സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍
''നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാവരെയും സമാനരാക്കാനും ഐകരൂപ്യം സൃഷ്ടിക്കാനുമുള്ള ഒരു ആഗോള പ്രവണതയുണ്ട്. ഇത് മനുഷ്യരാശിയെ നശിപ്പിക്കുന്നു. അതൊരു സാംസ്‌കാരിക കോളനിവല്‍ക്കരണമാണ്'' - ഫ്രാന്‍സിസ് മാര്‍പാപ്പ (മ്യാന്‍മര്‍ ആര്‍ച്ചുബിഷപ്പ് ഹൗസില്‍ മത നേതാക്കളുടെ യോഗത്തില്‍ പറഞ്ഞത് 28-11-2017).
ഉന്നതജാതിക്കാരായ നമ്പൂതിരിമാരുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് മക്കളോട് കാരണവര്‍മാര്‍ അഭിമാനപൂര്‍വം പറയുന്നത് നിരവധി സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ ഒരു കാഴ്ചയാണ്. ഈ മേലാളബോധം ലിറ്റര്‍ജി പ്രശ്‌നത്തില്‍ അബോധാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. (പാശ്ചാത്യലോകത്തോടുള്ള വെറുപ്പും പൗരസ്ത്യതയിലുള്ള അബദ്ധ ജടിലമായ അഭിമാനവും).
ഇതിന്റെ ഭാഗമായി കല്‍ദായബോധം വിശ്വാസികളില്‍ കുത്തിവയ്ക്കുകയും അറിഞ്ഞോ അറിയാതെയോ വിഭാഗീയത സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. യോജിക്കാത്തവരെ വിമതര്‍ എന്ന് വിളിക്കുകയും സഭ വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ശുദ്ധീകരണ പ്രക്രിയയുടെ ഒരു ഭാഗം എന്ന നിലയിലാണിത്. തീവ്രദേശീയവാദികളും ഇതുതന്നെയാണ് ചെയ്യുന്നത്. കല്‍ദായവല്‍ക്കരണത്തിലേക്കും മറ്റ് മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലേക്കുമുള്ള ആദ്യപടിയും കൗശലപൂര്‍ണ്ണമായ ഒരു നീക്കവുമായിട്ടാണ് കുര്‍ബാനയുടെ ഏകീകരണത്തെ എറണാകുളം-അങ്കമാലി അതിരൂപത കാണുന്നത്. (യു സി സി, സി എ എ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയവയ്ക്ക് പിന്നിലുള്ള ലക്ഷ്യവുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്).
ഇപ്പോഴും ദിവ്യബലി അര്‍പ്പണത്തില്‍ രൂപതകള്‍ക്കിടയില്‍ നിരവധി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് അള്‍ത്താര വിരി. ക്രൂശിതരൂപവും സക്രാരിയും പല പള്ളികളുടെയും കേന്ദ്ര സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നു. വൈകാരിക അനുഭവം നല്‍കുന്ന ക്രൂശിതരൂപം മാറ്റി മാര്‍ത്തോമാ കുരിശു വച്ചിരിക്കുന്നു. കല്‍ദായ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരാനുള്ള ഒരു നീക്കവും നടക്കുന്നുണ്ട്.
ലിറ്റര്‍ജിയില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന നടപ്പിലാക്കി. എറണാകുളം -അങ്കമാലി അതിരൂപത അതിനെ പിന്തുടര്‍ന്നു. അതില്‍ എന്താണ് തെറ്റ്? കല്‍ദായ ലോബി അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന കല്‍ദായ കത്തോലിക്കാസഭ ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നതിനുള്ള ഓപ്ഷന്‍ അനുവദിച്ചിരിക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ കാര്യം. അവരെല്ലാം കാലാനുസൃതമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. യേശു പറഞ്ഞു, സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
ജനാഭിമുഖകുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയുടെ തനിമയും അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അവരുടെ പ്രിയങ്കരനായ കാര്‍ഡിനല്‍ ജോസഫ് പാറക്കാട്ടില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചതാണ് ആ ദിവ്യബലി.
കഴിഞ്ഞ 60 വര്‍ഷമായി അവര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നു. രണ്ട് തലമുറകള്‍ കടന്നുപോയി. ഇപ്പോഴത്തെ തലമുറ അള്‍ത്താരാഭിമുഖ കുര്‍ബാന കണ്ടിട്ടില്ല. ലിറ്റര്‍ജി പ്രശ്‌നം എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശ്വാസികള്‍ക്കിടയില്‍ ഒരു സ്വത്വ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ ഒരു യൂടേണ്‍ എടുക്കേണ്ടതായി വന്നിരിക്കുന്നു. തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നതായി അവര്‍ക്ക് തോന്നുന്നു.
