എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലും മരണാനന്തര ശുശ്രൂഷ മരണപ്പെട്ട ആളുടെ വസതിയില്‍ വച്ച് നടത്തുന്ന ഭക്തിപൂര്‍വമായ ഒരു ചടങ്ങാണ്. ബന്ധുക്കളും, ഇടവകക്കാരും, സുഹൃത്തുക്കളുമടങ്ങിയ വലിയ ഒരു സമൂഹം പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുവാന്‍ എത്തിച്ചേരാറുമുണ്ട്. പ്രാര്‍ത്ഥനയുടെ ഭാഗമായി മരണത്തിന്റെ നിസ്സാരതയെക്കുറിച്ചും, അതിലെ ദൈവീകപദ്ധതിയെക്കുറിച്ചും ഇടവക വൈദികനോ മറ്റു ആരെങ്കിലുമോ വചന സന്ദേശം നല്‍കാറുമുണ്ട്. പക്ഷെ, ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും മരണപ്പെട്ട ആളുടെ വ്യക്തിത്വത്തെക്കുറിച്ചോ, അദ്ദേഹത്തിന്റെ സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ചോ, ചെയ്ത സേവനങ്ങളെക്കുറിച്ചോ സാധാരണ ആരും ഒന്നും പറയാറില്ല. ഇടവക വൈദികനോ, മറ്റു വൈദികര്‍ക്കോ അദ്ദേഹത്തെക്കുറിച്ച് അധികം വിവരങ്ങള്‍ അറിവ് ഉണ്ടാവുകയുമില്ല. ചില സഭാ വിഭാഗങ്ങളില്‍ സുഹൃത്തുക്കള്‍ വന്ന് അനുശോചന പ്രസംഗങ്ങളില്‍ കൂടി അത്തരം വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മരിച്ചു കിടക്കുന്ന ആള്‍ അറിയുന്നില്ലെങ്കിലും ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അത് വലിയൊരു പ്രചോദനവും, സന്തോഷവും പകരുന്ന അനുഭവമായിരിക്കും. അത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിവുള്ളതായിരിക്കില്ല. ഒരാളുടെ നന്മകള്‍ മരണശേഷം എങ്കിലും അറിയുന്നത് ഒരു പുനരാലോചനയ്ക്കു വഴി തെളിക്കുകയും ചെയ്യും. നമ്മുടെ സഭയിലും അത്തരം ഒരു രീതി ആരംഭിക്കുന്നത് വളരെ നന്നായിരിക്കും എന്നാണു തോന്നുന്നത്. ഇടവകയിലെയോ, അല്ലെങ്കില്‍ മരണപ്പെട്ട ആളെ ശരിക്ക് അറിയാവുന്ന ആളെയോ ഇക്കാര്യത്തില്‍ നിയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇത് ദുഃഖകരമായ അന്തരീക്ഷത്തിന് വലിയ തോതില്‍ അയവു വരുത്തും. ചടങ്ങില്‍ പങ്കെടുക്കുന്ന അധികം പരിചയമില്ലാത്തവര്‍ക്കും ആ കുടുംബത്തെക്കുറിച്ച് നല്ലൊരു ചിത്രം ലഭിക്കുകയും ചെയ്യും.
അതേസമയം മരണപ്പെട്ട ആളുടെ നല്ലതല്ലാത്ത ഒരു കാര്യവും വിളിച്ചു പറയാന്‍ ഇടവരുകയും ചെയ്യരുത്.
പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