കേരള സഭയല്ല, ഇന്ത്യന്‍ സഭ

സെബി സെബാസ്റ്റ്യന്‍, തേക്കാനത്ത് പണ്ടാരവളപ്പില്‍, തൃശൂര്‍
കേരള സഭയല്ല, ഇന്ത്യന്‍ സഭ

ഫാ. ലൂക്ക് പൂതൃക്കയിലിന്റെ കത്തിനോടുള്ള പ്രതികരണമാണിത്.

കേരള സഭ എന്ന് നമ്മള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം കേരള സഭ എന്നു പറഞ്ഞു നമ്മള്‍ നമ്മുടെ പ്രവര്‍ത്തിമണ്ഡലം ചെറുതാക്കി, ഒരു കംഫര്‍ട് സോണ്‍ സൃഷ്ടിച്ചു സ്വയം തൃപ്തിപ്പെടുകയാണ്. ശരിക്കും നമ്മള്‍ ഇന്ത്യന്‍ സഭ എന്ന് പറഞ്ഞാല്‍ നമുക്കു ഉത്തരവാദിത്വം കൂടും. 135 കോടി ജനമുള്ള ഇന്ത്യയില്‍ 133 കോടിയും ക്രിസ്തു ആരെന്ന് അറിയാത്തവരാണ്. ഇതറിയുമ്പോള്‍ നമുക്കു നഷ്ടബോധമുണ്ടാകണം. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു നമ്മുടെ സഭാജീവിതം എന്നും ചിന്തിക്കേണ്ടതായി വരും. നമ്മളും നമ്മുടെ മുന്‍ഗാമികളും വലിയ ഉപേക്ഷയുടെ പേരില്‍ തെറ്റുകാരാകും.

ഈ തെറ്റിന്റെ ഫലമാണ് ഇന്ന് യുവജനങ്ങള്‍ കൂട്ടത്തോടെ നാട് വിടുന്നതും, പ്രായമായവര്‍ ഒറ്റപ്പെട്ടുപോകുന്നതും, സഭ ഒറ്റയ്ക്കു നില്ക്കാതെ ഭിന്നിക്കാന്‍ പോകുന്നതും. നമ്മുടെ കംഫര്‍ട് സോണില്‍, സാമ്പത്തിക ഭദ്രത ഉള്ളതുകൊണ്ട് പുരോഹിതരും സന്യസ്തരുമൊക്കെ ആഡംബര ജീവിതം നയിക്കുന്നു (എല്ലാവരുമല്ല).

ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി ഇന്ത്യയില്‍ സുവിശേഷമറിയാത്തവരുടെ ഇടയിലേക്ക് നമ്മള്‍ ഇറങ്ങണം. നമ്മുടെ സ്ഥാപനാകാര കോര്‍പറേറ്റ് സംസ്‌കാരം ഇട്ടെറിഞ്ഞ്, വീണ്ടും ചെറിയ പള്ളിക്കൂടങ്ങളും ക്ലിനിക്കുകളും ഒക്കെയായി വിനീതമായ സുവിശേഷ പ്രാഘോഷണത്തിന് തയ്യാറായി പ്രവര്‍ത്തിച്ചാല്‍ സ്വര്‍ഗത്തില്‍ വിശുദ്ധരായി നിലകൊള്ളാം. അല്ലെങ്കില്‍, കണ്ണടച്ച് ഇരുട്ടാക്കി അവിടെ ചെല്ലുമ്പോള്‍ പടിക്കു പുറത്തു നില്‍ക്കേണ്ടി വരും. സ്വര്‍ഗത്തില്‍ ഡോക്ടറേറ്റ് എടുത്തവര്‍ക്കു പ്രത്യേകിച്ചു സ്ഥാനം കിട്ടുമോ എന്നറിയില്ല. സുവിശേഷ പ്രഘോഷണമാണ് ഓരോ സന്യസ്തരുടെയും, അല്‍മായരുടെയും ദൗത്യം.

സഭാനവീകരണം എന്നാല്‍ പുതിയ പള്ളികള്‍ പണിയലോ കുര്‍ബാനയില്‍ പുതിയ പ്രാര്‍ത്ഥനകള്‍ ചേര്‍ക്കലോ, അങ്ങോട്ടും ഇങ്ങോട്ടും തിരിയലോ അല്ല. മറിച്ചു, ലോകം മുഴുവന്‍ സുവിശേഷം പ്രാഘോഷിക്കലാണ്. നമ്മള്‍ കേരള സഭ എന്ന സങ്കുചിത വൃത്തം നമുക്കു ചുറ്റും ഉണ്ടാക്കി തൃപ്തി അടഞ്ഞു. ഈ വൃത്തത്തില്‍നിന്നു നാം പുറത്തുകടക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org