ശതാബ്ദി ഓര്‍മ്മകളില്‍ ഒരുമ നിറയട്ടെ

ശതാബ്ദി ഓര്‍മ്മകളില്‍ ഒരുമ നിറയട്ടെ
  • ഡേവിസ് വിതയത്തില്‍, തൃപ്പൂണിത്തുറ

എറണാകുളം-അങ്കമാലി അതിരൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ശതാബ്ദി നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ വേണ്ടത്ര വിദ്യാഭ്യാസം, സമ്പത്ത്, സംസ്‌കാരം, വിജ്ഞാനം, പ്രായോഗിക അനുഭവസമ്പത്ത്, പാരമ്പര്യം എന്നിവയുടെ ആരാമത്തില്‍ ആര്‍ജവത്തോടെ മൊട്ടിട്ടു വളര്‍ന്ന ഒരു ദിവ്യമരമായി സുഗന്ധം പകര്‍ന്നു കൊണ്ടിരിക്കുന്ന ഈ വലിയ സഭയ്ക്ക് ക്ഷീണം സംഭവിച്ചത് വിചിത്രമായിരിക്കുന്നു. താല്‍ക്കാലികമായ വിഭിന്നാഭിപ്രായങ്ങളെ മാറ്റി നിര്‍ത്തി ദേവാലയങ്ങള്‍ എന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ ആലയമാണെന്ന് മനസ്സിലാക്കി, ഒരു ദിശ മറ്റൊരു ദിശ എന്നിങ്ങനെ സാംഗത്യം ഒട്ടുമില്ലാത്ത വിഷയങ്ങളില്‍ നമ്മുടെ കാര്യപ്രസക്തമായ സൗഭാഗ്യങ്ങള്‍ ഹോമിച്ചു കൊണ്ടിരിക്കുന്നു. പാപികളും പാവങ്ങളുമായ നമ്മള്‍ ജീവിതമൂല്യത്തിന് പ്രസക്തമായ വിലകൊടുത്തുകൊണ്ട് അവരവരുടേതായ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് ജീവിക്കുമ്പോള്‍ മൂല്യശോഷണം ആകെ നമ്മുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു. നാളിതുവരെ കെട്ടിപ്പടുത്ത ഒരു സഭയുടെ മൂല്യച്യുതി ഇനിയെങ്കിലും അനുവദിച്ചുകൂടാ! അതിന് സന്ദര്‍ഭോചിതമായിരിക്കണം ഈ ശതാബ്ദി ആഘോഷങ്ങള്‍. ഒരു പൊതുനന്മയ്ക്കുവേണ്ടി പരസ്പരം വിട്ടുകൊടുത്ത് ജീവിച്ചില്ലെങ്കില്‍ ''ഹാ കഷ്ടം!'' ഈ ആധുനിക ജീവിതത്തില്‍ നമ്മുടെ ജീവനും അര്‍ത്ഥശൂന്യമാകുന്നു. അതിനാല്‍ ചിന്തകളില്‍ മാറ്റം വരുത്തുക, പ്രവര്‍ത്തിക്കുക, മുന്നേറുക!! ഇത്തരുണത്തില്‍ ദിവസവും വിശുദ്ധ കുര്‍ബാന സമയത്ത് നമ്മുടെ കാതുകളില്‍ അലയടിക്കുന്ന ''ഇനിയൊരു ബലിയര്‍പ്പിക്കാന്‍ വരുമോ എന്നറിയില്ലാ'' എന്ന ആപ്തവാക്യത്തിന്റെ അന്തഃസത്ത സമൂലം നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനിച്ച് സൗന്ദര്യാത്മകമായ സാത്വികമാറ്റങ്ങള്‍ വരുത്തട്ടെ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും, ഈ നൂറ്റാണ്ടിന്റെ ആരംഭവും അനുഭവവേദ്യമായ നാമുള്‍പ്പെടുന്ന ഈ തലമുറയ്ക്ക് രണ്ടായിരമാണ്ടില്‍ പ്രതിജ്ഞയെടുത്ത് ''ദൈവത്തിന് സ്വീകാര്യമായ ഒരു ജനതയാകുക'' എന്ന നവ്യതത്വബോധത്തിന് അനുസ്യൂതമായി എത്രത്തോളം പുരോഗതി നേടി എന്നത് വളരെ പ്രാധാന്യത്തോടെ പരിശോധിക്കപ്പെടേണ്ട ഒന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org