വീണ്ടുമൊരു പോരാട്ടം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ...

വീണ്ടുമൊരു പോരാട്ടം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ...
Published on
  • ജോർജ് മുരിങ്ങൂർ

മദ്യപിച്ച് വലിയ ദുരിതങ്ങളും ദുഃഖങ്ങളും സൃഷ്ടിക്കുന്ന വരിൽ ചെറുതല്ലാത്തൊരു പങ്ക് ക്രിസ്ത്യാനികൾക്കുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്ത്യൻ സമുദായത്തിനും ആധ്യാത്മിക ശ്രേഷ്ഠന്മാർക്കും നേതാക്കൾക്കും മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള ധാർമ്മികമായൊരു കടപ്പാടുണ്ട്. മാത്രമല്ല, പൊതുസമൂഹത്തിന്റെ നാശം കണ്ടുകൊണ്ട് ജീവിക്കാൻ ക്രിസ്ത്യൻ സമൂഹത്തിനു സാധിക്കുകയുമില്ല.

ക്രൈസ്തവ സമൂഹം കേരളത്തിലെ അതിശക്തമായൊരു സ്നേഹകൂട്ടായ്മയാണ്. അതിനാൽ തന്നെ ക്രിസ്ത്യൻ ബിഷപുമാരും വൈദികരും കേരളത്തിലെ ശക്തികേന്ദ്രങ്ങളാണ്. അനേകം വർഷങ്ങളായി ക്രിസ്ത്യൻ സമൂഹം, മദ്യവിരുദ്ധ - മദ്യനിരോധന മേഖലകളിലും മയക്കുമരുന്നു വിരുദ്ധ രംഗങ്ങളിലും ധീരതയോടെ പ്രവർത്തിക്കുന്നുണ്ട്; എങ്കിലും വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

ആത്മവിശ്വാസത്തോടും ആത്മധൈര്യത്തോടും കൂടി, കത്തോലിക്കാ സമൂഹം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളോടൊപ്പം, ഹൈന്ദവ മുസ്ലീം സഹോദരങ്ങളോട് ഐക്യത്തോടെ ഒത്തുചേർന്ന് ആഞ്ഞടിച്ചാൽ, കേരളത്തിലെ മദ്യലോബിയുടെ ദുരാത്മാവിനെ തകർത്തെറിയാൻ കഴിയുകയില്ലേ...?

ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുമ്പോൾ, മദ്യനിരോധന പ്രവർത്തനങ്ങൾ വർഗ്ഗീയ ശക്തികളുടെ ദുഷ്ടലക്ഷ്യമാണെന്ന് ആക്രോശിച്ചു കൊണ്ട് എതിർപക്ഷം രംഗത്തുവരും. ചില രാഷ്ട്രീയ പാർട്ടികൾ അവരോട് ചേർന്നുനിന്നുകൊണ്ട് മദ്യനിരോധനം എന്ന ലക്ഷ്യത്തെ തകർക്കാൻ ശ്രമിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ തകർക്കാനും മദ്യോല്പാദന രംഗത്തും മദ്യവിതരണ രംഗത്തുമുള്ള പാവപ്പെട്ട തൊഴിലാളികളെ പെരുവഴിയിലിറക്കാനും അവരുടെ കുടുംബങ്ങളെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിടാനും മാത്രമേ വർഗ്ഗീയ കക്ഷികളുടെ മദ്യനിരോധന സമരം കൊണ്ട് സാധ്യമാകൂ എന്ന് എതിർപക്ഷം ആക്ഷേപം ഉന്നയിക്കും; വിമർശനങ്ങളുയർത്തും.

ആ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും ശക്തിപൂർവ്വം ഐക്യത്തോടെ, ഒന്നിച്ചു നിന്നുകൊണ്ട് തന്നെ നേരിടണം. മദ്യപാനികളുടെയും അവർക്ക് സംരക്ഷണം നൽകുന്നവരുടെയും താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ല. മദ്യത്തിന് അടിമപ്പെട്ടുപോയതുകൊണ്ട് ശാരീരികമായും മാനസികമായും ആധ്യാത്മികമായും തകർന്നുപോയ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും നാം വിസ്മരിക്കരുത്. അവരെ വീണ്ടെടുക്കണം. അതു നമ്മുടെ മദ്യനിരോധന സമരത്തിന്റെ ഒഴിവാക്കാനാവാത്ത കടമയായി തിരിച്ചറിയണം. ഇക്കാര്യത്തിൽ കേരളത്തിലെ പുതിയ യു ഡി എഫ് സർക്കാരിന്റെ പിന്തുണയും സഹകരണവും സഹായവും നാം ഉറപ്പാക്കേണ്ടതുണ്ട്.

മദ്യനിരോധനം എന്ന ലക്ഷ്യം നേടാൻ, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ ശക്തിപൂർവം നയിക്കാൻ ജനങ്ങളെ സ്നേഹിക്കുന്ന നമ്മുടെ അഭിവന്ദ്യരായ മെത്രാൻ തിരുമേനിമാർ ജനമധ്യത്തിലേക്ക് കടന്നുവരട്ടെ.

logo
Sathyadeepam Online
www.sathyadeepam.org