വൈദിക സന്യസ്ത ശുശ്രൂഷാ മേഖലകള്‍ ആശയം അഭികാമ്യം; പ്രാവര്‍ത്തികമാകുമോ?

വൈദിക സന്യസ്ത ശുശ്രൂഷാ മേഖലകള്‍ ആശയം അഭികാമ്യം; പ്രാവര്‍ത്തികമാകുമോ?

ചെറിയാന്‍കുഞ്ഞ് നെടുംകുളത്ത്, തൃക്കാക്കര

ലക്കം 28-ലെ സത്യദീപത്തില്‍ ഫാ. ലൂക്ക് പൂതൃക്കയില്‍ "വൈദിക സന്യസ്ത ശുശ്രൂഷ" എന്ന ശീര്‍ഷകത്തില്‍ പങ്കുവച്ച അഭിപ്രായമാണ് ഈ കത്തെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. വൈദികര്‍ക്ക് അജപാലന ശുശ്രൂഷയും സഭാ നേതൃത്വവുമാണ് ലക്ഷ്യമെങ്കില്‍ സന്യസ്തര്‍ക്കും സമര്‍പ്പിതര്‍ക്കും പ്രാര്‍ത്ഥനാ ജീവിതവും പാവപ്പെട്ടവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുക എന്നതാണ് അഭികാമ്യമെന്ന് ബ. ലൂക്കാച്ചന്‍ പറയുമ്പോള്‍ അതിനോടു വിയോജിക്കുവാന്‍ പ്രയാസമാണ്. കാരണം പൗരോഹിത്യവും സന്യസ്ത സമര്‍പ്പിത ജീവിതവും തങ്ങളുടെ ജീവിതലക്ഷ്യമായി തെരഞ്ഞെടുത്തവര്‍ ആ മഹത്തായ ദൈവിക ശുശ്രൂഷകളില്‍ ആകൃഷ്ടരായവരാണല്ലോ. എന്നാല്‍ ഈ കാലഘട്ടത്തില്‍ നാം കാണുന്നത് മറ്റു പല മേഖലകളിലേയ്ക്കും ഈ ശുശ്രൂഷികള്‍ കടന്നു ചെല്ലുന്ന പ്രവണതയാണ്. ഇതിനുത്തരവാദികള്‍ ആരാണ്? ഈ വ്യക്തികളോ അവരുടെ മേലധികാരികളോ സഭാ നേതൃത്വമോ ആയിരിക്കുമല്ലോ. അപ്പോള്‍ അടിസ്ഥാനപരമായി ഈ വ്യക്തികള്‍ തെരഞ്ഞെടുത്ത ശുശ്രൂഷയോടൊപ്പമോ ചില സന്ദര്‍ഭങ്ങളില്‍ ഭാഗികമായെങ്കിലും ആ ചുമതലകള്‍ ഒഴിവാക്കിക്കൊണ്ടോ പുതിയ കര്‍ത്തവ്യമേഖലകളിലേക്ക് നിയോഗിക്കപ്പെടുന്നത് സഭയ്ക്ക് അഭികാമ്യമാണോ അല്ലയോ എന്നത് പരിശോധിക്കേണ്ട വിഷയമായി മാറുന്നു. പ്രത്യേകിച്ച് ലൂക്കാച്ചന്‍ മുന്നോട്ടുവച്ച അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍.

സഭാ ശുശ്രൂഷാ മേഖലയിലെ ഈ വ്യതിയാനത്തി ന് അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉണ്ടാകും. ഒരുവധത്തില്‍ പറഞ്ഞാല്‍ എങ്ങനെയാണ് ആതുരമേഖലയിലെ സേവനങ്ങള്‍, അതിനുവേണ്ടി ആശുപത്രികള്‍ നടത്തുകയും അതിന്റെ നടത്തിപ്പിന്റെ ചുമതലകള്‍ വഹിക്കുക, വൃദ്ധജനങ്ങളേയും ശാരീരിക വൈകല്യങ്ങളുള്ളവരേയും സഹായിക്കുന്ന ഭവനങ്ങള്‍ നടത്തുക, വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ മുതലായവ സാമൂഹിക പ്രതിബദ്ധതയും മാനുഷികസ്‌നേഹത്തിലധിഷ്ഠിതവും അല്ലാത്ത സേവനങ്ങളാണെന്നു പറയുവാന്‍ കഴിയുക. മറുവശത്ത് അജപാലനം, കൗദാശിക കര്‍മ്മങ്ങള്‍, പാവപ്പെട്ടവരുടെ ഇടയിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അടിസ്ഥാനപരമായ സഭാ ശുശ്രൂഷകള്‍ക്കു തന്നെ പുരോഹിതരും സന്യസ്തരും സമര്‍പ്പിതരും നന്നേ കുറവായിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും, ആശുപത്രി സംബന്ധമായ ജോലികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുന്ന സ്ഥാപനങ്ങളിലെ ചുമതലകള്‍ക്കും അവരെ നിയോഗിക്കുവാന്‍ സഭാ നേതൃത്വം കാണിച്ച വ്യഗ്രതയും ഇന്നത്തെ സ്ഥിതിക്കു കാരണമായിട്ടുണ്ട്. തീരുമാനങ്ങള്‍ എടു ക്കേണ്ടതു സഭാ നേതൃത്വം തന്നെയാണ്.

