കെട്ടലും കെട്ട് അഴിക്കലും

കെട്ടലും കെട്ട് അഴിക്കലും
Published on
  • ഒ ജെ പോള്‍, പാറക്കടവ്

വിവാഹം എന്ന കൂദാശയ്ക്ക് സഭ വളരെയധികം പ്രാധാന്യം കൊടുത്തിട്ടുണ്ട്. മറ്റ് ആറ് കൂദാശകള്‍ക്കും കാര്‍മ്മികന്‍ മെത്രാനോ വൈദികനോ ആയിരിക്കണം. വിവാഹം എന്ന കൂദാശയ്ക്ക് വധൂവരന്മാര്‍ തന്നെയാണ് കാര്‍മ്മികര്‍. വൈദികന്‍ ആശീര്‍വദിക്കുക മാത്രമാണ് ചെയ്യുന്നത്. വളരെ നേര്‍ത്ത ചരടുകൊണ്ട് ബന്ധിപ്പിക്കുന്ന ചടങ്ങാണെങ്കിലും മരണംവരെ പൊട്ടാത്ത ചരടാണ്. വൈവാഹിക ജീവിതത്തിലെ ദൃഢതയും കുടുംബത്തിനും സഭയ്ക്കും അനുയോജ്യമായ വിധം, സന്താനങ്ങളെ വളര്‍ത്തുവാനും ഒക്കെയുള്ള ചുമതലകള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ മാതാപിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ ഈ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്.

വിവാഹം, ദൈവവരപ്രസാദം ലഭിക്കുവാനുള്ള കൂദാശയാണെന്നുള്ള സത്യവും കാഴ്ചപ്പാടും മാറി. ശാരീരികസുഖം കിട്ടുന്നതിനുള്ള ഒരു ലൈസന്‍സെന്ന ചിന്താഗതിയായി. അതിന്റെ പരിണിതഫലം ഒരിക്കലും പൊട്ടാത്ത ചരട് പൊട്ടിത്തുടങ്ങി. വിവാഹം കഴിഞ്ഞ് ഒരാഴ്ച ആകുമ്പോഴേക്കും വിവാഹമോചനം നടത്തി എന്നു കേള്‍ക്കുമ്പോള്‍ വാസ്തവത്തില്‍ ഞെട്ടിപ്പോകും. ഒരു ലക്ഷത്തിപതിനായിരത്തോളം വിവാഹങ്ങളാണ് വര്‍ഷംതോറും നടക്കുന്നത്. അതില്‍ മുപ്പതിനായിരം വിവാഹമോചന കേസുകളുണ്ട്. കേസിനു പോകാതെ വക്കീല്‍ നോട്ടീസ് അയച്ച് പിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് കുടുംബ കോടതി ജഡ്ജിമാര്‍ പറയുന്നത്.

കേസുകളുടെ എണ്ണം കൂടിയതിനാല്‍ ജില്ലതോറും കുടുംബ കോടതികളുടെ എണ്ണം രണ്ടും മൂന്നും ആയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ വരെയുള്ള കേസുകളുടെ എണ്ണം 16732 ആണ്. മുന്‍വര്‍ഷം ആകെ കേസുകള്‍ 37474 ആണ്. ഇതില്‍ 16139 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 38067 കേസുകളാണ് മൊത്തത്തില്‍ തീര്‍പ്പാകാതെ കിടക്കുന്നത്. (വിവരാവകാശ നിയമപ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കാണ് മേല്‍ പറഞ്ഞത്. സഭാതലത്തിലുള്ള കണക്കുകള്‍ ഇതില്‍ പെടുന്നില്ല.) വൈവാഹികജീവിതം ഇതുപോലെ താറുമാറാകുന്നതിന്റെ മുഖ്യകാരണം, ഇന്നത്തെ യുവതലമുറ ഒരു സ്വപ്നലോകത്താണ് ജീവിക്കുന്നത്.

ടി വി യിലും സിനിമയിലും മറ്റും കാണുന്ന ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ അവരുടെ മനസ്സില്‍ ഉണ്ടാകും. യഥാര്‍ഥ ജീവിതവും ഇതുപോലെയാണെന്ന മിഥ്യാധാരണയില്‍ ആയിരിക്കും അവര്‍. യഥാര്‍ഥ ജീവിതവുമായി ഈ ധാരണ പൊരുത്തപ്പെടാതെ വരുേമ്പോള്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുവരും തയ്യാറാകുകയുമില്ല. അങ്ങനെ വരുമ്പോള്‍ ചെറുപ്രശ്‌നങ്ങള്‍ ഗൗരവാവസ്ഥയിലേക്ക് എത്തുന്നു. ഒരുമിച്ചു ജീവിക്കുവാന്‍ ബുദ്ധിമുട്ട്. അന്തിമതീരുമാനം 'വേര്‍പിരിയല്‍.' ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുമ്പോള്‍ മുതല്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പരിഹാരം കണ്ടെത്താം. ജീവിതത്തിലെ സ്വപ്നങ്ങള്‍ വിറ്റിട്ടാണ് യാഥാര്‍ഥ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്ന കാര്യം മനസ്സിലുണ്ടാകണം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒരു ഒറ്റമൂലി പ്രയോഗിക്കാം.

തന്റെ ജീവിതാഭിലാഷങ്ങളിലും പ്രതീക്ഷകളിലും അമ്പത് ശതമാനം വിട്ടുകളയുക. അവിടെ ജീവിതപങ്കാളിയുടെ അഭിലാഷങ്ങള്‍ക്ക് ഇടം കൊടുക്കാം. ഇരുകൂട്ടരും ഈ തത്വം ആരംഭത്തിലെ ശീലിച്ചാല്‍ ചരടുപൊട്ടാതെ സൂക്ഷിക്കാം. പിന്നേയും സൂക്ഷിക്കേണ്ട ചില ചെറുകാര്യങ്ങളുണ്ട്. കുടുംബജോലികളില്‍ പരസ്പരം സഹായിക്കുക. കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പള്ളിയില്‍ പോകുന്നത് കഴിവതും ഒരുമിച്ചാക്കുക. സര്‍വോപരി കൂട്ടായ കുടുംബപ്രാര്‍ഥന അനിവാര്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org