
പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍
ഈ തലവാചകം (Reimagine, Recreate, Restore) ഈ വര്‍ഷത്തെ ലോക പരിസ്ഥിതി വര്‍ഷത്തിന്റെ പ്രമേയമാണ്. കത്തോലിക്കാസഭയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെ സീറോ-മലബാര്‍ സഭയ്ക്ക് ഈ മൂന്ന് വാക്കുകള്‍ വളരെ പ്രസക്തമാണ്. ഇതിനോടു ചേര്‍ത്തു വായിക്കേണ്ടവയാണ് ലക്കം 33-ലും ലക്കം 41-ലും ഉള്ള ലൂക്ക് പൂതൃക്കയില്‍ അച്ചന്റെ കത്തുകള്‍.
മാര്‍ച്ച് 28, 2013-ല്‍ തന്റെ പ്രസിദ്ധമായ പ്രസംഗത്തിലൂടെ ലോകത്തിലെ പുരോഹിതരോട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: നിങ്ങള്‍ ദൈവത്തിന്റെ കാരുണ്യത്തിന്റെ സൗഖ്യദായകശക്തി വേണ്ടുന്നവര്‍ക്കെല്ലാം കൊടുക്കുന്നതിനു മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നവരുടെ കൂടെ ആയിരിക്കണം. നിങ്ങള്‍ ആടുകളുടെ മണമുള്ള ആട്ടിടയന്മാരായിരിക്കണം.
ഇന്ന് ആടുകളുടെ മണത്തേക്കാള്‍ ആശുപത്രികളുടെയും, കോളേജുകളുടെയും മണമുള്ളവരേയും, വലിയ പള്ളികളും, മേടകളും പണിയുന്നവരെയുമാണ് സമൂഹത്തില്‍ അധികം കാണുന്നത്. മിഷന്‍കേന്ദ്രങ്ങളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും പുരോഹിതരും, സന്യാസിനികളും, പിതാക്കന്മാരും യേശുക്രിസ്തുവിന്റെ പ്രബോധനം അനുസരിച്ചു ജീവിക്കുന്നുണ്ട്. എന്നാല്‍ അവിടങ്ങളില്‍ പോകാന്‍ ആളുകളുമില്ല.
ദൈവവിളി ലഭിക്കുന്നവരും മറ്റും വര്‍ഷങ്ങള്‍ നീളുന്ന പഠനത്തിനുശേഷമാണ് അഭിഷിക്തരാകുന്നത്. എന്നിട്ടും അവര്‍ മറ്റു പണികളില്‍ ആകൃഷ്ടരാകുന്നതു കാണുമ്പോള്‍ അനുകമ്പയാണ് തോന്നുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അധികാരവും, അംഗീകാരവും തങ്ങള്‍ക്കാണെന്നു തിരിച്ചറിയാതെയാണ് പലരും മറ്റു പണികളിലേക്ക് തിരിയുന്നത്.
ആടുകളെ പേരെടുത്തു വിളിക്കുന്ന ഇടയന്മാര്‍ ഉണ്ടാകണം, ആടുകളുടെ ദുഃഖങ്ങള്‍ അറിയണം പരിഹരിക്കണം ഇടവകയിലും രൂപതയിലും ഉള്ള താലന്തുകള്‍ കുഴിച്ചിടാനും, വര്‍ധിപ്പിച്ചു കൂട്ടി വയ്ക്കാനുമുള്ളതല്ല. അത് കൂടുതല്‍ ആളുകളിലേക്കെത്തി ഫലം പുറപ്പെടുവിക്കണം. കഴിഞ്ഞ പ്രളയം, ആര്‍ക്കും കൊടുക്കാതെ കൂട്ടിവച്ചതു പലതും കൊണ്ടുപോയി. ഈ കോവിഡ് ആര്‍ക്കും കൊടുക്കാതെ കൂട്ടിവച്ചിരിക്കുന്നത് ചിലവാക്കാന്‍ അവസരം തന്നില്ല. അതേസമയം ചുറ്റിലുമുള്ള നിസ്വരെ കാണാന്‍ നമുക്ക് കഴിയുന്നില്ല. ഒരു ചെറിയ കിറ്റില്‍ കുറച്ചു സാധനം കൊടുക്കുന്നതോടുകൂടി നമ്മുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് വിചാരിക്കരുത്. ദൈവത്തിന്റെ കരുണയുടെ കരങ്ങളായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. നമുക്ക് പുതിയ കാഴ്ചപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു. പുനഃസൃഷ്ടിയും, പുനഃസ്ഥാപിക്കലും ആവശ്യമായി വന്നിരിക്കുകയാണ്.