ആദ്യ ദിവ്യബലി അര്‍പ്പിക്കുന്നതിന് ഈശോ അത്താഴമേശയാണ് തിരഞ്ഞെടുത്തത്. തന്റെ രക്തവും മാംസവുമാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ അവിടുന്ന് വിളമ്പിയത്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ ബലിയെയും അപ്രകാരം മനുഷ്യരാശിയോടുള്ള തന്റെ സ്‌നേഹത്തെയും അതിലൂടെ അവിടുന്ന് ഓര്‍മ്മിപ്പിച്ചു. തന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിനെന്ന് അവിടുന്ന് കല്‍പ്പിക്കുകയും ചെയ്തു.
ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ പുരോഹിതന്‍ ഈശോയുടെ സ്ഥാനത്തും സമൂഹം ശിഷ്യരുടെ സ്ഥാനത്തുമാണ് നില്‍ക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് കാണാന്‍ ആകുന്നില്ലെങ്കില്‍ ദിവ്യബലിയില്‍ പങ്കെടുക്കാനോ അത് മനസ്സിലാക്കാനോ നമുക്ക് എങ്ങനെ സാധിക്കും? അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിലുള്ള ക്രിസ്തുവിന്റെ ശരീരവും രക്തവും സമൂഹത്തെ അഭിമുഖീകരിച്ച് അവരെ കാണിക്കുമ്പോള്‍ പുരോഹിതന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥം ലഭിക്കും.
ലിറ്റര്‍ജിപ്രശ്‌നം ഇതര മത സമൂഹങ്ങള്‍ക്കിടയില്‍ കത്തോലിക്ക സഭയുടെ ഖ്യാതിയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അത് ശത്രുത സൃഷ്ടിച്ചിരിക്കുന്നു, യുവാക്കള്‍ സഭ ഉപേക്ഷിക്കുന്നു. വൈദികരോടും മെത്രാന്മാരോടുമുള്ള ആദരവ് വളരെയധികം കുറഞ്ഞുപോയിരിക്കുന്നു. സാമൂഹ്യവിരുദ്ധ ശക്തികളും ചില മാധ്യമങ്ങളും സഭയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു.
ഫിഫ്റ്റി-ഫിഫ്റ്റി ഫോര്‍മുല കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ അടിച്ചേല്‍പ്പിക്കുന്നത് അവരെ അധിക്ഷേപിക്കുന്നതാകും. ആ മുറിവ് ഒരിക്കലും ഉണങ്ങുകയില്ല. ഭാവിയില്‍ മറ്റ് തര്‍ക്കങ്ങള്‍ക്കുള്ള ഒരു വിത്തായി അത് ഉറങ്ങിക്കിടക്കും. സഭയെ ആകെ അത് ബാധിക്കും. അനേകം വിശ്വാസികള്‍ സഭ വിട്ടുപോകും, അനേകര്‍ ആധ്യാത്മിക മരണം പ്രാപിക്കും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിഷേധത്തെ കലഹമായോ അനുസരണക്കേടായോ കാണാനാവില്ല. അത് അവരുടെ വേദനയുടെയും ഉത്ക്കണ്ഠയുടെയും പ്രകാശനമാണ്. ലിറ്റര്‍ജി പ്രശ്‌നത്തെ തുറന്ന മനസ്സോടെ സമീപിച്ചാല്‍ അതിനെ വിലയിരുത്താനോ മനസ്സിലാക്കാനോ ബുദ്ധിമുട്ടില്ല. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒരു സൗഖ്യസ്പര്‍ശം നല്‍കുക. ഒരു ആടു പോലും നഷ്ടപ്പെടാതിരിക്കട്ടെ. ഐക്യം ബലികഴിച്ചു കൊണ്ടല്ല ഐകരൂപ്യം ഉണ്ടാക്കേണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയെ ബലാല്‍ക്കാരമായി കിഴക്കോട്ടു തിരിച്ച് അവരെ വേദനിപ്പിക്കുന്നതു കൊണ്ട് എന്ത് ആത്മീയ നേട്ടമാണ് ഉണ്ടാകുന്നത്? ഒരു ബന്ധം ഒടിച്ചു കളയുന്നതിനേക്കാള്‍ നല്ലതാണ് അല്പം വളയുന്നത്.