പുരോഹിതന്റെ പ്രശ്‌നങ്ങള്‍

പുരോഹിതന്റെ പ്രശ്‌നങ്ങള്‍

ഫെബ്രുവരി 23-ാം തീയതിയിലെ സത്യദീപത്തില്‍ ജോസ്‌മോന്‍ ആലുവ ''പ്രിയ വികാരിമാര്‍ക്ക് സ്‌നേഹപൂര്‍വ്വം'' എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് വായിച്ചു. നൂറു ശതമാനവും ഇതിലെ ആശയങ്ങളോട് യോജിക്കുന്നു. 46 വര്‍ഷമായി പുരോഹിത ശുശ്രൂഷ ചെയ്ത എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ആശയങ്ങള്‍ അതേപടി ലിഖിതരൂപത്തില്‍ കണ്ടതില്‍ വലിയ സന്തോഷം തോന്നി, അഭിന്ദനങ്ങള്‍!!!

പേനതുമ്പുകൊണ്ട് നിഷ്പ്രയാസം കോറിയിടുന്ന ആശയങ്ങള്‍ വികാരിയച്ചന്മാരുടെ തലയില്‍ വച്ചു കൊടുത്തപ്പോള്‍ വിസ്മയവും തോന്നി.

റോഡ് സൈഡില്‍ നില്‍ക്കുന്ന കപ്പേള പൊളിച്ചുമാറ്റാന്‍ വികാരിയച്ചന്‍ പോയിട്ട്, എന്തിന് മെത്രാനച്ചന്‍ തന്നെ ഒരുമ്പട്ടാല്‍, എന്തിന് കളക്ടര്‍ പോലും ശ്രമിച്ചാല്‍ പ്രതീക്ഷിക്കാവുന്ന എതിര്‍പ്പ് എന്തായിരിക്കും?

കോഴിനേര്‍ച്ച, മാലയിടല്‍, തുലാഭാരം തുടങ്ങിയവ ദുരാചാരങ്ങളാണെന്നു പറഞ്ഞ് നിറുത്തലാക്കാന്‍ ശ്രമിച്ചാല്‍ സിമിത്തേരിയില്‍ നിത്യനിദ്ര കൊള്ളുന്ന കാരണവര്‍മാര്‍ പോലും എഴുന്നേറ്റുവന്ന് ബഹളമുണ്ടാക്കും.

പ്ലാസ്റ്റിക് രഹിത ഇടവകയെന്ന് ഇടവകാതിര്‍ത്തിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ആശയം നടപ്പിലാക്കാന്‍ ശ്രമിച്ച അയല്‍പക്കത്തെ വികാരിയച്ചന് ജനപ്രതിനിധികളില്‍ നിന്നുപോലും നേരിട്ട എതിര്‍പ്പ് ഓര്‍ക്കുകയാണ്. ബോര്‍ഡുകള്‍ അവിടെയുണ്ടെന്നതൊഴിച്ചാല്‍ അച്ചന്‍ മാറിപ്പോയപ്പോള്‍ പ്രവര്‍ത്തനവും നിലച്ചു. പ്ലാസ്റ്റിക്ക് ശ്മശാനമായി നിലകൊള്ളുന്നു.

പാവപ്പെട്ട യുവതിയുടെ വിവാഹത്തിന് ഇടവകയില്‍നിന്ന് പിരിെവടുത്ത് കൊടുത്തപ്പോള്‍ ഉണ്ടായ സംതൃപ്തി, തലേദിവസം മദ്യം വിളമ്പിയ സല്‍ക്കാരത്തോടെ അവസാനിച്ചുവെന്നു മാത്രമല്ല, സംഭാവന നല്കിയവര്‍ ബഹളമുണ്ടാക്കി.

കിഡ്‌നി രോഗിക്ക് 3 ലക്ഷം സംഭാവന പിരിച്ചു നല്കിയപ്പോഴും ജനത്തിന്റെ സ്‌നേഹവിപ്‌ളവം കോരിത്തരിപ്പിച്ചു. രണ്ടാമതൊരു കിഡ്‌നി രോഗിക്ക് ഇതേ സഹായം നല്‌കേണ്ടിവന്നപ്പോള്‍ ഇടവകക്കാരുടെ തനിനിറം കണ്ടു. നൂറു ദുരിതങ്ങള്‍ക്കിടയില്‍ വിഷമിക്കുന്ന സാധാരണക്കാരന്‍ ചോദിക്കുന്നു, ''നാട്ടിലെ രോഗികളുടെ ചികിത്സാചിലവു ഏറ്റെടുക്കുവന്‍ ഇടവകയ്ക്ക് കഴിയുമോ?''

വികാരിയച്ചന്‍ ആരാണ്? പലരും സ്വയം പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്നവര്‍; നാട്ടുകാര്‍ കാണാതെ സമയം നോക്കി ചൂലെടുത്തു മുറിയടിക്കുന്നവര്‍; സ്വന്തം വസ്ത്രങ്ങള്‍ അലക്കി വെളുപ്പിക്കുന്നവര്‍; നാട്ടിലെ ദരിദ്രര്‍ മുഴുവന്‍ സഹായം ചോദിച്ചു വരുമ്പോള്‍ ശ്വാസം മുട്ടനുഭവിക്കുന്നവര്‍; ചാനലുകളിലൂടെ സ്ഥിരം തെറി കേള്‍ക്കുന്നവര്‍; തിരുനാളിന് നാട്ടുകാര്‍ വിരുന്നുണ്ണുമ്പോള്‍, ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍...

കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കല്ലെ.

അവസാനം വൃദ്ധരാകുമ്പോള്‍ നടതളര്‍ന്ന കാളകളെ വെട്ടുവാന്‍ കൊടുക്കുന്ന പോലെ പരിത്യക്തര്‍. പുരോഹിതജീവിതം ആനന്ദകരമാണ്,ക്രിസ്തുവിലുള്ള സന്തോഷമാണത്. എന്നാല്‍ അനേകം വെല്ലുവിളികളേയും എതിര്‍പ്പുകളേയും അതിജീവിച്ചുള്ള ഒരു ജീവിതയാത്ര കൂടിയാണത്.

ഫാ. ജോര്‍ജ് മംഗലന്‍,

പൂവത്തിങ്കല്‍, ഇരിങ്ങാലക്കുട രൂപത

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org