മരണവീട്ടിലെ പ്രാർത്ഥനകൾ

Prayers at a House of Mourning
Published on: 
  • ജയിംസ് ഐസക്, കുടമാളൂർ

ഉന്നതജോലിയിൽ നിന്നു വിരമിച്ചശേഷം ഭർത്താവിനൊപ്പം നഗരത്തിലെ വലിയ ഫ്ളാറ്റിൽ താമസിക്കുന്ന ഒരു വയോധികയുടെ വലിയ ദുഃഖം ശ്രദ്ധേയമായി. ഭർത്താവ് കേന്ദ്ര ഗവൺമെന്റ് സർവീസിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്നു. ഏകമകൻ സുന്ദരനും സൽസ്വഭാവിയും നല്ല ഉദ്യോഗത്തിൽ കഴിഞ്ഞിരുന്നുവെങ്കിലും അവിവാഹിതൻ ആയിരുന്നു. മുപ്പതു കഴിഞ്ഞ മകനു നല്ല വിവാഹം ഒത്തു വരാത്തതു വലിയ ദുഃഖത്തിനു കാരണമായി.

അപ്രതീക്ഷിതമായ ഒരു അപകടത്തിൽ മകൻ മരിച്ചു. അമ്മയ്ക്കു സഹിക്കാനാവാത്ത ദുഃഖം. തുടർന്നുള്ള ഓരോ അനുഭവവും ആ മാതാവിനെ ചിന്താകുലയാക്കിക്കൊണ്ടിരുന്നു. അടുത്തബന്ധുക്കളോട് ആ അമ്മ തുറന്നു പറഞ്ഞ ചില അനുഭവങ്ങളാണ് ഈ കുറിപ്പിനു നിദാനം.

കത്തോലിക്കരായ കുടുംബത്തെ കൂടാതെ അകത്തോലിക്കരും അക്രൈസ്തവരുമായ ചില കുടുംബങ്ങളും ഫ്ളാറ്റിൽ താമസിക്കുന്നു. സുഹൃത്തുക്കളും ബന്ധുക്കളും മകന്റെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്താൻ വന്നു. മൃതശരീരത്തിനു സമീപം ഇരുന്നു പ്രാർത്ഥിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുന്ന ഒരു പതിവ് ക്രിസ്തീയഭവനങ്ങളിലുണ്ട്. കത്തോലിക്കരുടെയും പ്രോട്ടസ്റ്റന്റുകാരുടെയും ആചരണങ്ങളിലുള്ള വ്യത്യാസം ഇവിടെ കാണാം. കത്തോലിക്കർക്കു പൊതു പ്രാർത്ഥന വളരെ വിരളമാണ്. ചില സ്ത്രീകൾ കൊന്ത ചൊല്ലിയേക്കും. എന്നാൽ പ്രൊട്ടസ്റ്റന്റുകാർ വിശുദ്ധഗ്രന്ഥം തുറന്ന് സന്ദർഭോചിതമായ വായനകൾ നടത്തും. ഓരോ വായനയ്ക്കും ശേഷം പ്രചോദനമേകുന്ന ആത്മീയഗീതം ആലപിക്കും. ചിലപ്പോൾ മരിച്ച വ്യക്തിയെക്കുറിച്ചു ചിലർ സാക്ഷ്യം നല്കുകയും ചെയ്യും. തന്റെ മകനെ നേരിട്ട് അറിയാവുന്ന ചിലർ ആ യുവാവിന്റെ സത്ഗുണങ്ങൾ എടുത്തുപറഞ്ഞ് സാക്ഷ്യം നല്കിയത് ആ അമ്മയ്ക്കു വലിയ സാന്ത്വനം നല്കി. കത്തോലിക്കരായ സന്ദർശകരും പുരോഹിതരും ഇപ്രകാരം സാക്ഷ്യം നല്കുന്നതിനോ അവസരോചിതമായ സുവിശേഷപ്രസംഗം നിർവഹിക്കുന്നതിനോ തയ്യാറായില്ല. അവിടെ സന്ദർശനത്തിനു വന്ന ഓരോ വൈദികനും പുസ്തകം തുറന്ന് ചെറിയ ഒപ്പീസ് എന്ന പ്രാർത്ഥന ചൊല്ലി. എല്ലാവർക്കും ഒരേ പ്രാർത്ഥന മാത്രം. കേൾവിക്കാർക്കു മടുപ്പു തോന്നി.

സീറോമലബാർസഭയിലെ പ്രാർത്ഥനകൾ എന്നും ഒരു തരത്തിൽ മാത്രമായിരിക്കണമെന്നും അച്ചടിച്ചു സഭ പ്രചരിപ്പിക്കുന്ന പ്രാർത്ഥനയിൽ നിന്നു വള്ളിപുള്ളി മാറ്റം പാടില്ല എന്നും നിയമം ഉണ്ടോ? സാധാരണ പ്രാർത്ഥന ആയാലും കുർബാനക്രമം ആയാലും സന്ദർഭോചിതവും വിശ്വസികൾക്കു ആത്മീയ പ്രചോദനം നല്കുന്ന വിധത്തിലും ആയിരുന്നാൽ എത്ര നന്നായിരുന്നു.

മൃതശരീരം സിമിത്തേരിയിൽ കൊണ്ടു പോകുന്നതിനു മുമ്പ് ദേവാലയത്തിൽ അല്പസമയം ശുശ്രൂഷയുണ്ട്. ഈ അവസരത്തിൽ ഇടവകയുടെ പേരിൽ റീത്തുവയ്ക്കുന്നതിനും മരിച്ചയാളിനെക്കുറിച്ചു രണ്ടു വാക്കു ആദരപൂർവം സംസാരിക്കുന്നതിനും അവസരം നല്കാവുന്നതാണ്. പ്രോട്ടസ്റ്റന്റു ദേവാലയങ്ങളിൽ അപ്രകാരം അനുസ്മരണ ശുശ്രൂഷയുണ്ട്. എന്തുകൊണ്ട് നമ്മൾ കത്തോലിക്കർ എല്ലാ കാര്യങ്ങളിലും പിൻതിരിപ്പൻ ആചാരങ്ങൾ തുടരുന്നു?

ഈ അമ്മയുടെ ദുഃഖം സഭാധികാരികൾ ശ്രദ്ധിക്കണം.