തോമസ് മാളിയേക്കല്‍, അങ്കമാലി
എറണാകുളം ബസിലിക്ക പുട്ടികിടക്കുന്നു. സെമിനാരി പൂട്ടി. എന്റെ പിതാക്കന്മാരെ നിങ്ങള്‍ വയസ്സായി മരിക്കേണ്ടവരല്ലേ? പുതിയ തലമുറ വൈദികര്‍ ഉണ്ടാകേണ്ടേ, മെത്രാന്മാര്‍ ഉണ്ടാകേണ്ടേ? സഭയുടെ സ്വത്തുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുവേണ്ടിയാണോ ഈ പിടിവാശി, ജനാഭിമുഖം കുര്‍ബാന നടത്തുന്നതില്‍ എന്താണ് തെറ്റ്? തെക്കര്‍ ചെയ്യുന്നതുപോലെ വടക്കര്‍ ചെയ്യണമെന്നുണ്ടോ? നോര്‍ത്ത് ഇന്ത്യയില്‍ സീറോ മലബാര്‍ വൈദികര്‍ ഭൂരിപക്ഷവും ജനാഭിമുഖം ലത്തീന്‍ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. പരിശുദ്ധ ഫ്രാന്‍ സിസ് മാര്‍പാപ്പ ജനാഭിമുഖ കുര്‍ബാനയാണ് നടത്തുന്നത്. വിദേശരാജ്യങ്ങളിലും ജനാഭിമുഖം തന്നെ. സെമിനാരി പ്രവര്‍ത്തിക്കാത്തതുകൊണ്ട് മനസ്സ് വേദനിക്കുകയാണ്. യേശു ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കി. പ്രാവ് വില്പനക്കാരെ സമാധാനത്തോടുപോകുവാന്‍ പറഞ്ഞു. ഈ സമാധാനവും ശാന്തിയും പിതാക്കന്മാരിലും ഉണ്ടാകട്ടെ.
ഓരോ ഇടവക വികാരിമാര്‍ക്കും ഇടവക ഭരിക്കുവാനുള്ള പരമാധികാരം ഉണ്ട്. മേലധികാരിയെ അനുസരിക്കേണ്ട എന്നല്ല, എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഓരോ ഇടവക എടുത്താലും ഭൂരിപക്ഷം ജനങ്ങളും ജനാഭിമുഖ കുര്‍ബാനയാണ് ആഗ്രഹിക്കുന്നത്. നിയമസഭയിലും പാര്‍ലമെന്റിലും രാജ്യസഭയിലും ഭൂരിപക്ഷം ആണല്ലോ എല്ലാ കാര്യങ്ങളും പാസ്സാക്കുന്നത്. രൂപതയിലെ ഭൂരിപക്ഷം വിശ്വാസികള്‍ ജനാഭിമുഖ കുര്‍ബാന ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടു വിട്ടുകൊടുത്തുകൂടാ. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതൊന്നും അറിയുന്നില്ല. ഇവിടെ നിന്നുള്ള ശുപാര്‍ശ പാവം പിതാവ് പാസ്സാക്കുന്നു. ഇരിങ്ങാലക്കുട, തൃശ്ശൂര്‍ രൂപതകളിലെ പലരുമായിട്ട് ഈ കാര്യത്തെക്കുറിച്ച് ഇടപഴകിയിട്ടുണ്ട്. പല വൈദികരുമായി സംസാരിച്ചിട്ടുണ്ട്. ഈ രൂപതകളില്‍ അടിച്ചേല്പിച്ചിരിക്കുകയാണ്. 100 ല്‍ 99% ജനാഭിമുഖ കുര്‍ബാനയാണ് ഇഷ്ടപ്പെടുന്നത്.
എന്റെ പിതാക്കന്മാരെ കീഴ്‌പോട്ട് വരിക, എളിമപ്പെടുക, വിനയരാകുക, പാവ പ്പെട്ട വൈദികരെ ഉപദ്രവിക്കല്ലേ. വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെടുത്തല്ലേ. എല്ലാവരേയും വിളിച്ചുകൂട്ടി ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ചര്‍ച്ച ചെയ്ത് ഭൂരിപക്ഷത്തിന് വിട്ടു കൊടുക്കുക. ശാന്തിയും സമാധാനവും ഉണ്ടാകും. അതിരൂപത ഉയിര്‍ത്ത് എഴുന്നേല്‍ക്കും. ആമ്മേന്‍.