
ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്ന എനിക്ക് ഈ വര്‍ഷം മാര്‍ച്ച് രണ്ടാം വാരം മുതല്‍ ആരംഭിച്ച കൊറോണാ കാലം വലിയ നിരാശയുടെ അനുഭവമാണു നല്‍കിയത്. ചാനല്‍ കുര്‍ബാനയില്‍ ആശ്വസിച്ചു കഴിയവേ ഒരു സായം കാലം അപരിചിതനായ ഒരു മാന്യ വ്യക്തി കടന്നുവന്ന് എന്‍ജിനീയര്‍ ജയിംസ് കുട്ടിയുടെ വീട് ഇതല്ലേ എന്നു ചോദിച്ചു. കരിസ്മാറ്റിക് മേഖലയില്‍ ഏവര്‍ക്കും പരിചിതനും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളുമായിരുന്ന ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ ആയിരുന്നു ആഗതന്‍. 35 വര്‍ഷങ്ങള്‍ കൂടിയാണ് അദ്ദേഹത്തെ കാണുന്നത്.
അടുത്ത ഞായറാഴ്ച പള്ളി വാതുക്കല്‍ അച്ചന്‍ ഫോണില്‍ ചോദിച്ചു, ഞാന്‍ ഈശോയെ കൊണ്ടുവരട്ടേ? കുമാരനല്ലൂര്‍ ശാന്തി നിലയം ജസ്യൂട്ട് ഹൗസില്‍ നിന്ന് പള്ളിവാതുക്കല്‍ അച്ചന്‍ വിശുദ്ധ കുര്‍ബാനയുമായി കുടമാളൂര്‍ വന്നു. എനിക്കും ഭാര്യയ്ക്കും ഉണ്ടായ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. തുടര്‍ന്നുള്ള പല ഞായറാഴ്ചകളിലും അദ്ദേഹം വിശുദ്ധ കുര്‍ബാന കൊണ്ടുവന്നു. കോവിഡ് 19 അയല്‍പക്കത്തും എത്തിയപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു ഇനി എല്ലാം സുരക്ഷിതമാകുമ്പോള്‍ മാത്രം മതി എന്ന്.
മരുഭൂമിയില്‍ അരുവിയിലെ വെള്ളം മാത്രം കുടിച്ചു കഴി ഞ്ഞ ഏലിയാ പ്രവാചകന് രണ്ടുനേരം അപ്പവും ഇറച്ചിയും നല്‍കാന്‍ ദൈവം ഒരു കാക്കയെ നിയോഗിച്ചു. അരുവി വറ്റിയപ്പോള്‍ സെറെഫ്ത്തായിലെ വിധവ പ്രവാചകനെ സംരക്ഷിച്ചു. വിധവയുടെ ഭരണിയില്‍ മാവും എണ്ണയും ഇല്ലാതായില്ല. അതാണു ദൈവത്തിന്റെ കരുതല്‍.
വര്‍ഷങ്ങള്‍ കൂടിയുള്ള പള്ളിവാതുക്കല്‍ അച്ചന്റെ വരവ് അത്ഭുതകരമായ അനുഭവമായി. ഈ കൊറോണാക്കാ ലത്ത് ദൈവം തന്റെ ഭക്തരെ പ്രത്യേകം കരുതുന്നുണ്ട് തീര്‍ച്ച!
"ഞങ്ങടെ പള്ളിയച്ചന്‍" എന്ന ഗ്രന്ഥം വായിച്ചു. ബഹു. പള്ളിവാതുക്കല്‍ അച്ചനെ അടുത്തറിഞ്ഞ പലരുടെയും അനുഭവങ്ങളാണ് ഗ്രന്ഥം.
