
രണ്ടു വര്‍ഷം മുമ്പ് ഞാന്‍ സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ക്ക് ഒരു കത്തയച്ചിരുന്നു. സഭയിലെ വിശുദ്ധ കുര്‍ബാനയിലെ ഏകീകരണവും വ്യതിരിക്തതയ്ക്കുള്ള സ്വാതന്ത്ര്യവും സംബന്ധിച്ചും ആരാധനക്രമം കാലാനുസൃതമാക്കണം, പാരമ്പര്യം മാത്രം മുറുകെപിടിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു കത്ത്. 50 വര്‍ഷത്തോളം സ്വാതന്ത്ര്യം കൊടുത്തശേഷം അത് പിന്‍വലിക്കുന്നത് സംഘര്‍ഷത്തിനിടയാക്കും എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. എറണാകുളവും ചങ്ങനാശ്ശേരിയും കേന്ദ്രീകരിച്ച് കുറെ കാലങ്ങളായുള്ള ഭിന്നവീക്ഷണങ്ങള്‍ കുറയുകയല്ല തീവ്രമാകുകയാണുണ്ടായിട്ടുള്ളത്. ഇന്ന് സഭയെ ബലഹീനമാക്കാനും ശിഥിലീകരിക്കാനും ഈ നിസ്സാരകാര്യം ഇടവരുത്തിയിരിക്കുന്നു. കത്തോലിക്കാസഭയിലെ പ്രബല വിഭാഗമായ ലത്തീന്‍ സഭ അള്‍ത്താരാഭിമുഖത്തില്‍നിന്നും ജനാഭിമുഖമാക്കിയത് സഭയ്ക്ക് മാതൃകയാക്കാമായിരുന്നു. പക്ഷേ, പാരമ്പര്യവാദികള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഭിന്നത രൂക്ഷമാകുകയും ഭൂരിപക്ഷാധികാരം ഉപയോഗിച്ച് എറണാകുളം വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളിലേക്ക് കടന്നിരിക്കുകയുമാണല്ലോ.
സഭയിലെ ബഹുഭൂരിപക്ഷം വരുന്ന അല്‍മായ വിശ്വാസികളുടെ അഭിപ്രായമൊന്നും ആരായാതെ അതൊന്നും പരിഗണിക്കാതെ നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍ ഈ നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യം തന്നെ. ചെറുപ്പക്കാരായ വിശ്വാസികളില്‍ നല്ലൊരു ഭാഗവും വിശ്വാസതകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിന് അനുയോജ്യമായത് ജനാഭിമുഖ കുര്‍ബാനയാണ് എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. വടക്കെ ഇന്ത്യയിലെ ഒരു മിഷന്‍ കേന്ദ്രത്തില്‍ ചെന്ന് പുറംതിരിഞ്ഞുനിന്നു കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അത് എത്ര അനാകര്‍ഷകവും അരോചകവും ആകുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യമാണിത്. പക്ഷേ, സാധാരണ വിശ്വാസികളുടെ അഭിപ്രായത്തിന് നമ്മുടെ സഭയില്‍ എന്തു വിലയാണ് കല്പ്പിച്ചിട്ടുള്ളത്?
വിശുദ്ധ കുര്‍ബാനയില്‍ കൂദാശാവചനങ്ങള്‍ എന്നു പറയപ്പെടുന്ന 'ഇതെന്റെ ശരീരമാകുന്നു, നിങ്ങള്‍ വാങ്ങി ഭക്ഷിപ്പിന്‍, ഇതെന്റെ രക്തമാകുന്നു, നിങ്ങള്‍ വാങ്ങി കുടിപ്പിന്‍' എന്നു പറയുന്ന ഭാഗവും 'ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പമാകുന്നു...' തുടങ്ങിയുള്ള ഭാഗവും എല്ലാം ഈശോ ശിഷ്യന്മാരോടു പറഞ്ഞ കാര്യങ്ങളാണല്ലോ. ഇതൊക്കെ ജനാഭിമുഖമല്ലാതെ ആരോടാണ് പറയേണ്ടത്? ഇപ്പോഴത്തെ ശിഷ്യന്മാരായ നമ്മളോടല്ലേ മുഖത്തുനോക്കി ഇക്കാര്യം പറയേണ്ടത്?
ഈ മലയിലും ആ മലയിലും അല്ല, സത്യത്തിലും ആത്മാവിലും ആണ് ആരാധിക്കേണ്ടത് എന്ന യേശുക്രിസ്തുവിന്റെ കല്പ്പനയുടെ അര്‍ത്ഥം മനസ്സിലാക്കാത്തവരല്ലല്ലോ നമ്മുടെ പിതാക്കന്മാര്‍. പിന്നെ എന്തിനാണ് ഇത്ര നിര്‍ബന്ധം പുറംതിരിഞ്ഞു നില്‍ക്കാന്‍ എന്ന് മനസ്സിലാകുന്നില്ല.
ഏതായാലും ശക്തമായിരുന്ന നമ്മുടെ സഭയെ ഭിന്നിപ്പിച്ച് ശിഥിലമാക്കാന്‍ സാത്താന്‍ കണ്ടുപിടിച്ച എളുപ്പവഴിയാണ് ഈ വിവാദം എന്നതിന് സംശയമില്ല.
കോവിഡിനു പുറമേ ആരാധനക്രമ വിവാദവും ചെറുപ്പക്കാര്‍ക്ക് പള്ളിയില്‍ പോകാതിരിക്കാനും സഭയ്‌ക്കെതിരെ നിലകൊള്ളാനും ഒരു പ്രേരകശക്തിയായിത്തീര്‍ന്നിരിക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ.
സഭയിലെ സമാധാന തത്പരരായ പിതാക്കന്മാര്‍ ഭൂരിപക്ഷ ശക്തിയുടെ ബലത്തില്‍ ഭിന്നതയ്ക്കു വശംവദരാകാതെ ന്യൂനപക്ഷ വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് ആരാധനക്രമ കാര്യത്തില്‍ നിലവിലിരുന്ന സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സഭയില്‍ സമാധാനം സ്ഥാപിക്കാന്‍ ദൈവം കൃപ നല്കട്ടെ എന്നാശിച്ചും പ്രാര്‍ത്ഥിച്ചും ഈ കത്ത് ചുരക്കട്ടെ