ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരസ്മരണ

ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരസ്മരണ

ജയിംസ് ഐസക്, കുടമാളൂര്‍

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പുതുപ്പള്ളി മാര്‍ ഗീവര്‍ഗീസ് സഹദായുടെ ദേവാലയം ഇന്ന് കേരളത്തിലെ വലിയ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ ദിവസേന ആയിരക്കണക്കിനു ഭക്തജനം വന്നു പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലഭിച്ച അനുഗ്രഹങ്ങള്‍ സ്മരിച്ച് നന്ദി രേഖപ്പെടുത്തുന്നു. ചിലര്‍ കവിതകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു. പുതുപ്പള്ളി ദേവാലയം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്. ഇപ്പോള്‍ ശ്രീ ഉമ്മന്‍ചാണ്ടിയാണ് കൂടുതല്‍ വണങ്ങപ്പെടുന്ന വിശുദ്ധന്‍. ഒരുപക്ഷേ, ക്രിസ്തീയ വിശുദ്ധര്‍ക്കു ലഭിക്കുന്നതുപോലുള്ള അള്‍ത്താരവണക്കവും സമീപഭാവിയില്‍ സംഭവിച്ചേക്കാം. എന്തായാലും കോര്‍ എപ്പിസ്‌കോപ്പാ പോലുള്ള ആദരണീയരായ ശ്രേഷ്ഠ വൈദികര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്താണ് ശ്രീ. ഉമ്മന്‍ചാണ്ടിക്കും പള്ളി കബറിടം അനുവദിച്ചത്.

ഇറ്റലി, പോര്‍ട്ടുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വി. അന്തോണീസ്, വി. ഡാമിയന്‍ തുടങ്ങിയ വിശുദ്ധരുടെ ജന്മസ്ഥലവും ബന്ധപ്പെട്ട ദേവാലയങ്ങളും പോലെ പുതുപ്പള്ളിയിലെ കബറിടവും ലക്ഷങ്ങളുടെ സന്ദര്‍ശനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

കത്തോലിക്കാ സഭയില്‍ വിശുദ്ധരെന്ന് ഔദ്യോഗിക പ്രഖ്യാപനം ലഭിക്കണമെങ്കില്‍ പരേതരുടെ മദ്ധ്യസ്ഥതയില്‍ ഏതാനും അത്ഭുതങ്ങള്‍ സംഭവിക്കണം. അത്ഭുതങ്ങള്‍ തന്നെയെന്ന് വിദഗ്ദ്ധരുടെ പഠനം തെളിയിക്കണം. പരേതരുടെ ജീവിത വിശുദ്ധിയെക്കുറിച്ച് കര്‍ശനമായ നിരീക്ഷണവും പഠനവും ആവശ്യമാണ്. കത്തോലിക്ക സഭയുടെ ചിട്ടവട്ടങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭ സ്വീകരിക്കണമെന്നില്ല. ഓര്‍ത്തഡോക്‌സ് സഭയില്‍ സഭാ പിതാക്കന്മാര്‍ മരിച്ചാല്‍ പ്രത്യേക പ്രഖ്യാപനമൊന്നും കൂടാതെ തന്നെ കബറിടത്തില്‍ പരസ്യവണക്കം അനുവദിക്കപ്പെടും. ദേവാലയത്തില്‍ ചിത്രവും സ്ഥാപിക്കാം. അല്‍മായരുടെ കാര്യത്തില്‍ എന്തായിരിക്കും നടപടിയെന്ന് കാണേണ്ടിയിരിക്കുന്നു. എന്തായാലും ജീവിച്ചിരുന്നപ്പോള്‍ അനേകര്‍ക്കു ആശ്വാസം നല്കിയ ശ്രീ. ഉമ്മന്‍ചാണ്ടിയെ സഭയുടെ പ്രഖ്യാപനം ഒന്നും കൂടാതെ തന്നെ ജനം വിശുദ്ധനായി കരുതുന്നതില്‍ അത്ഭുതമൊന്നുമില്ല. ഉദ്ദിഷ്ടകാര്യം സാധ്യത്തിന് ഉപകാരസ്മരണ നിരോധിക്കേണ്ട കാര്യമൊന്നുമല്ല. ദൈവനിശ്ചയമെങ്കില്‍ അതു സംഭവിക്കും.

ഒരു ക്രൈസ്തവ വിശ്വാസിയെന്ന നിലയില്‍ ഭക്തജനത്തിന്റെ നന്ദി പ്രകടനം ക്രിസ്ത്യാനികളുടെ അടിസ്ഥാന വിശ്വാസത്തിനു യോജിച്ച വിധം ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. പുതുപ്പള്ളി പള്ളിയെ ക്കുറിച്ചുള്ള ഒരു വീഡിയോയില്‍ കണ്ട കാഴ്ചയാണ് ഇപ്രകാരം എഴുതാന്‍ പ്രേരിപ്പിച്ചത്. പള്ളിയുടെ നേര്‍ച്ച ശേഖരത്തില്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മ്മിച്ച സര്‍പ്പരൂപങ്ങളും വെള്ളിത്തകിടില്‍ നിര്‍മ്മിച്ച പാമ്പുകളും മനുഷ്യരൂപങ്ങളും കാണുകയുണ്ടായി. അവയ്‌ക്കൊപ്പം കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രം കാണുന്ന ക്രൂശിതരൂപവും കണ്ടു. വിജാതീയാചാരങ്ങള്‍ എന്നു പറയാവുന്ന നേര്‍ച്ചകാഴ്ചകള്‍ ഉദ്ദിഷ്ടകാര്യം സാധ്യത്തിനുള്ള ഉപകാരസ്മരണയായി ക്രിസ്തീയ ദേവാലയങ്ങളില്‍ സ്വീകരിക്കുന്നത് ഉചിതമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org