സുറിയാനി ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥ

ഡേവിസ് വിതയത്തില്‍, തൃപ്പൂണിത്തുറ
സുറിയാനി ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥ

കഴിഞ്ഞ ഏതാനും മാസങ്ങളായി അല്ലാ വര്‍ഷങ്ങളായി സുറിയാനി ക്രിസ്ത്യാനികളുടെ സീറോ മലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി നാടിന്റെ നാനാ ഭാഗങ്ങളില്‍ കിട്ടുന്ന അറിവുകള്‍ അഥവാ സന്ദേശങ്ങള്‍ വിചിത്രമാണ്. പരിഷ്‌കൃത ലോകത്തിന് അപമാനവും ഉണ്ടാക്കുന്നതാണ് (സത്യദീപം, ലക്കം. 23). നിങ്ങള്‍ നാടെങ്ങും പോയി 'സുവിശേഷം പ്രസംഗിക്കുവിന്‍' എന്നാണ് ശിഷ്യന്മാരോട് കര്‍ത്താവ് പറഞ്ഞത്. പിന്‍ഗാമികള്‍ അതിനെ ഭേദഗതി വരുത്തി 'നാടെങ്ങും പോയി വസ്തുകച്ചവടം നടത്തുവിന്‍' എന്ന് മാറ്റിയോ എന്ന് സംശയിക്കേണ്ടിവരും. ഇങ്ങനെയൊരു അവസ്ഥയിലേക്ക് പരിതാപകരമായി അധഃപതിക്കേണ്ടിയിരുന്നുവോ എന്നത് ചിന്തയ്ക്കുമപ്പുറം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

അത്യാധുനിക മാനവകുലം കത്തോലിക്കാസഭയില്‍നിന്നും പ്രതീക്ഷിക്കുന്നത് അസാധാരണമായ ധാര്‍മ്മിക നിലപാടുകളാണ്. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും': 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്ന് ഉദ്‌ഘോഷിച്ച യേശുക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മുദ്രയേറുന്നവരായി സഭയിലെ അധികാരികളും ആളുകളും മാറുന്നുണ്ടോ? അഥവാ കാലഘട്ടത്തിന്റെ ഗതിവിഗതികളില്‍പ്പെട്ട് കത്തോലിക്കാസഭയും ലോക മനസ്സാക്ഷിയെ അധഃപതിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടോ?

തെറ്റായ പഠനങ്ങള്‍ മൂലം അനേകം സഭാവിഭാഗങ്ങളും, ഉപവിഭാഗങ്ങളും രൂപം കൊണ്ടു. പക്ഷേ, കാലത്തിന്റെ ഗതിയില്‍ പലതും അപ്രത്യക്ഷമായി. ശാശ്വതമായി അടിസ്ഥാനം ഇല്ലാത്തവ നിലനില്‍ക്കുകയില്ല. ഏകഇടയനും ഒരു ആട്ടിന്‍കൂട്ടവും എന്ന യേശുവിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് വിശ്വസിക്കാം.

ഇത്തരുണത്തില്‍ മൂല്യരഹിതമായ അടിസ്ഥാനമില്ലാത്ത ഉപജാപങ്ങള്‍ കൊണ്ട് പവിത്രതയും മനസ്സിലുള്ള ഭക്തി ഭാവങ്ങളെയും മലിനമാക്കുന്ന പ്രവണതയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമായി കാണേണ്ടതുണ്ട്. ആയതുകൊണ്ട് ഈ അടുത്ത് വരുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ വേണ്ടത്ര അധ്യാത്മിക തേജസ്സോടുകൂടി പ്രാര്‍ത്ഥിച്ചു കൊണ്ട് കടന്നുവരുന്ന പെസഹാവ്യാഴവും ദുഃഖവെള്ളിയും ഉയിര്‍പ്പും നമ്മുടെ ബസിലിക്കയില്‍ പൂര്‍വാധികം ഭംഗിയോടെ ഒരുമിച്ച് അവിടെ യേശുവിന്റെ വാസസ്ഥലമാണെന്ന് വിശ്വസിച്ച് നമുക്ക് ഒരു പുതുമുന്നേറ്റം കുറിക്കാം.

തെറ്റ് ചെയ്യുന്നവന്‍ തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ 'എന്റെ പിഴ' മൂളാനുള്ള സന്നദ്ധതയും എളിമയും നേതൃത്വത്തിന്റെ ആര്‍ജവമാകട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org