അന്‍പതുകളിലും അറുപതുകളിലും ഇന്‍ഡ്യയിലെ കോളജുകളില്‍ പഠിച്ചിരുന്ന കത്തോലിക്കരായ യുവജന ങ്ങള്‍ക്കു പരിചിതനായ ഒരു ഈശോ സഭാ വൈദികനായിരുന്നു ഫാ. സിറാക്ക് എസ്.ജെ. കോളജുകളില്‍ കത്തോലിക്കാ ചൈതന്യം വളര്‍ത്താന്‍ ഐക്കഫ് (AICUE) എന്ന പ്രസ്ഥാനം വളര്‍ത്തിയത് അദ്ദേഹമായിരുന്നു. ഇപ്പോള്‍ 104 വയസ്സുള്ള ഫാ. കോണ്‍ സ്റ്റന്‍സ്‌റ്റൈന്‍ മണലേല്‍ എന്ന സിഎംഐ വൈദികനും കേരളത്തിലെ സ്‌കൂളുകളിലും കോളജുകളിലും സഭാ ചൈതന്യം വളര്‍ത്തുവാന്‍ ഓടിനടന്നു പ്രവര്‍ത്തിച്ചു. പിന്നീട് കരിസ്മാറ്റിക് പ്രസ്ഥാനവും ജീസസ് യൂത്തും ശക്തമായ പ്പോള്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ബഹുമാന്യനായ പള്ളിവാതുക്കല്‍ അച്ചന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്‍ തന്നെ.
കരിസ്മാറ്റിക് പ്രഭാഷകനായ ഡോ. എഡ്വേര്‍ഡ് എടേഴ ത്ത് പള്ളിവാതുക്കല്‍ അച്ചനെ ക്കുറിച്ച് എഴുതുന്നു:
"എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ യുവത്വം വല്ലാതെ അസ്വസ്ഥമായിരുന്നു. രാഷ്ട്രീയമായ ആശയ സംഘര്‍ഷങ്ങള്‍ ഒരു ഭാഗത്ത്. സാമൂഹ്യമായ അരക്ഷിതാവസ്ഥകള്‍ മറ്റൊരു ഭാഗത്ത്. ഇനി ആത്മീയതയോട് അടുക്കാമെന്നു വച്ചാലോ? ആചാരാനുഷ്ഠാനങ്ങളുടെ കടുംപിടുത്തവും. എന്നാല്‍ പള്ളിവാതുക്കല്‍ അച്ചന്റെ സമീപനം പുതുമയുള്ളതായിരുന്നു" (പേജ് 49).
എന്റെ ഭവനത്തില്‍ വിശുദ്ധ കുര്‍ബാന നല്‍കിയ ശേഷം അച്ചന്‍ വിശുദ്ധ ഗ്രന്ഥം വായിക്കുകയും സ്‌തോത്രഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. ഒരവസരത്തില്‍ ഞാനും കൊച്ചുമക്കളും വായനാ സമയം എഴുന്നേറ്റു നിന്നു. അച്ചന്‍ പറഞ്ഞു ആരും എഴുന്നേല്‍ക്കണ്ട. സ്വസ്ഥമായി ഇരുന്ന് ക്രിസ്തു സാന്നിദ്ധ്യം അനുഭവിക്കുക. നമ്മുടെ കര്‍ത്താവ് ഭവനങ്ങളിലും മലമുകളിലും വചനം ഉത്‌ഘോഷിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ആരോടും നിര്‍ദ്ദേശിച്ചില്ല.
ആചാരങ്ങളെ ചൊല്ലി കടുംപിടുത്തവും കലഹങ്ങളും പ്രകടിപ്പിക്കുന്നവര്‍ ഈ വൈദികനെപ്പോലെ ക്രിസ്തുവിനെ നല്‍കുന്നവരായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു.
ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഈ പുരോഹിതനുവേണ്ടി പ്രാര്‍ത്ഥിക്കുകയും തന്റെ ഭക്തരെ പോറ്റി വളര്‍ത്തുന്ന കാരുണ്യവാനായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു.
ജയിംസ് ഐസക്ക്, കുടമാളൂര്‍