ജനാഭിമുഖകുര്‍ബാന തര്‍ക്കം

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

സീറോ-മലബാര്‍ സഭയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കം വിശ്വാസികളിലേക്ക് വാര്‍ത്ത എത്തിയപ്പോള്‍ സിനഡിലൂടെ ചെറുക്കാന്‍ ജനാഭിമുഖ, അള്‍ത്താര അഭിമുഖ കുര്‍ബാന അടിച്ചേല്പിക്കാന്‍ ശ്രമിച്ചത് ചൊറി കുത്തി പുണ്ണാക്കിയതു പോലെയായി. സഭാ തലവന്മാര്‍ വൈദികര്‍ രണ്ടു തട്ടില്‍ രാഷ്ട്രീയക്കാരെ പോലെ പൊതുസമൂഹത്തില്‍ പോരാടുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. കാരണം, ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ അനുരഞ്ജനത്തിനായി പ്രബോധനങ്ങളിലൂടെ വിശ്വാസികളോട് ആവശ്യപ്പെടുമ്പോള്‍ മാതൃകയാകേണ്ടവരുടെ മുഖമാണ് നഷ്ടപ്പെടുന്നതെന്ന് തിരിച്ചറിയുന്നില്ല. ഈ വിഷയം മറ്റ് അതിരൂപതകളിലേക്ക് ഇ പ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തീയ വിശ്വാസികളെ നാറ്റിക്കുന്ന വിഷയമായി തര്‍ക്കങ്ങള്‍ വളര്‍ന്ന് പരിഹരിക്കാനാകാത്തവിധം വഷളായി.

ഭൂമിവിറ്റുതുലച്ച് പണം എന്തുചെയ്തു എന്നത് വിശ്വാസികളോട് പറയേണ്ടവര്‍ മൗനത്തിലാണ്. മൂന്നും നാലും മുന്‍പത്തെ തലമുറകളിലെ വിശ്വാസികള്‍ ദാനമായി നല്കിയ ഭൂമി യും അധ്വാനത്തിന്റെയും സ്‌നേഹത്തിന്റെയും ദശാംശം സംഭാവനയായും സഭയ്ക്ക് കൊടുത്തതിലൂടെ സമ്പാദിച്ച ഭൂമിയാണ് ആവിയായത്. കോടതിയിലുള്ള കേസ് എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ രാജിവച്ചതുപോലെ സീറോ മലബാര്‍ തലവന്‍ രാജിവച്ച് പ്രശ്‌നം പരിഹരിക്കാന്‍ അമാന്തിക്കരുത്. ഇനിയും ഈ വിഷയത്തില്‍ ക്രിസ്തീയ സഭയെ നാറ്റിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org