
ലോകത്തിലെ പല രാജ്യങ്ങളിലും അവിടങ്ങളിലെ പ്രായമായവര്‍ക്ക് അവരുടെ വാര്‍ധക്യ കാലത്ത് ജീവിക്കാന്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ രാജ്യങ്ങളില്‍ പലതും സന്തോഷത്തിന്റെ ഇന്‍ഡക്‌സില്‍ മുന്നില്‍ നില്‍ക്കുന്നത്. നമുക്ക് രാജ്യത്തിന്റെയോ, കേരളത്തിന്റെയോ പൊതുവായ ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് തല്‍ക്കാലം പരിശോധിക്കേണ്ട. നമുക്ക് ക്രൈസ്തവരുടെ, അല്ലെങ്കില്‍ കത്തോലിക്കരുടെ അതുമല്ലെങ്കില്‍ സീറോ മലബാര്‍ വിശ്വാസികളുടെ എങ്കിലും ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് ഉയര്‍ത്താന്‍ പരിശ്രമിക്കുന്നത് നന്നായിരിക്കും. സഭയുടെ സാമ്പത്തിക സ്ഥിതി എന്ന് പറയുന്നത് വിശ്വാസികളില്‍നിന്നും ലഭിക്കുന്ന സംഭാവനകളും, വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന വാടകകളും, സ്ഥാപനങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്നും ലഭിക്കുന്ന ആദായവുമാണ്. നാം ഇപ്പോള്‍ അതെല്ലാം പള്ളിമതിലുകള്‍ക്കുള്ളില്‍ കെട്ടിടങ്ങള്‍ പണിതു കൂട്ടുന്നതിനും, തിരുനാളുകള്‍ക്കും, വെടിക്കെട്ടിനും, ആഡംബരങ്ങള്‍ക്കും, പുതുതായി, കേസുകളുടെ നടത്തിപ്പിനും വേണ്ടിയാണ് ധൂര്‍ത്തടിക്കുന്നത്. നമ്മുടെ പല പള്ളികള്‍ക്കും വലിയ വരുമാനവുമുണ്ട്.
നമ്മുടെ ഇടവകകളില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ധാരാളം ജനങ്ങള്‍ ഉണ്ട്. അതില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ഒന്നും ലഭിക്കാത്തവര്‍ക്ക് നാം എന്തെങ്കിലും സ്ഥിരമായ പ്രതിമാസ പെന്‍ഷന്‍ കൊടുക്കണം. അവരും അല്‍പ്പം സന്തോഷിക്കട്ടെ. തുടക്കമെന്ന നിലയില്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 6:38 ല്‍ പറയുന്നു 'കൊടുക്കുവിന്‍, നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് മടിയില്‍ ഇട്ടു തരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.' കാരുണ്യപ്രവര്‍ത്തികളുടെ ആദ്യത്തെ ഏഴും ഇത് തന്നെ പറയുന്നു. ഇതൊന്നും വായിക്കാനും പഠിപ്പിക്കാനുമുള്ളതല്ല; മറിച്ച് പ്രവര്‍ത്തന പഥത്തില്‍ കാണിക്കാനുള്ളതാണ്. ദൈവം കരുണയും, സ്‌നേഹവും മാത്രമാണ്. ദൈവരാജ്യം സ്വര്‍ഗത്തില്‍ അല്ല അത് ഭൂമിയില്‍ ആണ്. അപ്പോള്‍ അവിടെ കരുണയും, സ്‌നേഹവും ഉണ്ടായേ തീരു.
നാം തുടങ്ങിയാല്‍ അത് കേരളം മുഴുവന്‍ വ്യാപിക്കും. അതൊരു വലിയ തുടക്കമായിരിക്കും. ഇത്തരം പ്രവൃത്തികളാണ് ദൈവം ശ്രദ്ധിക്കുന്നതും, അവാര്‍ഡ് തരുന്നതും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പലതും പത്രോസ് ശ്ലീഹായുടെ പുസ്തകത്തില്‍ രേഖപ്പെടുത്തും എന്ന് എനിക്ക് തോന്നുന്നില്ല.