ന്യൂനപക്ഷക്ഷേമവും ക്രൈസ്തവ സമൂഹവും

ന്യൂനപക്ഷക്ഷേമവും ക്രൈസ്തവ സമൂഹവും
Published on

എം.കെ. ജോര്‍ജ്

വിഷയത്തില്‍ ഫാ. പി.ടി. മാത്യു എടുത്ത നിലപാടുകളോട് പൊതുവെ യോജിച്ചു കൊണ്ടു തന്നെ രണ്ടു മൂന്ന് കാര്യങ്ങള്‍ എടുത്തുപറയട്ടെ.

എന്തുകൊണ്ട് ക്രൈസ്തവനേതൃത്വം യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ വൈകി. അല്ലെങ്കില്‍ പരാജയപ്പെട്ടു. ആരുടെയൊക്കെയോ പാട്ടിനും താളത്തിനുമൊത്തു ഡാന്‍സ് ചെയ്തു എന്നല്ലേ കരുതേണ്ടത്?

ചര്‍ച്ചയ്ക്കായി മൂന്നു കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

ഒന്ന്, കൃത്യമായ ഒരു സാമൂഹ്യവിശകലനം നടത്തുന്നതില്‍ സഭ ഭീമമായി പരാജയപ്പെട്ടു. മുഖ്യമായും കാര്യങ്ങളെ റീത്തുകളുടെ തലത്തിലും, ലിറ്റര്‍ജി തലത്തിലും, ഭക്തി തലത്തിലും, പിന്നെ അല്പം സമുദായ/വര്‍ഗീയ തലത്തിലും ആയി പോയില്ലേ നമ്മുടെ വിശകലനങ്ങള്‍?

ഭാരതം മുഴുവന്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് മാറിനിന്ന് സഭയുടേത് മാത്രമായ ഒരു അജണ്ട വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചില്ലേയെന്നു സംശയം തോന്നുന്നു. ഒരു ഉദാഹരണം. അഞ്ഞൂറോളം 'നേതാക്കന്മാര്‍' വലതുപക്ഷ തീവ്രവാദ പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ തയ്യാറായി എന്നത് സഭയെ ഭയപ്പെടുത്തിയില്ലേ. സ്വന്തം സഹോദരരെ കൊല്ലാനും കൊള്ളിവയ്ക്കാനും മടിക്കാത്ത ഒരു പാര്‍ട്ടിയിലൂടെ നീതിയും ന്യായവും വളര്‍ത്തി എടുക്കാമെന്നു ചിന്തിക്കുന്ന ഒരു ക്രൈസ്തവകൂട്ടം വല്ലാതെ ആശങ്കപ്പെടുത്തുന്നു.

രണ്ടാമതായി ഇസ്‌ലാം വിരുദ്ധനിലപാടുകള്‍. ഇസ്‌ലാമിക ത്രീവവാദത്തിന്റെ പേരിലും വല്ലാത്ത ഒരു ഇസ്‌ലാം വിരുദ്ധത സഭ വളര്‍ത്തിയെടുത്തു എന്ന് തോന്നിപ്പോകുന്നു. എല്ലാ ഇസ്‌ലാം വിശ്വാസികളും വിശുദ്ധരും നിര്‍ദോഷികളും ആണെന്നല്ല. പക്ഷെ ഭാഗ്യസ്മരണാര്‍ഹനായ അസ്‌കര്‍ അലി എഞ്ചിനീയറെയോ അദ്ദേഹത്തിന്റെ മകന്‍ ഇര്‍ഫാന്‍ എഞ്ചിനീയറെയോ, റാംപുണ്യനിയെ പോലെയുള്ളവരും അല്ലെങ്കില്‍ വെറും നിരീശ്വരവാദിയായ കെ.പി. ശശിപോലും എടുത്ത നിലപാടുകള്‍, ക്രിസ്തിയ പീഡനത്തിനെതിരെയും, ഒരു മത സംവാദാധിഷ്ഠിധമായ നിലപാടെടുക്കുവാന്‍ എന്തേ നാം മറന്നുപോയത്?

ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ സഭ ഒരു ഇസ്‌ലാം വിരുദ്ധ അജണ്ടയുടെ ഭാഗമാകണോ മറിച്ച്, വിമോചന സ്വഭാവമുള്ള മുസ്‌ലീം കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമോ?

മൂന്നാമതായി, വിമര്‍ശനാത്മകമായി ചിന്തിക്കുന്ന ഒരു അല്മായ സമൂഹം എന്തുമാത്രം ഈ ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും മുന്നോട്ടുവരുന്നുണ്ട്? അവരെ മുന്നോട്ടുവരാന്‍ തടയുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്? ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവയ്ക്കുന്ന സിനഡാലിറ്റി എന്ത് മാത്രം കേരളം സഭ ഉള്‍ക്കൊള്ളുന്നുണ്ട്?

ചുരുക്കത്തില്‍ ലേഖകന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ വിശദമായ, സംഘടിതമായ, പ്രാര്‍ത്ഥനാനിര്‍ഭരമായ, കൂട്ടായ, നിരന്തരമായ, ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറയുന്ന ഡിസെണ്‍മെന്റ് (discernment) അടിത്തറയിലുള്ള ഒരു അന്വേഷണത്തിന്റെ വിധേയമാകണം. സഭയും സമൂഹവും നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നങ്ങളുടെ ഒരു 'മഞ്ഞുമലയുടെ അഗ്രം' മാത്രമാണിത്, എന്ന് നാം തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org