സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് ഒരു തുറന്ന കത്ത്
സാജു പോള്‍ തേയ്ക്കാനത്ത്, ചെങ്ങമനാട്
അഭിവന്ദ്യ പിതാവേ,
ഒരു കത്തോലിക്കനായി ജനിച്ചതിലും, ജീവിക്കുന്നതിലും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരു സാധാരണ വ്യക്തിയാണ് ഞാന്‍. സീറോ മലബാര്‍ സഭയില്‍, അതിന്റെ ആസ്ഥാന അതിരൂപതയായ എറണാകുളത്ത്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ അങ്ങ് ശ്രദ്ധിക്കുന്നുണ്ടല്ലോ? ബസിലിക്ക ദേവാലയം പൂട്ടിയിടുന്നതുവരെയെത്തി കാര്യങ്ങള്‍. എറണാകുളം അതിരൂപതയില്‍നിന്നും ഉയരുന്ന എതിര്‍സ്വരങ്ങളെ അനുകൂലിച്ചും, എതിര്‍ത്തും ഉള്ളതായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്.
സഭയിലെ ഈ സംഭവ വികാസങ്ങളില്‍ ദുഃഖവും അമര്‍ഷവുമുള്ള അനേകം വിശ്വാസികളില്‍ ഒരാളാണ് ഞാന്‍. ഇതുവരെ ഒരു പരസ്യപ്രതികരണത്തിനോ, പ്രകടനത്തിനോ ഞാന്‍ ഇറങ്ങിയിട്ടില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യം എന്നെ അതിനു നിര്‍ബന്ധിതനാക്കുന്നു.
ലോകമാസകലമുള്ള ജനങ്ങള്‍ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും, ആത്മീയമായും തകര്‍ന്നിരുന്ന കോവിഡ് കാലത്ത്, സിനഡ് ചേര്‍ന്ന് എടുത്ത (അതും ഓണ്‍ലൈന്‍ ആയി) സുപ്രധാനമായ തീരുമാനമാണ് വി. കുര്‍ബാനയുടെ ഏകീകരണം. വിശ്വാസികളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അങ്ങ് അതൊന്നും ആലോചിക്കാതെ കുര്‍ബാനയര്‍പ്പണ വിഷയത്തില്‍ മാത്രം ഒരു തീരുമാനമെടുത്തു. തികച്ചും അനുചിതമായ അവസരത്തിലെ അനുചിതമായ തീരുമാനം. ഒരു കാര്യം വ്യക്തം, സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സിനഡിനെ അലട്ടുന്നില്ല.
ഒരു സഭയിലെ കുര്‍ബാനയര്‍പ്പണം, ഏകരൂപത്തിലായിരിക്കണം എന്നത് നല്ല ആശയമാണ്, വിശ്വാസികള്‍ക്ക് അത് സ്വീകാര്യവുമാണ്. എന്നാല്‍ വര്‍ഷങ്ങളായി അങ്ങനെയല്ല നമ്മുടെ സഭയില്‍ നടക്കുന്നത്. അങ്ങനെയിരിക്കെ പെട്ടെന്ന് ഏകപക്ഷീയമായ ഒരു തീരുമാനവുമായി വരുമ്പോള്‍ ഉണ്ടാകാവുന്ന എതിര്‍പ്പുകളെ എന്തുകൊണ്ട് സിനഡ് മുന്‍കൂട്ടി കണ്ടില്ല? സീറോ മലബാര്‍ സഭയിലെ പുരോഗമന ചിന്താഗതിക്കാരായ എറണാകുളം അതിരൂപതയുടെ അഭിപ്രായങ്ങള്‍ക്കു സിനഡില്‍ യാതൊരു വിലയുമില്ലേ? ലോകം മുഴുവന്‍ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സീറോ മലബാര്‍ സഭ എന്താണ് പുറകോട്ടു നോക്കുന്നത്?
വി. കുര്‍ബാനയിലെ ചില പ്രാര്‍ത്ഥനകളില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടല്ലോ. ഒന്നോ രണ്ടോ വാക്കുകളിലോ, വാചകങ്ങളിലോ നടത്തിയ ഈ പരിഷ്‌കാരം കൊണ്ട് എന്ത് ഗുണമാണെന്നു ഞങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നില്ല. ഞങ്ങളൊന്നും ദൈവശാസ്ത്രം പഠിച്ചിട്ടല്ല വി. കുര്‍ബാനയ്ക്ക് വരുന്നത്.
ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു തൊട്ടു മുന്‍പാണ് നമ്മുടെ എറണാകുളം അതിരൂപതയിലെ ഭൂമിവിവാദം ഉണ്ടാകുന്നത്. നാളിതുവരെയായിട്ടും അതിന്റെ സത്യാവസ്ഥ ഞങ്ങള്‍ സാധാരണ വിശ്വാസികള്‍ അറിഞ്ഞിട്ടില്ല. കോടികളുടെ നഷ്ടം അതിരൂപതയ്ക്ക് ഉണ്ടായി എന്ന് മാധ്യമങ്ങളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ ആരെയും കുറ്റം വിധിക്കുന്നില്ല. പക്ഷേ നഷ്ടം വരുത്തിയവര്‍ ആരാണെന്ന് അറിയുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ? ഈ അതി രൂപതയില്‍ ജീവിച്ചിരിക്കുന്നവരും, മരിച്ചുപോയവരുമായ ആയിരക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തിന്റെയും വിയര്‍പ്പിന്റെയും വിലയാണ് ആരൊക്കെയോ ചേര്‍ന്ന് ചൂതാടിയത്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അത് ഉണ്ടായിട്ടില്ല. എന്തൊക്കെയോ അന്വേഷണങ്ങള്‍ നടന്നു എന്ന് കേള്‍ക്കുന്നു. എന്നാല്‍ അതിന്റെയൊക്കെ റിപ്പോര്‍ട്ട് എവിടെ?
സാമ്പത്തിക ക്രമക്കേട് എല്ലായിടത്തും ഒരു പ്രശനം തന്നെയാണ്. നമ്മുടെ ഇടവകകളില്‍ പണമിടപാടുകളും, അതിന്റെ കണക്കുകളും കൈകാര്യം ചെയ്യുന്ന രീതി അങ്ങേക്ക് അറിയാമല്ലോ. എല്ലാം നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെയൊക്കെ സുതാര്യതയും സത്യസന്ധതയും എത്രത്തോളമെന്ന് ഇടവകകളിലെ അംഗങ്ങള്‍ക്കു പോലും സംശയമുണ്ട്. അങ്ങനെയിരിക്കെ അതിരൂപതയിലെ പണമിടപാടുകളും വിവാദത്തിലായാല്‍ ആര് ആരെ നേരെയാക്കും?
പ്രശ്‌നങ്ങള്‍ ഇത്രയൊക്കെയായിട്ടും അതൊന്നു രമ്യമായി പരിഹരിക്കുവാന്‍ ശ്രമിക്കാതെ പൊലീസിന്റെ അകമ്പടിയോടെയും, പ്രകോപനം സൃഷ്ടിച്ചും സംഭവം വഷളാക്കുവാനാണ് നേതൃത്വം ശ്രമിക്കുന്നത്. വി. കുര്‍ബാന സ്ഥാപിച്ചതിനുശേഷം നമ്മുടെ കര്‍ത്താവ് പൊലീസിന് പിടികൊടുക്കുകയല്ലേ ചെയ്തത്? അല്ലാതെ വി. കുര്‍ബാന സ്ഥാപിക്കുവാന്‍ പൊലീസിനെ വിളിച്ചു കാവല്‍ നിറുത്തിയില്ലല്ലോ. എന്നാല്‍ കുരിശിലേറിയപ്പോള്‍ ചുറ്റും പൊലീസ് ഉണ്ടായിരുന്നുതാനും. സിനഡ് ചേര്‍ന്ന് പൊലീസിന്റെ സഹായത്തോടെ എറണാകുളം അതിരൂപതയെ തൂക്കിക്കൊല്ലരുത്.
സഭാനേതൃത്വത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍ ഞങ്ങളുടെ മനസ്സിലുയരുന്ന ചോദ്യം ഇതാണ്, നിങ്ങള്‍ ആര്‍ക്കാണ് ഈ ലോകത്തില്‍ സാക്ഷ്യം നല്‍കുന്നത്? എന്തു തരം സു വിശേഷവല്‍ക്കരണമാണ് ഇവിടെ നടപ്പിലാക്കുന്നത്?
അഭിവന്ദ്യ പിതാവേ, ആരെയും വേദനിപ്പിക്കാനോ, പരിഹസിക്കുവാനോ, കുറ്റപ്പെടുത്തുവാനോ അല്ല ഇത് എഴുതുന്നത്. മനസ്സിലുയരുന്ന ആത്മരോഷം പ്രകടിപ്പിക്കുന്നു എന്നു മാത്രം. പൊതു സമൂഹത്തില്‍ നമ്മുടെ സഭയ്ക്ക് ഉള്ള സ്വീകാര്യത നമ്മളായി തന്നെ ഇല്ലാതാക്കുന്നു എന്നൊരു തോന്നല്‍.
എല്ലാവരും ഒന്നിച്ചുചേരണം, ചുറ്റുമിരിക്കണം, സംസാരിക്കണം. ഈ പ്രശ്‌നങ്ങള്‍ക്കൊക്കെയും പരിഹാരം ഉണ്ടാകണം, ഉചിതമായി, മാതൃകാപരമായി, ക്രിസ്തീയമായി.