
വളരെ പ്രതീക്ഷയോടെയാണ് ഫാ. ബെന്നിനല്ക്കര സി.എം.ഐയുടെ ''സമര്‍പ്പിത ജീവിതം'' എന്ന ലേഖനം വായിച്ചത്. ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങളിലേക്കു കടന്നുവരാത്ത സമര്‍പ്പിതരെ ലേഖകന്‍ കുറ്റപ്പെടുത്തുന്നില്ല എന്നു കണ്ടപ്പോള്‍ നിരാശതോന്നി. പകരം നല്ല വാക്കുകള്‍ ചേര്‍ത്തു വച്ചും പൊലിപ്പിച്ചും, വര്‍ണ്ണിച്ചും ഇതുപോലുള്ള നൂറുകണക്കനു ലേഖനങ്ങളിലൊന്നു മാത്രമായി ഈ ലേഖനവും മാറിയോ എന്നു തോന്നി. സഹനടത്തം ആരോടൊപ്പമാണ്? പാവപ്പെട്ടവരോടും അരികുവല്‍ക്കരിക്കപ്പെട്ടവരോടുമൊപ്പമാണോ? ഇന്നും സ്‌കൂളുകളും കോളേജുകളും ആശുപത്രികളും സ്ഥാപിച്ചും അതില്‍ ജോലി ചെയ്തും സാമ്പത്തി വരുമാനം ഉണ്ടാക്കുന്നവര്‍ എവിടയാണ് സഹ നടത്തത്തിന് പോകുക; സമയം കണ്ടെത്തുക. സഭയും ക്രിസ്തുവും വേണ്ടതിലധികം വിമര്‍ശിക്കപ്പെട്ടിട്ടും പരിഹസിക്കപ്പെട്ടിട്ടും പ്രതികരിക്കാത്തവര്‍ എന്ത് സ്‌നേഹപൂര്‍ണ്ണതയാണ് കാണിക്കുക. അടുത്തകാലത്ത് ആവര്‍ത്തിക്കുന്ന പദമാണ് സിനഡാലിറ്റി. എവിടെയാണ് സിനഡാത്മകത നടക്കുക - കുടുംബങ്ങള്‍ ശോഷിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ യുവതീ യുവാക്കള്‍ വിദേശങ്ങളിലേയ്ക്കു കുടിയേറുമ്പോള്‍, വിവാഹത്തിനു ജീവിത പങ്കാളിയെ ലഭിക്കാതെ വരുമ്പോള്‍, ആചാരാനുഷ്ഠാന സംവിധാനബദ്ധ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കാതെ എന്ത് വ്യതിരിക്തതയാണ് സന്യാസം പ്രദര്‍ശിപ്പിക്കുക. ആദ്യകാലങ്ങളിലെ ദാരിദ്ര്യം ഇന്ന് വലിയ സമ്പന്നതയ്ക്കു വഴിമാറിയപ്പോള്‍, കരിയറിസത്തിനും, പ്രൊഫഷണലിസത്തിനും പുതിയ പാതവെട്ടി തുറന്നപ്പോള്‍, സാമൂഹിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കാതിരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ അപചയങ്ങള്‍ കാണുമ്പോള്‍ വേദനിക്കാതിരിക്കുമ്പോള്‍ വംശനാശത്തിന്റെ വക്കിലേയ്ക്ക് എത്തുമ്പോള്‍ എവിടെ എന്തു സഹനടത്തം. ആദ്യകാല സന്യാസത്തെ ഒഴിവാക്കി നിറുത്തിയിട്ട് അടുത്തുകാലത്തെ സമര്‍പ്പിതരിലൂടെ സഭയ്ക്കും, ക്രിസ്തുവിനും, ലോകത്തിനും ലഭിച്ച ഔട്ട്പുട്ടിനെപ്പറ്റി ലേഖകന്‍ ഒന്നും എഴുതി കണ്ടില്ല.