ഓണവും ക്രിസ്ത്യാനികളും

ഓണവും ക്രിസ്ത്യാനികളും

സാജു പോള്‍ തേക്കാനത്ത്

കര്‍ക്കിടകം തീരാറായി, ചിങ്ങംവരവായി. ഒപ്പം ഓണവും. ഈ രണ്ടു മലയാളമാസങ്ങളുടെയും പ്രത്യേകതകളും, പ്രാധാന്യവും മുമ്പത്തെപ്പോലെ ഇപ്പോള്‍ ഇല്ലെങ്കിലും ചിങ്ങത്തിലെ ഓണാഘോഷത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. എന്നു മാത്രമല്ല അത് കൂടിയിട്ടേയുള്ളൂ.

കേരളത്തിന്റെ ദേശീയോത്സവം തന്നെയാണ് ഓണം. അത് എല്ലാവരും തന്നെ ഓരോ വിധത്തില്‍ ആഘോഷിക്കുന്നുമുണ്ട്. മലയാളി എന്ന നിലയില്‍ ക്രൈസ്തവനും ഓണാഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്. മുറ്റത്തു ചെറിയൊരു പൂക്കളം, ഉച്ചയ്ക്ക് ഒരു സദ്യ ഇത്രയുമായാല്‍ ക്രിസ്ത്യാനിക്ക് വീട്ടിലെ ഓണമായി. അതുതന്നെ ധാരാളം. ഇതൊന്നും ചെയ്യാത്തവരുമുണ്ട്. അത് ഓരോരുത്തരുടെ ഇഷ്ടം. വര്‍ഷങ്ങളായി നടക്കുന്ന ഒരു കാര്യമാണിത്.

എന്നാല്‍ കുറച്ചു നാളുകളായി, ക്രിസ്ത്യാനിക്ക് ഓണാഘോഷം പാടില്ല എന്നൊരു ചിന്ത ചിലരെങ്കിലും നമ്മുടെ സമൂഹത്തില്‍ പടര്‍ത്തുന്നുണ്ട്. എങ്ങനെയാണ് ഈയൊരു ചിന്ത ഇവിടെ ഉണ്ടായതും വളര്‍ന്നതും എന്ന് മനസ്സിലായിട്ടില്ല. ഏതെങ്കിലും ദുര്‍ബല മനസ്സില്‍ നിന്നാകാം. അതോ ദുഷ്ടമനസ്സില്‍ നിന്നോ?

കാലങ്ങളായി നമ്മുടെ സംസ്ഥാനം ഒന്നിച്ചാഘോഷിക്കുന്ന ഒരു വിശേഷമാണിത്. ഈ ആഘോഷവുമായി ബന്ധപ്പെട്ടു ചില ഐതീഹ്യങ്ങളും, അതുമായി ചേര്‍ത്തുള്ള ചില പ്രവൃത്തികളും, മതപരമായ ചില ആചാരങ്ങളും ഇവിടെയുണ്ട്. അതൊക്കെ കേരള സമൂഹത്തിലെ ഒരു വിഭാഗത്തിന്റെമാത്രം ആചാരങ്ങളാണ്. അതവര്‍ ചെയ്യട്ടെ. അവരുടെ വിശ്വാസപരമായ ആചാരങ്ങളില്‍ നാം പങ്കുചേരേണ്ട.

നമ്മുടെ പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുവാന്‍ ഒരു ആഘോഷത്തിന് സാധിക്കുമെങ്കില്‍ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ? നമ്മളായിട്ടെന്തിന് മാറിനില്‍ക്കണം?

ഓണത്തില്‍ ക്രൈസ്തവവിശ്വാസമോ, ക്രൈസ്തവവിശ്വാസത്തില്‍ ഓണമോ ഉള്‍പ്പെടുത്തരുത്. വിശ്വാസപരമായിട്ടല്ല, ഒരു സാമൂഹിക ആഘോഷം എന്ന നിലയില്‍ മാത്രമായിരിക്കണം ഓണാഘോഷത്തോടുള്ള ക്രൈസ്തവന്റെ സമീപനം. അതില്‍ ഒരു തെറ്റുമില്ല.

ഇപ്പോള്‍ മിക്കവാറും ഇടവക പളളികളിലും ഓണാഘോഷം നടക്കുന്നുണ്ട്. നാടാകെ സന്തോഷത്തിലായിരിക്കുന്ന ഓണക്കാലത്ത് ഇടവകക്കാര്‍ക്കു ഒന്നിച്ചുചേരുവാന്‍ ഒരു അവസരം. എല്ലാവരും ഒന്നുചേര്‍ന്നാല്‍ പള്ളിമുറ്റത്തൊരു പൂക്കളം. പിന്നെ കലാപരിപാടികളോ, മത്സരങ്ങളോ. അതിനുശേഷം അല്പം മധുരം. ഇതൊക്കെ ഒരു പതിവായിട്ടുണ്ട്. നല്ലതുതന്നെ. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും ഈ ആഘോഷത്തെ പള്ളിക്കകത്തേക്കു കയറ്റുന്നതായി കാണുന്നുണ്ട്. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളെ ഓണവുമായി കൂട്ടിക്കുഴയ്ക്കുന്നു. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

വിശുദ്ധ കുര്‍ബാനയെ എങ്ങനെയും തിരിക്കുവാനുള്ള ശ്രമങ്ങള്‍ ഇവിടെ എതിര്‍ക്കപ്പെടുകയാണ്. വിശുദ്ധ കുര്‍ബാനയില്‍ എന്തെങ്കിലും തിരുകിക്കയറ്റുവാനുള്ള ശ്രമങ്ങളും എതിര്‍ക്കപ്പെടണം.

ക്രൈസ്തവന്റെ ഓണാഘോഷം ദേവാലയത്തിനകത്തല്ല, പുറത്താണ്.

എല്ലാവര്‍ക്കും ഓണാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org