വചന പ്രഘോഷണം ചില വ്യത്യസ്ത ദൃശ്യങ്ങള്‍

വചന പ്രഘോഷണം ചില വ്യത്യസ്ത ദൃശ്യങ്ങള്‍

ജയിംസ് ഐസക്ക്, കുടമാളൂര്‍

ദൈവരാജ്യം സ്ഥാപിക്കുവാനാണ് ദൈവപുത്രന്‍ അവതരിച്ചത്. യേശുവിനു മുന്‍പേ സ്‌നാപകന്‍ പ്രാരംഭ പ്രഘോഷണം ആരംഭിച്ചു. പഴയ നിയമകാലത്തെ പ്രവാചകന്മാരും വചനം പ്രഘോഷിച്ചിരുന്നു. എല്ലാവരും മാനസാന്തരമാണ് ദൈവരാജ്യാനുഭവത്തിനു വേണ്ടത് എന്നു ചൂണ്ടിക്കാട്ടി. ക്രിസ്തു വചനം പ്രഘോഷിച്ചു തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രകടമായി. ദരിദ്രരും വിലപിക്കുന്നവരും നീതിക്കുവേണ്ടി പീഡ അനുഭവിക്കുന്നവരും ഭാഗ്യവാന്മാര്‍ എന്ന പ്രഖ്യാപനം ലോകത്തിനു പുതുമയായി. പുതിയ ദൈവരാജ്യാനുഭവം താന്‍ സ്ഥാപിച്ച സഭയിലൂടെ ലോകം അറിഞ്ഞു വരുന്നു. ഒട്ടേറെ സഭകളായി ഭിന്നിച്ചുവെങ്കിലും ദൈവരാജ്യത്തിന്റെ സുവിശേഷം ഇന്നും ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നു എന്ന സത്യം ക്രിസ്തു വിശ്വാസികള്‍ക്ക് ആനന്ദം ഉളവാക്കുന്നു.

