പുതിയ കാര്‍ഷിക നിയമങ്ങള്‍

പുതിയ കാര്‍ഷിക നിയമങ്ങള്‍

സത്യദീപം ലക്കം 94 ന്റെ (ഒക്‌ടോ. 7/2020) എഡിറ്റോറിയല്‍ 'ദേശ വിരുദ്ധതയുടെ കാര്‍ഷിക നയം' കാലഘട്ടത്തിന്റെ ഉണര്‍ത്തുപാട്ടുതന്നെയാണ്. ഇന്‍ഡ്യന്‍ പ്രസിഡണ്ട് ഒപ്പിട്ടതുകൊണ്ട് പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രയോഗത്തില്‍ വന്നുവെങ്കിലും ആ നിയമത്തിന്റെ ധാര്‍മ്മികത ഉയര്‍ത്തുന്ന അനുരണനങ്ങള്‍ ചിന്തിക്കുന്നവരുടെ മനസ്സിനെ തപിപ്പിച്ചുകൊണ്ടേയിരിക്കും. ഇന്ത്യയിലെ ചെറുകിട/നാമമാത്ര കര്‍ഷകരുടെ ചരമക്കുറിപ്പു തന്നെയാണ് പ്രസ്തുത നിയമങ്ങള്‍. പ്രതിപക്ഷ കക്ഷികള്‍ എന്നല്ല ഒരു രാഷ്ട്രീയക്കാരും കര്‍ഷകരെ രക്ഷിക്കാന്‍ ഉണ്ടാവുകയില്ല. ആരെങ്കിലും തയ്യാറായാല്‍ എന്താണ് ഫലമെന്ന് രാജ്യസഭയില്‍ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞുതാനും. ചമ്പാരന്‍ സമരത്തെ പ്പറ്റി എഡിറ്റോറിയല്‍ വ്യക്തമാക്കിയതുകൊണ്ട് വേറെ വിശദീകരണം ആവശ്യമില്ല.
മറ്റൊരു കാര്യം, ഇത് കര്‍ഷകരുടെ മാത്രം പ്രശ്‌നവുമല്ല. കാര്യമായി ചര്‍ച്ചകള്‍ നടക്കാത്ത, മറഞ്ഞു നില്‍ക്കുന്ന മറ്റൊരു മേഖല കൂടി ഇവിടെ വളരുന്നില്ലേ? വിളവെടുപ്പ് കാലത്ത് തുച്ഛമായ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും വിളവു ശേഖരിച്ച് കുത്തകകളുടെ ഗോഡൗണുകളില്‍ സൂക്ഷിക്കും. വിളവെടുപ്പ് സീസണ്‍ കഴിയുമ്പോള്‍ സാധനങ്ങളുടെ ലഭ്യത കുറയും. അപ്പോള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചു ശേഖരിച്ചു വച്ച സാധനങ്ങള്‍ വളരെ കൂടിയ വിലയ്ക്ക് വിറ്റ് സാമാന്യ ജനങ്ങളെ ആകെ കൊളളയടിക്കാനുള്ള സാഹചര്യവും ഈ നിയമങ്ങള്‍ വഴി ഉണ്ടാവുകയില്ലേ.
അതേസമയം, പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യ ത്തില്‍ വന്ന സ്ഥിതിക്ക് ഇനി ചെയ്യാവുന്ന കാര്യം എന്ത് എന്ന് എഡിറ്റോറിയലില്‍ പ്രവാചക ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നു. അത് വളരെ ശ്രദ്ധേയമാണ്. പുതിയ നയ സാഹചര്യ ത്തെ സാധാരണ കര്‍ഷകര്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ സഭാ സംവിധാനങ്ങള്‍ ജാഗരൂകമാകേണ്ടതുണ്ട്. ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം വരുന്ന നാളുകളില്‍ ഇതു തന്നെയാണെന്നുള്ളതിനു സംശയമില്ല.
'കാര്‍ഷിക ബില്ലുകള്‍ ജനാധിപത്യ വിരുദ്ധമായി നിയമമാ കുമ്പോള്‍' എന്ന തലക്കെട്ടില്‍ ബ. സേവ്യര്‍ കുടിയാംശ്ശേരിയച്ചന്റെ ലേഖനം എഡിറ്റോറിയലിന് പൂരകമാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org