മറയ്ക്കാനാവാത്ത നാണം

Published on

ഇ.വി. ജോസഫ്, തൃപ്പൂണിത്തുറ

ബഹു. തേലക്കാട്ടച്ചന്‍റെ 'ചിന്താജാലകം' എന്ന പംക്തി വളരെ സവിശേഷതയുള്ള ഒരു ലേഖനപരമ്പരയാണ്. നമ്മുടെ കണ്‍മുമ്പിലുള്ള സാധാരണമെന്നു തോന്നുന്ന കാര്യങ്ങളുടെയുള്ളില്‍ വലിയ സത്യങ്ങള്‍ നമ്മുടെ കാഴ്ചയില്‍പ്പെടാതെ കിടപ്പുണ്ട്. വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങളും ചിന്തകളും വഴി ഈ സത്യങ്ങള്‍ നമുക്കു വ്യക്തമാക്കി തരിക എന്ന പ്രബോധന ദൗത്യമാണ് ഈ ലേഖനങ്ങള്‍ വഴി അച്ചന്‍ നിര്‍വഹിക്കുന്നത്.
'മറയ്ക്കാനാവാത്ത നാണം' എന്ന ലേഖനം ഞാന്‍ വളരെ താത്പര്യത്തോടുകൂടി വായിച്ചു. നാണം എന്ന വികാരത്തിന്‍റെ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍, ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം നമുക്കു വിവരിച്ചു തരുന്നു. അദ്ദേഹത്തിന്‍റെ ലേഖനത്തിലെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പുകൂടി എഴുതുന്നു. ലേഖനത്തിന്‍റെ തുടക്കത്തില്‍ അച്ചന്‍ എഴുതിയിരിക്കുന്നു, "പ്രകൃതിയിലെ എല്ലാം നഗ്നമാണ്." അത് ശരിയാകണമെന്നില്ല. പ്രകൃതിയില്‍ നഗ്നത വളരെ കുറവാണ്. ഇല്ലെന്നുതന്നെ പറയാം; പ്രത്യേകിച്ചും പക്ഷി, മൃഗ, മത്സ്യങ്ങളില്‍.
കറുത്ത സില്‍ക്ക് പര്‍ദ്ദയിട്ട പെണ്ണിനെപ്പോലെയാണു കാക്ക നമ്മുടെ പരിസരത്തു വന്നിരുന്നു, കാ, കാ (കണ്ടോളൂ) എന്നു വിളിച്ചു പറയുന്നത്. കണ്ണും ചുണ്ടും പാദങ്ങളും മാത്രമേ മൂടാതായുള്ളൂ. കിളിയും മയിലും പകിട്ടാര്‍ന്ന പട്ടുകള്‍ ധരിച്ചപോലെ വിലസുന്നു. ആട് കട്ടിയുള്ള രോമക്കുപ്പായം ഇട്ടിരിക്കുന്നു.
ലേഖനത്തിന്‍റെ മൂല്യത്തെ കുറച്ചു കാണിക്കുന്നതിനല്ല ഇക്കാര്യം എഴുതിയിരിക്കുന്നത് – പ്രകൃതിയില്‍ നാണം ഇല്ല എന്നതു മാത്രമായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. നമ്മെ പഠിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും അവസരം നല്കുന്ന ഈ ലേഖനപരമ്പര തുടരണമെന്നു ബഹുമാനപ്പെട്ട അച്ചനോട് അപേക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org