
ഒക്‌ടോബര്‍ 28-ലെ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച "മെത്രാന്‍ ഇടവക വികാരിയാകുമ്പോള്‍" എന്ന ലേഖനം വളരെയധികം ആകര്‍ഷിച്ചു. ബിജ്‌നോര്‍ രൂപതയുടെ ചുമതല സ്ഥാനം ഒഴിഞ്ഞപ്പോള്‍ ബിഷപ് ജോണ്‍ വടക്കേല്‍ എടുത്ത അസാധാരണ തീരുമാനം, അതായത് അരമനയില്‍ നിന്നുമിറങ്ങി മനുഷ്യരുടെ ഇടയിലേക്ക,് അവര്‍ക്കു സേവനം ചെയ്യാനും അവരുടെ ഇടയില്‍ ക്രിസ്തുസുവിശേഷം അറിയിച്ചുകൊണ്ട് ജീവിക്കുവാനുള്ള തീരുമാനം എളിമയുടെ പര്യായവും ക്രിസ്തുവിന്റെ പാത പിന്തുട രുക എന്നതിന്റെ അതിയായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണവുമാണല്ലോ.
ഒരുപക്ഷെ ഇപ്പോള്‍ തിരു സഭയില്‍ ഏവരും പ്രതിപാദിക്കുന്ന ഒക്‌ടോ. 3 നു ഒപ്പു വച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "ഫ്രത്തെല്ലി തൂത്തി" എന്ന ചാക്രിക ലേഖനത്തി ന്റെ അന്തസത്തയും, ബിഷപ് ജോണ്‍ വടക്കേലിന്റെ ക്രിസ്തു സുവിശേഷത്തിലും ലാളിത്യത്തിലധിഷ്ഠിതവുമായ തീരുമാനവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ യോജിക്കുന്ന മേഖലകള്‍ ഏറെയുണ്ട്. ഇന്നത്തെ ലോകത്തു മനുഷ്യരുടെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളുമെല്ലാം നിരീക്ഷിച്ചുകൊണ്ട് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സമീപനമാണ് മാര്‍പാപ്പയുടെ ലേഖനത്തിന്റെ കാതല്‍. കത്തോലിക്കരോ ക്രിസ്തുമത വിശ്വാസികളോ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ സഹനങ്ങളോ മാത്രമല്ല, മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിര്‍ വരമ്പുകള്‍ക്കതീതമായി ലോ കത്തിലെ സകല ജനതകളും നേരിടുന്ന ചൂഷണങ്ങളും സഹനങ്ങളും ക്രിസ്തു സ്ഥാപിച്ച സഭയ്ക്കു കണ്ടില്ലെന്നു നടിക്കാനാവില്ല എന്നാണു ഈ ലേഖനത്തിലൂടെ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ബിഷപ് ജോണ്‍ വടക്കേലിന്റെ കാഴ്ചപ്പാടിലും നാം കാണുന്നത് ഇതില്‍നിന്നു വ്യത്യസ്തമായ കാര്യമല്ല. തന്റെ ആദ്യകാല മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളും പ്രയാസങ്ങളും ക്രിസ്തുവിനു വേണ്ടി സമര്‍പ്പിച്ചുകൊണ്ട് പ്രതിസന്ധികളില്‍ അടി പതറാതെ മുന്നേറിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍, ജാതിമതഭേദമില്ലാതെ തന്റെ ശുശ്രൂഷ ആവശ്യമുള്ള എല്ലാ മനുഷ്യരിലും പ്രത്യേകിച്ചു, പാവപ്പെട്ടവരുടെ വിദ്യാഭ്യാസം, ആതുരസേവനം, സ്വയം തൊഴില്‍ മുതലായ രംഗങ്ങളില്‍ കത്തോലിക്കര്‍ ഏറെയില്ലാത്ത സ്ഥലങ്ങളില്‍ പോലും തന്റെ കാരുണ്യപ്രവര്‍ത്തികളിലൂടെ ക്രിസ്തുസുവിശേഷം പ്രാവര്‍ത്തികമാക്കുകയാണ് അദ്ദേഹം.
തികച്ചും ലളിതമായി ജീവിക്കുക എന്നത് അദ്ദേഹം സ്വീകരിച്ച സമര്‍പ്പണമാണ്. ലാളിത്യത്തിനു പുറമെ അഭി നന്ദിക്കപ്പെടേണ്ട ഏതാനും സ്വഭാവഗുണങ്ങളും അദ്ദേഹത്തിന്റെ ജീവിതചര്യകളില്‍ കാണാം. ഒന്നാമത്, മെത്രാന്‍ പദവിയില്‍ നിന്നു വിരമിച്ചപ്പോള്‍ രൂപതയില്‍ നിന്നു ലഭിച്ച ഓഫറുകള്‍ പാടെ നിരസിച്ചുകൊണ്ട് ഒരു ചെറിയ മിഷന്‍ ഇടവകയിലേക്ക് തന്റെ ശിഷ്ടസേവനങ്ങള്‍ കേന്ദ്രീകരിച്ചത്. മറ്റൊന്ന് തന്റെ മെത്രാന്‍ ജീവിതത്തിലും നീണ്ട യാത്രകള്‍ നടത്തി വിശ്വാസികളെ നേരില്‍ കണ്ടുകൊണ്ട് സേവനം ചെയ്തത്. എല്ലാറ്റിലും ഉപരിയായി തന്നെ കാണുവാന്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ വരുമ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കുന്ന സമീപനത്തോടെ അവരെ സ്വാഗതം ചെയ്തിരുന്നത്. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും അധിഷ്ഠിതമായ ജീവിതം തുടര്‍ന്നും നയിക്കുവാന്‍ ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹം അദ്ദേഹത്തിനു ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
ചെറിയാന്‍കുഞ്ഞ്, നെടുംകുളത്ത്, തൃക്കാക്കര