യത്തില്‍ പലരും വാല് ഒതുക്കി രംഗത്തുനിന്ന് അപ്രത്യക്ഷപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇതിനൊക്കെ കുറച്ചു ചങ്കുറപ്പ് വേണമെന്നു മാത്രം. ജീവിതം മുഴുവന്‍ ദൗത്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്നര്‍ക്ക് മുമ്പില്‍ ഈ ഭീഷണി അപ്രസക്തമാകുന്നു. എന്താണെങ്കിലും അല്പം രക്തസാക്ഷിത്വമൊക്കെ സഹിക്കാന്‍ തയ്യാറായിരിക്കണം. ഒരു വലിയ തിന്മയെ ഉന്മൂലനം ചെയ്യാന്‍ ചില്ലറ സഹനങ്ങള്‍ നമ്മെ ഭയപ്പെടുത്തരുത്.
റാഗിങ് വിമുക്തമായ കാമ്പസുകള്‍ സുന്ദരമാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ റാഗിങ് രക്തസാക്ഷിയായ സിദ്ധാര്‍ത്ഥന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും ആ ഭാവി വെറ്ററിനറി സര്‍ജന്റെ മാതാപിതാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, റാഗിങ് മോഴകള്‍ ഇതൊരു മുന്നറിയിപ്പായി കരുതണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.