കേരളത്തിലെ മാര്‍തോമ്മാ സഭ ആണ്ടുതോറും ഒരാഴ്ചക്കാലം മാരാമണ്‍ മണല്‍പ്പുറത്ത് പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സുവിശേഷ പ്രഘോഷണം നടത്തുന്നു. ലോകമെങ്ങുമുള്ള പ്രശസ്തരായ സുവിശേഷ പ്രസംഗകരാണ് മാരാമ ണ്‍ കണ്‍വന്‍ഷനില്‍ വചനം നല്‍കുന്നത്. ഈ വര്‍ഷം കേരളത്തിലെ കത്തോലിക്കാ സഭയില്‍നിന്ന് രണ്ടു പിതാക്കന്മാര്‍ ഇവിടെ തിരുവചനം പ്രഘോഷിച്ചു. രണ്ടുപേരും കര്‍ ത്താവിന്റെ മലയിലെ പ്രസംഗമാണ് വിശദീകരിച്ചത്. പ്രോട്ടസ്റ്റന്റ് സഭകളും കത്തോലിക്കാസഭയും തമ്മില്‍ ഒരു കാലത്ത് ബദ്ധവിരോധം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇരുസഭകളും ക്രിസ്തുവചനം പ്രഘോഷിക്കുവാന്‍ ഒന്നിക്കുന്നത് തീര്‍ച്ചയായും ശുഭോദര്‍ക്കം തന്നെ. നമ്മുടെ ഇടവകകളിലും കര്‍ത്താവിന്റെ സുവിശേഷം ലളിതമായും വ്യക്തമായും പ്രഘോഷിക്കപ്പെടണം. ലക്ഷങ്ങള്‍ മുടക്കി ആര്‍ഭാടമായി തിരുനാളുകള്‍ ആഘോഷിക്കുന്ന പതിവ് അവസാനിപ്പിച്ച് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ആണ്ടുതോറും ഇടവകകളില്‍ നടത്തണമെന്ന് രൂപതാദ്ധ്യക്ഷനോട് അഭ്യര്‍ത്ഥിക്കുന്നു. നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ കരിസ്മാറ്റിക് നവോത്ഥാനം സംഭവിച്ചത്. കേരളത്തിലെ മൂന്നു വ്യക്തിസഭകളും ഒന്നിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ഒരു ദിവ്യാവതാരം പോലെ നമുക്ക് ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ ലഭിച്ചു. പി ഒ സി ബൈബിള്‍ എല്ലാ കത്തോലിക്കാ ഭവനങ്ങളിലും എത്തി. വന്‍തോതില്‍ വചനപ്രഘോഷണം വ്യാപിച്ചുതുടങ്ങി. അതോടുകൂടി പ്രലോഭകനും ശക്തിയാര്‍ജ്ജിച്ച് ദൈവരാജ്യത്തെ ഇല്ലാതാക്കന്‍ തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയി രിക്കുന്നു. ചില വചന പ്രഘോഷകര്‍ സ്വയം മഹത്വം പ്രഖ്യാപിച്ചു തുടങ്ങി. പ്രസംഗവേദിയില്‍ നിന്നുകൊണ്ട് അവര്‍ പലരുടെയും വയറ്റിലെ മുഴകള്‍ നീക്കി. വിടുതലുകള്‍ പ്രഖ്യാപിച്ചു. വിദേശത്തുനിന്നു വിസകള്‍ വരുത്തി. അനേകം പേര്‍ക്ക് വിദേശജോലി നേടിക്കൊടുത്തു. അത്ഭുത രോഗശാന്തിയും വിദേശജോലിയും മാത്രമാണ് ദൈവരാജ്യാനുഭവം എന്ന് പലരും കരുതി. ഈ അപചയം ഇന്നും തുടരുന്നു. ചില ധ്യാനഗുരുക്കള്‍ ദര്‍ശനത്തിലൂടെ ശുദ്ധീകരണസ്ഥലത്തു കഴിയുന്ന ആത്മാക്കളെക്കുറിച്ച് പ്രവചിച്ചു. വേറെ ചില ധ്യാനഗുരുക്കള്‍ സ്വയം വില്‍പനയ്ക്ക് തയ്യാറായി. തങ്ങളുടെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ ലക്ഷങ്ങള്‍ മുടക്കി ഫഌക്‌സ് ബോര്‍ഡുകള്‍ കവലകളില്‍ സ്ഥാപിക്കണമെന്നും പതിനായിരങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന പന്തലുകള്‍ വേണമെന്നും നിര്‍ദ്ദേശിച്ച ചില ധ്യാനഗുരുക്കളുണ്ട്.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഇടവക ദേവാലയത്തില്‍ കണ്ട കാഴ്ചകള്‍ ഇവിടെ ഓര്‍ക്കുന്നു. ഉയിര്‍പ്പു തിരുനാളിനുശേഷമുള്ള ദിവസങ്ങളില്‍ നമ്മുടെ ദേവാലയങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ് ഈശോയുടെ രൂപം വണക്കത്തിനു വയ്ക്കാറുണ്ട്. അവിടെ ഞാന്‍ കണ്ടത് ഈശോയുടെ രൂപമല്ല പകരം ഒരു കൊടി മാത്രം. പൗരസ്ത്യ പാരമ്പര്യപ്രകാരം രൂപങ്ങള്‍ പാടില്ല എന്നായിരുന്നു ഇടവകവികാരിയുടെ വിശദീകരണം. മദ്ബഹായില്‍ നിന്ന് ക്രൂശിതരൂപവും മാറ്റിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പല ദേവാലയങ്ങളിലും ക്രൂശിതരൂപം അപ്രത്യക്ഷമായി. പകരം തീ തുപ്പുന്ന വ്യാളിമുഖങ്ങളും പഹ്ലവി ലിപിയില്‍ മാനിേക്കയ മതക്കാരുടെ ബന്ധം സൂചിപ്പിക്കുന്ന സ്ലീവായും കണ്ടുതുടങ്ങി. രൂപതാതലത്തില്‍ നടന്നുകൊണ്ടിരുന്ന ചില നവീകരണങ്ങളുടെ കാഴ്ചകള്‍ ജനത്തെ അസ്വസ്ഥരാക്കി. ആരാധനക്രമം അടിച്ചേല്‍പ്പിക്കുന്ന നയമാണ് ഉന്നതസ്ഥാനത്തു നിന്നുണ്ടായത്. നല്ല വിത്ത് വിതച്ച് നിലത്ത് കളകള്‍ നിക്ഷേപിച്ച ശത്രുവിന്റെ റോള്‍ ചില ഇടയന്മാര്‍ സ്വീകരിച്ചു. ഇന്ന് ഭീകരമായ ഒരു പൊട്ടിത്തെറിക്കല്‍ സംഭവിക്കുന്നതിന്റെ സൂചനകള്‍ കാണുന്നു. പല ഇടവകകളിലും ആടുകള്‍ക്ക് ഇടയനെ വിശ്വാസമില്ലാതായി.

സമാധാന പ്രേമികളായ ഇടയന്മാരും സഭാ മേലധ്യക്ഷന്മാരും അവസരത്തിനൊത്ത് ഉണര്‍ന്നു സഭയില്‍ സമാധാനം സംജാതമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പത്രോസിന്റെ നൗകയില്‍ ഇന്നും കര്‍ത്താവിനു സ്ഥാനമുണ്ട്. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ആ കര്‍ത്താവിനെ നമുക്ക് വിളിച്ചപേക്ഷിക്കാം. കര്‍ത്താവിന്റെ ജനമായി നമുക്ക് വീണ്ടും ജനിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org