യേശുക്രിസ്തുവിലൂടെയും അതിനു ശേഷം വി. പൗലോസ് അപ്പസ്‌തോലനിലൂടെയും നാം പഠിച്ചതും ഗ്രഹിച്ചതും സഭ ക്രിസ്തുസുവിശേഷത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടതാണെന്നും സഭയിലെ പുരോഹിതരും സമര്‍പ്പിതരുമെല്ലാം ഈ സവിശേഷ ദൗത്യം നിര്‍വ്വഹിക്കുവാന്‍ സ്വയം തീരുമാനമെടുത്തുവന്നിട്ടുള്ളവരാണെന്നുമാണ്. അപ്പോള്‍ അവരെ ലൗകീകവും സാമ്പത്തിക നേട്ടമുള്ളതും മറ്റിതര മേഖലകളിലേക്കും വിന്യസിക്കുന്നതുമൂലം മിഷന്‍ പ്രദേശങ്ങളിലേക്കും ആദിവാസികള്‍ക്കിടയിലേക്കും ക്രിസ്തുവിനെ അറിയാത്തവര്‍ക്കിടയിലേക്കും പ്രവര്‍ത്തിക്കുവാന്‍ ആവശ്യത്തിന് സമര്‍പ്പിതരും പുരോഹിതരും സന്യസ്തരും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുക്കുമ്പോള്‍ പുരോഹിതരും സന്യസ്തരുമെല്ലാം അവര്‍ വിളിക്കപ്പെട്ട ശുശ്രൂഷാ മേഖലകളിലേക്കു തന്നെ നിയോഗിക്കപ്പെടുകയല്ലേ ഉചിതമെന്നു തോന്നുകയാണ്. എന്നാല്‍ ഇതൊരു മഹത്തായ കാര്യമാണെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ പുരോഹിതരേയും സന്യസ്തരേയുമെല്ലാം അവരുടെ മേഖലകളിലേക്കും തന്നെ തിരികെ നിയോഗിക്കുക എന്ന ആശയം പ്രാവര്‍ത്തികമാക്കുക സഭാ നേതൃത്വത്തിന് നിഷ്പ്രയാസം സാധിക്കുമെന്നു തോന്നുന്നില്ല. അഥവാ അങ്ങനെ തീരുമാനിച്ചാല്‍ പോലും അവരെ പെട്ടെന്നു പിന്‍വലിക്കുകയാണെങ്കില്‍ ആതുരസേവന, വിദ്യാഭ്യാസ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഹൃസ്വകാലം കൊണ്ട് അല്മായരെ പരിശീലിപ്പി ച്ച് ആ കുറവു നികത്തുവാന്‍ എത്ര മാത്രം സാധിക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ മതാദ്ധ്യാപനം കത്തോലിക്കാ സഭയില്‍ ഇനി അല്മായ ശുഷ്രൂഷയായി പ്രഖ്യാപിച്ചതും അവരെ പരിശീലിപ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ അതതു സ്ഥലത്തെ മെത്രാന്‍ സമിതികളുടെ ചുമതലയിലാക്കിയതും ചെയ്ത പശ്ചാത്തലത്തില്‍ അല്മായ പങ്കാളിത്തത്തിലൂടെയും പരിശീലനത്തിലൂടെയും പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും സമര്‍പ്പിതര്‍ക്കും അവരുടെ ജീവിതലക്ഷ്യമായ ആത്മീയ ശുശ്രൂഷയിലും മിഷന്‍ പ്രവര്‍ത്തനങ്ങളിലും ഉറച്ചു നില്‍ക്കുവാന്‍ കാലക്രമേണ സാധിക്കുമെന്നു പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org