മദ്യത്തെക്കുറിച്ച് ഒരു പ്രതികരണം

ജോസഫ് ഇഞ്ചിപ്പറമ്പില്‍, തൃപ്പൂണിത്തുറ

അഭിവന്ദ്യനായ അടപ്പൂരച്ചന്‍റെ മദ്യത്തെക്കുറിച്ചുള്ള ലേഖനവും തുടര്‍ന്നു വന്ന വിശദീകരണവും ഇതിനെപ്പറ്റി കത്തുകളില്‍കൂടി വന്ന പ്രതികരണങ്ങളും ശ്രദ്ധേയമായിരുന്നു. മനുഷ്യസമൂഹങ്ങളെ എല്ലാക്കാലത്തും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തി എന്ന ദുശ്ശീലത്തെപ്പറ്റിയുള്ള ആരോഗ്യകരമായ ഒരു ചര്‍ച്ചയാണു സത്യദീപം കാഴ്ചവച്ചത്.

രാഷ്ട്രീയവും വൈകാരികവുമായ സമീപനങ്ങളില്‍ നിന്നും മാറി മദ്യപാനത്തെപ്പറ്റി ബുദ്ധിപരമായ ഒരു വിചിന്തനമാണ് ബഹു. അടപ്പൂരച്ചന്‍ നല്കിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ യുഎസ്എയും മറ്റു ചില രാജ്യങ്ങളും നിയമം വഴി മദ്യനിരോധനം നടപ്പിലാക്കി. എല്ലായിടത്തും പരാജയപ്പെട്ടു; നിയമങ്ങള്‍ പിന്‍വലിച്ചു. മദ്യം ലഭ്യമല്ലാതാകുമ്പോള്‍ അതിന്‍റെ സ്ഥാനം നികത്തിക്കൊണ്ട് അതിലും വലിയ ഭീകരര്‍ (വ്യാജമദ്യം, വിഷമദ്യം, കഞ്ചാവ്, മയക്കുമരുന്നുകള്‍ മുതലായവ) മുന്നോട്ടുവരുന്നു. മദ്യനിരോധനത്തിനു പാഴ്ശ്രമം നടത്താതെ പരിമിതമായ അളവില്‍ മാത്രം മദ്യം കഴിക്കുന്നതിനുള്ള വിവേകം സമൂഹത്തില്‍ വളര്‍ത്തുന്നതിനു സഭയുടെ പ്രബോധനദൗത്യവും ശക്തിയും ഉപയോഗിക്കണമെന്നാണ് എന്‍റെ അപേക്ഷ. സഭയ്ക്കു മാത്രമല്ല ഇക്കാര്യത്തില്‍ ചുമതലയുള്ളത്. വിദ്യാഭ്യാസം, സംസ്കാരം, സിനിമ തുടങ്ങിയ എല്ലാ മാധ്യമങ്ങളും സഹകരിക്കേണ്ടതുണ്ട്.

സുവിശേഷങ്ങളില്‍ അമിത മദ്യപാനത്തെയാണ് അപലപിക്കുന്നത്. ബൈബിള്‍ കാലത്തെ യഹൂദസമൂഹത്തിന്‍റെ മദ്യത്തോടുള്ള സമീപനത്തെ മനസ്സിരുത്തിക്കൊണ്ടാണ് ബഹു. അടപ്പൂരച്ചന്‍, മദ്യത്തെ ബൈബിള്‍ അപലപിക്കുന്നില്ല എന്നു പറഞ്ഞിട്ടുള്ളത് എന്നാണ് എന്‍റെ നിഗമനം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org